അതിജീവനത്തിന്റെ വഴിയിലും മംമ്ത തളർന്നില്ല

ദിലീപും മംമ്തയും

കാനഡയിലെ മോൺട്രിയോൾ വിമാനത്താവളത്തിൽ സിനിമാ ഷൂട്ടിങ്ങിനു ദിലീപും സംവിധായകൻ ഷാഫിയും സംഘവുമെല്ലാം ചെന്നിറങ്ങുമ്പോൾ സ്വീകരിക്കാനെത്തിയതു നടി മംമ്തയായിരുന്നു. ‘ലൊസാഞ്ചൽസ് അത്ര അടുത്തൊന്നുമല്ലാട്ടോ’ എന്നു പറഞ്ഞ് മംമ്ത ദിലീപിനു പൂക്കളുടെ ബൊക്കെ നൽകിയപ്പോൾ സംഘം യാത്രയുടെ ക്ഷീണം മറന്നു.

‘‘മംമ്തയുടെ മനസ്സ് നൃത്തം ചെയ്യുന്നതു ഞാൻ കണ്ണിൽ കണ്ടു. വീണ്ടും സിനിമയുടെ ലോകം, പഴയ കൂട്ടുകാർ...എല്ലാവരെയും കണ്ടതിന്റെ ആഹ്ലാദം. ഒരു വർഷത്തിനുശേഷമായിരുന്നു ഞാൻ മംമ്തയെ കാണുന്നത്. ചികിൽസയുമായി ബന്ധപ്പെട്ടു മംമ്ത ലൊസാഞ്ചൽസിലേക്കു പോയതിനുശേഷം ഫോണിൽ മാത്രമായിരുന്നു ബന്ധം. ഇപ്പോഴിതാ മുന്നിൽ പഴയ മംമ്ത.

‘മൈ ബോസി’ലെ അതേ പ്രിയ. കണ്ണിൽ അതേ പ്രസരിപ്പ്. താരങ്ങളെ ലോകാത്ഭുതവുമായി ബന്ധപ്പെടുത്തിയാൽ ഞാൻ അതിൽ രണ്ടുപേരെ ചേർക്കും – ഇന്നസെന്റുചേട്ടനെയും മംമ്തയെയും.’’ – ക്രിസ്മസ് ആഘോഷത്തിനായി ഒരുങ്ങിയ കൊച്ചിയിലെ ഹോട്ടൽ ലോബിയിലിരുന്ന് ദിലീപും മംമ്തയും സൗഹൃദത്തിന്റെ കഥ പറഞ്ഞു ചിരിച്ചു. പുറത്ത് ക്രിസ്മസിന്റെ തണുപ്പിനെ തോൽപിച്ച് അപ്രതീക്ഷിതമായി എത്തിയ മഴ നിറഞ്ഞുപെയ്യുന്നു.

ഒന്നിച്ച് നാലു സിനിമകൾ

നാലു സിനിമയിലേ ഒന്നിച്ച് അഭിനയിച്ചുള്ളുവെങ്കിലും മലയാളികളുടെ ഇഷ്ടതാരജോടികളാണു ദിലീപും മംമ്തയും. ‘പാസഞ്ചർ’ ആയിരുന്നു ഇരുവരുടെയും ആദ്യചിത്രം. ‘മൈ ബോസ്’ ചിരിയുടെ തരംഗമായപ്പോൾ ആ ജോടി ദൃഢമായി. ശ്യാമപ്രസാദിന്റെ ‘അരികെ’യിലും ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ ഷാഫിയുടെ ‘ടു കൺട്രീസി’ൽ മറ്റൊരു ദിലീപ് – മംമ്ത പോരാട്ടം. ‘‘ദിലീപേട്ടനൊപ്പം കോമഡി ചെയ്തപ്പോഴാണ് അന്തംവിട്ടുപോയത്. ഒരു നടനാകാൻ നിങ്ങൾ പല ത്യാഗങ്ങളും ചെയ്യണം. സൗണ്ട് തോമയും വിമൽകുമാറുമൊക്കെയാകാൻ എത്രപേർക്കു കഴിയും? മലയാള സിനിമയിലെ റോബിൻ വില്യംസാണു ദിലീപേട്ടൻ എന്നു ഞാൻ എവിടെയും പറയും. മൈ ബോസിൽ ഞാൻ ദിലീപേട്ടന് ഒരു കിക്ക് കൊടുക്കുന്ന സീനുണ്ട്. അതു കണ്ട പലരും ചോദിച്ചു, അതു ശരിക്കും കൊടുത്തതാണോയെന്ന്. സത്യത്തിൽ സിനിമയിൽ അഭിനയിച്ച അബു സലിമിന്റെ അടുത്തു നല്ല പ്രാക്ടീസ് ചെയ്താണ് അങ്ങനെയൊരു കിക്കെടുത്തത്.’’ – മംമ്തയുടെ ചിരി വീണ്ടും.

സമാനദുഃഖങ്ങൾ

ജീവിതയാത്രയിൽ പലപ്പോഴും സമാനമായ ദുഖങ്ങൾക്കു നടുവിലൂടെ യാത്ര ചെയ്തവരാണു മംമ്തയും ദിലീപും. ഇരുവരും സ്നേഹിച്ചു വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തവരാണ്. മംമ്തയാകട്ടെ, കരിയറിന്റെ തിളക്കങ്ങളുടെ നടുവിൽ പെട്ടെന്നു രോഗത്തിന്റെ പിടിയിൽപ്പെട്ട് ഒന്നുലഞ്ഞുപോയതാണ്. ജീവിതമൊരു പുൽമേടല്ലെന്നു ബോധ്യപ്പെട്ട നാളുകൾ. അതിജീവനത്തിന്റെ വഴിയിലും പക്ഷേ, മംമ്ത തളർന്നില്ല.

‘‘സിനിമ ചെയ്യുമ്പോൾ ഞാൻ എല്ലാം മറക്കും. നമ്മുടെ ജോലിയെ മറ്റുള്ളവർ പ്രശംസിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും ആഹ്ലാദവുമുണ്ടല്ലോ, അതിനു പകരംവയ്ക്കാൻ മറ്റെന്തുണ്ട്? ദിലീപേട്ടനെ കാണുമ്പോൾ ഞാനോർക്കുന്നത് ഞങ്ങൾ ഒരേ വഞ്ചിയിലെ യാത്രക്കാരാണല്ലോ എന്നാണ്. അത്തരം ഒരു വ്യക്തി പകരുന്ന ആശ്വാസം വളരെ വലുതായിരിക്കും. കാൻസർ മാനസികമായി തളർത്തിയവരെ കരുത്തു നൽകി ജീവിതത്തിലേക്കു കൊണ്ടുവരാനാണ് എന്റെ ശ്രമം. സ്വസ്തി ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഭാഗമായി ഞാനിപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ആർസിസിയിലെ ഒരുസംഘം അർപ്പണമനോഭാവമുള്ള ഡോക്ടർമാരാണ് ഇതിനു പിന്നിൽ. ബ്രസ്റ്റ് കാൻസർ കണ്ടെത്താനുള്ള ക്യാംപുകൾ നടത്തുക, സൗജന്യമായി ചികിൽസാ സഹായം നൽകുക തുടങ്ങിയ പല പദ്ധതികളുമുണ്ട് ഞങ്ങൾക്ക്.’’ – മംമ്ത പറഞ്ഞു.

മംമ്ത പ്രചോദനം

‘‘മംമ്ത പ്രതിസന്ധികളെ മറികടന്ന രീതി – നമുക്കൊക്കെ അതൊരു പാഠമാണ്. നമ്മൾ നടുവേദനയും തലവേദനയുമെന്നൊക്കെപ്പറഞ്ഞു വിശ്രമമെടുക്കുമ്പോൾ ഞാൻ മംമ്തയെക്കുറിച്ചാണ് ഓർക്കാറ്. അതോടെ എല്ലാം പമ്പകടക്കും. ഷാഫി പുതിയ സിനിമയുടെ കഥ പറയുമ്പോൾ മംമ്തയല്ലാതെ മറ്റൊരു പേരും മുന്നിലില്ലായിരുന്നു. ഞാൻതന്നെയാണു മംമ്തയെ വിളിച്ചത്.’’ – ദിലീപ് പറയുന്നു. ‘‘നാട്ടിലേക്ക് ഒരു ലോങ് ഷെഡ്യൂളിനു വരുന്നതെങ്ങനെയെന്നായിരുന്നു മംമ്തയുടെ മറുചോദ്യം. വിദേശത്തെങ്ങാനും ലൊക്കേഷനുണ്ടോയെന്ന ചോദ്യംകൂടി മാനിച്ചാണ് കാനഡയിൽ ലൊക്കേഷനാക്കിയത്. പക്ഷേ, ലൊസാഞ്ചൽസ് അപ്പോഴും ഏറെ അകലെയായിരുന്നു. പക്ഷേ, ഞങ്ങൾക്കൊപ്പം ചേരാൻ അതൊന്നും തടസ്സമായില്ല, അല്ലേ മമ്മൂസ്?’’ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമെന്നില്ലല്ലോ. മംമ്ത ഉത്തരത്തെക്കാൾ ഉയരെ അപ്പോഴും ചിരിച്ചു.