ഈ വർഷത്തെ യാത്ര ചാർലിയിൽ സഫലമായി: ദുൽഖർ

2015 എനിക്കു നല്ല വർഷമായിരുന്നു. മൂന്നു റിലീസുകൾ. മൂന്നും എനിക്കു പ്രിയപ്പെട്ട സിനിമകൾ. എന്റെ ബാല്യകാല സുഹൃത്ത് ജെനുസുമൊത്ത് 100 ഡേയ്സ് ഓഫ് ലവ്. മണിസാറിന്റെ (മണിരത്നം) വിളി. മനസ്സിൽ കൺമണിപോലെ സൂക്ഷിക്കാനായി ഒരു ചിത്രം. എന്റെ മൊബൈലുകൾ നിറയെ ഇപ്പോൾ ചാർലിക്കുള്ള അഭിനന്ദനങ്ങളാണ്. ഈ വർഷത്തെ യാത്ര ചാർലിയിൽ സഫലമായി അവസാനിക്കുന്നു.

മാർട്ടിനും ഉണ്ണിച്ചേട്ടനുമൊപ്പം ഏറെ അഭിനന്ദനം നേടിത്തരുന്നു ചാർലി എനിക്കും. ആളുകളുടെ സ്നേഹം അനുഭവിക്കുക എന്നത് വല്ലാത്തൊരു അനുഭൂതിയാണ്. നമ്മുടെ തൊഴിലിന്റെ ഏറ്റവും വലിയ സംതൃപ്തിയാണ് ഈ സ്നേഹം. ഇപ്പോൾ രാജീവേട്ടന്റെ (രാജീവ് രവി) സിനിമ തുടങ്ങിവച്ചു. സമീറിക്കയുടെ സിനിമ പൂർത്തിയായി. അടുത്തവർഷം പ്രതീക്ഷിക്കാൻ ഇൗവർഷം ചിലതു ബാക്കിവയ്ക്കണമല്ലോ. സിനിമയ്ക്കു മാത്രമല്ല കുടുംബത്തിനൊപ്പവും സമയം മാറ്റിവയ്ക്കാൻ കഴിഞ്ഞു. നല്ല ചില യാത്രകൾ നടത്തി.

മണിരത്നം പറഞ്ഞത്

നിന്റെ വ്യക്തിത്വം നിലനിർത്തണമെന്നാണു മണിസാർ എനിക്കു നൽകിയ ഏറ്റവും വലിയ ഉപദേശം. ‘നിനക്ക് വ്യക്തിജീവിതത്തിലും സിനിമാഭിനയത്തിലും നിന്റേതായ ശൈലിയുണ്ട്. അതു വളരെ പ്രത്യേകതയുള്ളതാണ്. അതു കാത്തു സൂക്ഷിക്കുന്നതിലാണ് നിന്റെ കരുത്ത്.’

പുതുവൽസരാഘോഷം

കോളജ് ജീവിതത്തിന്റെ തുടക്കത്തിൽ ഏതാനും വർഷങ്ങളൊഴിച്ചാൽ പുതുവൽസരം കൂടുതലും വീട്ടുകാർക്കൊപ്പമായിരുന്നു. എവിടെയായാലും ഒന്നിച്ചാകുക എന്നു മാത്രമേ ആലോചിച്ചിരുന്നുള്ളൂ. പുതുവൽസരാഘോഷം കുറെനാളായി ഒരു സിനിമ കണ്ടുകൊണ്ടാണ്. ഇക്കുറിയും അതിനു മാറ്റമുണ്ടാകില്ല.

പ്രതീക്ഷ

നല്ല സിനിമകൾ ചെയ്യുക. സ്നേഹിക്കുന്നവും ലഭിക്കുക. അത്തരം ചെറിയ ആഗ്രഹങ്ങളേയുള്ളൂ.

പ്രതിജ്ഞ

ഇതെഴുതുമ്പോൾ ആശുപത്രിയിലാണ്. ചെറിയൊരു പനി. ആരോഗ്യം വീണ്ടെടുക്കണം. ഫിറ്റ്നസ് ലെവൽ കുറച്ചുകൂടി ഉയർത്തണം.

സ്വന്തമാക്കിയ കാർ

കോളജിൽ പഠിക്കുമ്പോൾ ബിഎംഡബ്ല്യുവിന്റെ എം കാറുകളോടായിരുന്നു ആരാധന. കോളജ് പഠനകാലത്ത് സ്വന്തമാക്കാൻ മോഹിച്ച കാർ ബിഎംഡബ്ല്യു എം ത്രീ ആണ്. 2013 ൽ നീലാകാശം പച്ചക്കടൽ ചിത്രീകരിക്കുമ്പോൾ എന്റെ സ്വപ്നങ്ങളിലെ ആ കാർ മുംബൈ സ്വദേശിയുടെ ശേഖരത്തിൽ കണ്ടെത്തി. 2002 മോഡൽ ഇ 46 ബിഎംഡബ്ല്യു എം 3– അതും സിക്സ് സ്പീഡ് മാനുവൽ ഗിയർബോക്സോടെ. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് എന്റെ ബേബി...

ബോയിഷ് ലുക്ക്

ബോയിഷ് ലുക്ക് ഉണ്ടെങ്കിൽ അതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ട കാര്യമുണ്ടോ? ഒരിക്കലുമില്ല. ഞാൻ എത്രമാത്രം മെച്വർ ആണെന്ന് എനിക്കറിയാം. ഒരു പ്രായം വരെ ഇങ്ങനെ ചിലർ പറയുമായിരിക്കും. ആ പ്രായം വരെയല്ലേ എനിക്ക് അത്തരം വേഷങ്ങൾ ചെയ്യാൻ കഴിയൂ. കുറച്ചുകൂടി മുതിർന്ന കഥാപാത്രങ്ങൾ ഞാൻ ചെയ്യുന്നുണ്ട്. അതൊന്നും എന്റെ ഇമേജ് പൊളിക്കാനോ എന്തെങ്കിലും തെളിയിക്കാനോ അല്ല. ഒരു സംവിധായകൻ നമ്മളെ വിസ്മയിപ്പിച്ചാൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ മനസ്സ് വെമ്പും. അതാണ് പ്രധാനം. ലുക്കല്ല.

എന്റെ മലയാളം

തിരക്കഥകൾ കേട്ടിരുന്ന ഞാനിപ്പോൾ തിരക്കഥകൾ വായിച്ചു തുടങ്ങി. എന്റെ മലയാളം എന്നെ കൈപിടിച്ചു നടത്തുന്നു. വൈകാതെ മലയാളത്തിലെ മികച്ചകൃതികൾ വായിക്കാനാകും. മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള പല വിവർത്തനങ്ങളും വായിക്കാറുണ്ട്.