വിവാദങ്ങളെ ഭയന്നു സിനിമ ഉപേക്ഷിച്ചിട്ടില്ല: ദിലീപ്, കാവ്യ

സിനിമയിൽ ദിലീപിനെക്കാൾ ആറുമാസത്തെ സീനിയോറിറ്റിയുണ്ട് കാവ്യ മാധവന്. കമലിന്റെ ‘പൂക്കാലം വരവായി’യിൽ കാവ്യ അഭിനയിക്കുമ്പോൾ ദിലീപ് സഹസംവിധായകന്റെ അപേക്ഷ സമർപ്പിച്ചു കാത്തുനിൽക്കുകയാണ്. (കാവ്യ അന്ന് ഒന്നാം ക്ലാസിൽ). ‘വിഷ്ണുലോക’ത്തിലാണ് ദിലീപ് ആദ്യം കമലിന്റെ സഹസംവിധായകനാകുന്നത്. 1991ൽ തുടങ്ങിയ ആ യാത്രയിൽ ദിലീപിനും കാവ്യയ്ക്കും സിനിമയിലെ ഇരുപത്തഞ്ചാം വർഷമാണ്. സിനിമയിൽ അൻപതുവർഷമാഘോഷിക്കുന്ന അടൂർഗോപാലകൃഷ്ണന്റെ സിനിമയിൽ ഇരുപത്തഞ്ചാം വർഷം ഇരുവരും നായികാനായകൻമാരാകുന്നു. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമയാണ്–പിന്നെയും.

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളാണു തങ്ങളെന്ന് ഇരുവരും അവകാശപ്പെടുന്നില്ല. പക്ഷേ, സിനിമക്കാർ എപ്പോഴും ഉപയോഗിക്കുന്ന പദമായ അഭിനയത്തിന്റെ ‘കെമിസ്‌ട്രി’ ഇരുവർക്കുമിടയിലുണ്ട്. ദോസ്‌ത് എന്ന ചിത്രത്തിൽ കാവ്യയുടെ സഹോദരവേഷം അണിഞ്ഞതൊഴിച്ചാൽ ബാക്കി മിക്ക സിനിമകളിലും കാമുകനോ ഭർത്താവോ ആയി സ്‌ക്രീനിൽ പ്രണയം പങ്കിട്ടവരാണ് ഇരുവരും. ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടി’ യുടെ പൂജയ്‌ക്കു കാവ്യയെ കണ്ടപ്പോൾ ലാൽ ജോസ് ദിലീപിനോടു പറഞ്ഞു: ഇവളെ നമുക്കു നായികയാക്കാം; നീ നായകനും. പടം ഞാൻ ചെയ്യാം. അന്നതൊരു തമാശയായാണ് ദിലീപിനു തോന്നിയത്. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ പക്ഷേ, മലയാളത്തിലെ പുതിയ താരജോടികൾ ഉദിച്ചു. പൊരുത്തങ്ങളുടെയും ചേർച്ചകളുടെയും അപൂർവമായ കഥ പറയാൻ ദിലീപും കാവ്യയും ഒന്നിച്ചിരുന്നു. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം സിനിമയിൽ കൈകോർക്കുന്ന ദിലീപും കാവ്യയും സംസാരിക്കുന്നു.

∙അടൂർ വിളിച്ചപ്പോൾ അമ്പരന്നോ?

ദിലീപ്: പഞ്ചാബി ഹൗസ് കഴി‍ഞ്ഞ സമയം. ഞാൻ തിരുവനന്തപുരത്ത് അടൂർ സാറിന്റെ വീട്ടിൽപോയി. സാർ ഞാൻ ദിലീപ്; നടനാണ്. സാർ എന്റെ സിനിമകൾ കണ്ടിട്ടുണ്ടോ എന്നറിയില്ല. എനിക്കു സാറിന്റെ സിനിമയിൽ അവസരം തരണം എന്നു രണ്ടുംകൽപിച്ചങ് പറഞ്ഞു. ഒരു സീനിലെങ്കിലും അഭിനയിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. സമയമാകുമ്പോൾ പറയാം എന്നു പറഞ്ഞാണ് സാറെന്നെ യാത്രയാക്കിയത്. പിന്നീട് സാറിന്റെ സിനിമകൾ പലതും വന്നപ്പോൾ നമ്മളെ മറന്നുവെന്നു തന്നെ ഞാൻ കരുതി.

അപ്പോഴാണ് വർഷങ്ങൾക്കിപ്പുറത്ത് ഈ വിളി. ‘തന്നെ ഒന്നു കാണണം. എന്റെ കഥാപാത്രമായ പുരുഷോത്തമൻ നായർക്കു ചേരുന്ന പ്രായമാണോ എന്നറിയണം’ എന്നു പറഞ്ഞു. ഞാൻ ഏതു കഥാപാത്രമായി ഇറങ്ങാനും കയറാനും തയാറാണെന്നു പറഞ്ഞ് സാറിനെ കണ്ടു. ഒരു സംവിധായകന്റെ വേറൊരു കാഴ്ചപ്പാടിലുള്ള ചിത്രമാണ് പിന്നെയും. ഇതിൽ ശക്തമായ പ്രണയമുണ്ട്. തീവ്രമായ പ്രണയമുണ്ടായാൽ മാത്രം വർക്ക് ഔട്ട് ആകുന്ന സീനുകളുണ്ട്. പ്രണയം വരുമ്പോൾ മോഹങ്ങളും അതിമോഹങ്ങളുമൊക്കെ വരും. അതൊക്കെ ഇതിലുണ്ട്. സിനിമയുടെ അറിയിപ്പ് വന്നപ്പോൾ എന്റെ കൂട്ടുകാർ പറഞ്ഞു. നിന്റെ ആഗ്രഹം സഫലമായല്ലോ, അടൂർഗോപാലകൃഷ്ണനും ആലുവ ഗോപാലകൃഷ്ണനും ഒന്നിച്ചല്ലോ...

കാവ്യ: അടൂർ സാറിന്റെ സിനിമയുടെ ലൊക്കേഷനിലേക്കു പോകുമ്പോഴാണ് ഞാൻ എന്റെ കഥാപാത്രത്തിന്റെ പേരറിഞ്ഞത് - ദേവി. ഒരു സ്കൂൾ ടീച്ചർ; ഭർത്താവും ഒരു കുട്ടിയുമുള്ള വീട്ടമ്മ. അതിനപ്പുറം ദേവിയെപ്പറ്റി ഒന്നുമറിയില്ല. അവളുടെ ചുറ്റുപാട്, ബന്ധുക്കൾ, ഇഷ്ടാനിഷ്ടങ്ങൾ, ഒന്നും. ചോദിക്കാനുള്ള ധൈര്യവുമില്ല. പക്ഷേ, ഞാൻ എക്സൈറ്റഡായിരുന്നു. അടൂർ സാറിന്റെ സിനിമയിൽ ഒരവസരം കൂടി. അഭിനയിച്ചുകൊണ്ടിരിക്കെയാണ് ദേവിയെപ്പറ്റി കൂടുതലറിഞ്ഞത്. കഥാപുരുഷനിൽ അഭിനയിക്കാൻ ഫോട്ടോ അയച്ചിട്ടു തിരഞ്ഞെടുക്കപ്പെടാതിരുന്നതിന്റെ സങ്കടം ഒരിക്കൽ അദ്ദേഹത്തോടു പറ‍ഞ്ഞിരുന്നു. ഒന്നു ചിരിച്ചെങ്കിലും കുറേക്കാലം കഴി‍ഞ്ഞായിരുന്നു മറുപടി; നാലു പെണ്ണുങ്ങളിൽ അഭിനയിക്കാൻ വിളിച്ചുകൊണ്ട്. പേടിയോടെയാണു ചെന്നത്. ഗൗരവക്കാരനെന്നു തോന്നിക്കുന്ന ആ വലിയ ചലച്ചിത്രകാരന്റെ വാൽസല്യം അടുത്തറിഞ്ഞതോടെ പേടി മാറി.

അന്നൊക്കെ ഞാൻ കരുതിയത് ഇനിയൊരു അടൂർ സിനിമയിൽ ഞാനുണ്ടാവില്ലെന്നാണ്. അടൂർ സാർ അടുത്ത സിനിമയെടുക്കുമ്പോഴേക്ക് ഞാൻ കല്യാണമൊക്കെക്കഴിച്ച് സിനിമ വിട്ടിട്ടുണ്ടാവുമെന്ന് അന്നു ലൊക്കേഷനിൽവച്ചു ഞാൻ പറയുകയും ചെയ്തു. ജീവിതം ചിലപ്പോൾ നമ്മുടെ നിശ്ചയങ്ങൾക്കപ്പുറത്തു ചിലതു ചെയ്തുകളയും.

∙ദിലീപിനെയും കാവ്യയെയും കഥാപാത്രങ്ങളായി കണ്ടെഴുതിയ സിനിമയാണോ ഇത് ?

ദിലീപ്: ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങളെയും മനസ്സിൽ കണ്ടാണ് എഴുതിയതെന്നു സാർ പറഞ്ഞിരുന്നു. പക്ഷേ, എന്നോടു സംസാരിക്കുമ്പോൾ കാവ്യയാണു ദേവിയുടെ കഥാപാത്രം ചെയ്യുന്നതെന്നു പറഞ്ഞിരുന്നില്ല. പിന്നീട് ചോദിച്ചു: ‘കാവ്യയെയാണ് ഞാൻ നായികയാക്കുന്നത്. കുഴപ്പമില്ലല്ലോ? നിങ്ങൾ കുറച്ചു നാളായില്ലേ ഒന്നിച്ചഭനിയച്ചിട്ട്...’


കാവ്യ: അടൂർ സാറിന്റെ മനസ്സിൽവന്ന കഥാപാത്രങ്ങൾക്കു ഞങ്ങളുടെ രൂപമായതുകൊണ്ടാകുമല്ലോ ഞങ്ങളെ രണ്ടുപേരെയും വിളിച്ചത്.

∙വിവാദങ്ങളെ ഭയന്ന് ഇരുവരും ഒരുമിച്ചുവരുന്ന നല്ല സിനിമകൾ വേണ്ടെന്നു വച്ചിട്ടുണ്ടോ?

ദിലീപ്, കാവ്യ: അങ്ങനെ വിവാദങ്ങളെ ഭയന്നു സിനിമ ഉപേക്ഷിച്ചിട്ടില്ല. പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ ജോടികളായതുകൊണ്ട് ഒരുഘട്ടം കഴിഞ്ഞപ്പോൾ കുറച്ചുകൂടി സിലക്ടീവാകാൻ ഞങ്ങൾ രണ്ടുപേരും ശ്രമിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പ്രേക്ഷകർ തന്ന വില ഞങ്ങൾതന്നെ കളയരുതല്ലോ. വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് ഒടുവിൽ ചെയ്ത ചിത്രം. ഇത് ഇരുപതാമത്തെ സിനിമയാണ്. വെള്ളരിപ്രാവ് ചെയ്തിട്ട് അഞ്ചുവർഷമായി.

∙നിങ്ങൾക്കിഷ്ടപ്പെട്ട താരജോടി ?

ദിലീപ്, കാവ്യ: ഷാറൂഖ്ഖാൻ–കജോൾ

∙ദിലീപിനു ചേരുമെന്നു കാവ്യ കരുതുന്ന മറ്റു നായികമാർ ആരൊക്കെയാണ് ?

കാവ്യ: നയൻതാരയും മീരാജാസ്മിനും

∙ദിലീപ്–കാവ്യ സിനിമകളിൽ ഇഷ്ടപ്പെട്ട നാലു സിനിമകൾ തിരഞ്ഞെടുത്താൽ?

ദിലീപ്: ഞങ്ങളുടെ ഇരുപതു സിനിമകളിൽ ഭൂരിപക്ഷവും കൊമേഴ്സ്യൽ വിജയം നേടിയതാണ്. വളരെ ഇഷ്ടപ്പെട്ടു ചെയ്ത ചിത്രങ്ങളുമാണ്. അങ്ങനെ നാലു ചിത്രമായി എനിക്കു തിരഞ്ഞെടുക്കാനാകില്ല.

കാവ്യ: ഏറെ ഇഷ്ടപ്പെട്ടു ചെയ്തതാണ് എല്ലാ സിനിമകളും. എങ്കിലും ഒരു പഴ്സനൽ ബെസ്റ്റ് എന്നു പറഞ്ഞാൽ അതു നാലു സിനിമയിൽ ഒതുങ്ങില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, തിളക്കം, ചക്കരമുത്ത്, മിഴിരണ്ടിലും, സദാനന്ദന്റെ സമയം... പിന്നെ ഇപ്പോൾ പിന്നെയും...