ഞാൻ ഇനിയും സംവിധാനം ചെയ്യും

ബാലചന്ദ്രമേനോൻ

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്ന് ഒരുമിച്ച് ഒരു മലയാള സിനിമയുടെ ടൈറ്റിൽ കാർഡിൽ കണ്ടാൽ പേരു വായിക്കാതെ തന്നെ പ്രേക്ഷകരുടെ മനസിൽ തെളിയും; ബാലചന്ദ്രമേനോൻ. ആ ചിത്രത്തിലെ നായകനാരെന്ന കാര്യത്തിലും സംശയമുണ്ടാവില്ല. മലയാള സിനിമയിലെ ലക്ഷണമൊത്ത ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതം മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. 36 വർഷങ്ങൾ, 36 സിനിമകൾ. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നായക വേഷവും ഒരാൾ തന്നെ നിർവഹിച്ച ഇത്രയേറെ സിനിമകളുടെ ക്രെഡിറ്റ് അവകാശപ്പെടാനാവുന്ന മറ്റൊരാളില്ല എന്നതാണു ബാലചന്ദ്രമേനോന്റെ അസാധാരണ ക്രെഡിറ്റ്.

ഈ സിനിമകളിലേറേയും കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഹിറ്റുകളായിരുന്നു എന്നതും ഈ അപൂർവ നേട്ടത്തിനു മാറ്റാവുന്നു. 2008–ൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയ്ക്കു ശേഷം ഏഴു വർഷത്തെ ഇടവേള. ന്യൂ ജനറേഷൻ സിനിമക്കാലത്ത് ഇനി ഒരു ബാലചന്ദ്രമേനോൻ സിനിമ സംഭവിക്കില്ലെന്നു കരുതിയവർ ഏറെ. അവർക്കുള്ള മറുപടിയായി കൂടി ഒരു സിനിമ എടുക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ പേരു തന്നെ മേനോൻ ആത്മാംശമുള്ള ഒരു പ്രഖ്യാപനമാക്കി; ‘ഞാൻ സംവിധാനം ചെയ്യും’. തിയറ്ററിൽ നിന്നു വലിയ സാമ്പത്തികലാഭമൊന്നും ഉണ്ടാക്കാതെ പിൻവാങ്ങേണ്ടി വന്ന ആ സിനിമ ബാലചന്ദ്രമേനോൻ എന്ന ഹിറ്റ് ഫിലിം മേക്കർക്കു നൽകുന്ന പാഠമെന്താണ്? പാളിച്ച സംഭവിച്ചതെവിടെ? ബാലചന്ദ്രമേനോൻ സംസാരിക്കുന്നു.

∙ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമയ്ക്കു സംഭവിച്ചതെന്താണ്?

ആ സിനിമയുടെ കാര്യത്തിൽ എനിക്കൊരു പശ്ചാത്താപവുമില്ല. ഞാൻ ആഗ്രഹിച്ച പോലെ തന്നെയാണ് ആ സിനിമ എടുത്തിരിക്കുന്നത്. എന്നു മാത്രമല്ല, എന്റെ ഇതുവരെയുള്ള സിനിമകളിൽ സിനിമ കണ്ടവർ ഇത്രയേറെ ആവേശത്തോടെ എന്നെ വിളിച്ചു നല്ല അഭിപ്രായം പറഞ്ഞ സിനിമയും ഇതാണ്. എല്ലാ സെന്ററുകളിലും തിയറ്ററുകാരുടെ സഹകരണവും ഉണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക വിജയം നേടാനായില്ല എന്നതു ശരിയാണ്. പിഴവു സംഭവിച്ചത് മാർക്കറ്റിങ്-പ്രമോഷൻ സൈഡിലാണ്. സത്യം പറഞ്ഞാൽ ഈ സിനിമ റിലീസ് ചെയ്തു എന്നറിയാത്ത ഏറെപ്പേരുണ്ട്. പിന്നെ സിനിമാ സംവിധാനത്തിൽ നിന്നു ഞാൻ വിട്ടുനിന്ന ശേഷം കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടെ സിനിമയിലും ഒരു ഡിജിറ്റൽ വിപ്ലവം സംഭവിച്ചിട്ടുണ്ട്. ഓൺലൈൻ പ്രമോഷന്റെ കാര്യത്തിലാണ് ഏറെ വീഴ്ച സംഭവിച്ചത്. അത് ഇപ്പോൾ ഏറെ പ്രാധാനമാണ്.

∙ കാലത്തിനനുസരിച്ചുള്ള ഒരു സിനിമ ആയില്ലെന്നു തോന്നുന്നുണ്ടോ?

ഇപ്പോൾ തിയറ്ററിൽ എത്തുന്ന പ്രേക്ഷകരെ മുന്നിൽ കാണുന്നതിൽ ഒരു പാളിച്ച സംഭവിച്ചിട്ടുണ്ട് എന്നു സമ്മതിക്കുന്നു. എന്റെ സിനിമകളുടെ പ്രേക്ഷകർ എന്നും കുടുംബങ്ങളാണ്. ഒരു ഫാമിലി ഫിലിം മേക്കർ എന്നറിയപ്പെടാനാണ് എനിക്കിഷ്ടവും. പൈങ്കിളിക്കഥകൾ സിനിമയിൽ പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. പക്ഷേ, ഏപ്രിൽ 18 അടക്കമുള്ള സിനിമകൾ കണ്ടു ഹിറ്റാക്കിയ പ്രേക്ഷകർ ഇന്നു വാർധക്യത്തിലെത്തിയിരിക്കുന്നു. അവരുടെ കൊച്ചു മക്കളൊക്കെയാണ് ഇന്ന് ആദ്യം തിയറ്ററിലെത്തുന്നത്. അവരുടെ അഭിപ്രായം സോഷ്യൽ മീഡിയകളിലൂടെ വേഗം വ്യാപിക്കും. അഭിപ്രായം കേട്ട ശേഷമേ കുടുംബ പ്രേക്ഷകർ തിയറ്ററിലെത്തുകയുള്ളൂ. വിഭിന്ന തലങ്ങളിലുള്ള പ്രേക്ഷകരാണ് ഇന്ന്. അവിടെയാണ് ഈ സിനിമയ്ക്കു സംഭവിച്ച പിഴവെന്നു ഞാൻ മനസിലാക്കുന്നു. ചെറുപ്പക്കാർക്കു കൂടി സ്വീകാര്യമായ ഒരു സിനിമയ്ക്കു മാത്രമേ തിയറ്ററിലും വിജയം കാണാനാവൂ. അടുത്ത എന്റെ സിനിമ തീർച്ചയായും അത്തരത്തിലുള്ള ഒന്നാകും.

പക്ഷേ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന സിനിമ ടിവിയിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ അത് ഏപ്രിൽ 18നെക്കാൾ സ്വീകരിക്കപ്പെടും എന്നെനിക്കുറപ്പുണ്ട്. കാരണം ഇതും ഒരു ഫാമിലി ചിത്രമാണ്. എനിക്ക് എന്നും കരുത്തായ ആ ഫാമിലി ഓഡിയൻസ് തിയറ്ററിലെത്തിയില്ല എന്നതാണു പ്രശ്നമായത്. അവരിൽ എനിക്കു പൂർണ വിശ്വാസമുണ്ട്. എന്റെ സിനിമക്കായി ക്ഷമയോടെ കാത്തിരുന്ന നിർമാതാവ് കെ.പി.ആർ. നായർ മുതൽ അഭിനേതാക്കൾ വരെയുള്ളവരുടെ പൂർണ സഹകരണവും വിശ്വാസവും എടുത്തു പറയേണ്ടതാണ്.

∙ സിനിമക്കെതിരായ വിമർശനങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചല്ലോ?

സിനിമാ നിരൂപണമല്ല, വ്യക്തിപരമായ അധിക്ഷേപമാണ് ഓൺലൈൻ റിവ്യുവായിട്ടും മറ്റും വരുന്നത്. സെൻസർ ബോർഡിനേയും സിനിമ അവാർഡ് ജൂറിയേയുമെല്ലാം വിമർശിക്കുന്ന ഭാഗമുണ്ടായിട്ടു പോലും ബോർഡിന്റെ കത്രിക വീഴാത്ത ഒരു സിനിമായാണിത്. ഇതിൽ ഒരിടത്തും ബീപ് ശബ്ദം ഉപയോഗിക്കേണ്ടിയും വന്നിട്ടില്ല. ഇത് എന്റെ അദ്യ സിനിമയോ അവസാന സിനിമയോ അല്ല. വിമർശനങ്ങൾ കേട്ടു തളരുന്ന ഭീരുവുമല്ല. ഇതിലും വലിയ പ്രതിസന്ധികൾ നേരിട്ടു തന്നെയാണു സിനിമയിൽ ഇത്രയും കാലം നിലനിന്നത്. അതിനാൽ വിമർശകരോടു തർക്കിക്കാൻ ഞാനില്ല. അതിനാൽ വീഴ്ചകൾ മനസിലാക്കി ഇനിയും സിനിമ ചെയ്യും. പുതിയ സിനിമയ്ക്കായുള്ള കരാർ ആയി. അതിന്റെ പണിപ്പുരയിലാണിപ്പോൾ.

∙ എന്തുകൊണ്ടാണു മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യാനോ മറ്റൊരാൾക്കു വേണ്ടി തിരക്കഥ എഴുതുകയോ ചെയ്യാത്തത്?

അങ്ങനെ ചെയ്യില്ലെന്ന് ഒരു വാശിയും ഇല്ല. പിന്നെ കഥയും തിരക്കഥയും ഒരുക്കി ഒരു സിനിമ ചെയ്യുമ്പോൾ അതു മനസിൽ ആഗ്രഹിക്കുന്ന പോലെ തന്നെയുണ്ടാവും. ആ കംഫർട്ട് ഫീൽ ഉണ്ടെന്നതു ശരിയാണ്. ജോഷിയും കെ. മധുവും പ്രിയദർശനും ബി. ഉണ്ണികൃഷ്ണനുമെല്ലാം പലപ്പോഴും നമുക്ക് ഒരുമിച്ചൊരു സിനിമ ചെയ്യണമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും എന്തുകൊണ്ടൊക്കെയോ മുന്നോട്ടു പോയില്ല. ഇനിയും അങ്ങനെയൊരു അവസരം വന്നാൽ എനിക്കു പൂർണ മനസാണ്.

∙ മറ്റുള്ള സിനിമകൾ കാണാറുണ്ടോ? ന്യൂ ജനറേഷൻ സിനിമകളെ എങ്ങനെ കാണുന്നു?

ഒട്ടുമിക്ക സിനിമകളും കാണാറുണ്ട്. ഒരു സാധാരണ പ്രേക്ഷകനാണു ഞാനും. അതുകൊണ്ടു തന്നെ ജനപ്രിയ സിനിമകൾ എന്റെയും ഇഷ്ട ചിത്രങ്ങളാണ്. ബാംഗ്ലൂർ ഡേയ്സും 1983 ഉം പികെയുമെല്ലാം അടുത്ത കാലത്ത് ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ്. ഓരോ സിനിമയിലും ഓരോ ഘടകങ്ങളാവും കൂടുതൽ ഇഷ്ടമാവുക. ഓരോ സിനിമയിലേയും വിജയഘടകങ്ങളാണ് ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കുക. അതിനെക്കുറിച്ചു ഫെയ്സ്ബുക്കിൽ എഴുതാറുമുണ്ട്. പ്രേമം എന്ന സിനിമയെക്കുറിച്ചെഴുതിയ പോസ്റ്റ് അഞ്ചു ലക്ഷത്തോളം പേരാണു വായിച്ചത്. പതിനയ്യായിരത്തോളം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.