Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയിൽ വ്യത്യസ്തത എവിടെ: ഉര്‍വശി

കിട്ടുന്ന വേഷം എന്തു തന്നെയായാലും അത് മികച്ചതാക്കുക എന്നുള്ളതാണ് നല്ല നടിയുടെ ലക്ഷണം. ഉർവ്വശിയെന്ന നടിയെ ലക്ഷണമൊത്തതാക്കുന്നതും ഈ നടനവൈഭവം തന്നെ. ഏത് വേഷമായാലും ഉർവ്വശിയുടെ കൈകളിൽ അത് ഭദ്രമാണെന്ന് സംവിധായകർക്ക് ഉറപ്പിക്കാം. നിരവധി സിനിമകളിൽ നമ്മൾ ഇത് കണ്ടതുമാണ്.

ഉത്തമവില്ലനിൽ കമൽഹാസന്റെ നായികയായി എത്തി ഒരിക്കൽക്കൂടി ഉർവ്വശി തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. എന്നാൽ വിജയത്തിളക്കത്തോടൊപ്പം വിവാദങ്ങളും ഉർവ്വശിയെ വിടാതെ പിടികൂടിയിരിക്കുകയാണ്. വിജയത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചുമെല്ലാം ഉർവ്വശി മനസ്സു തുറക്കുന്നു.

വീണ്ടും കമൽഹസനോടൊപ്പം തമിഴിൽ. അതിനെക്കുറിച്ച്?

കമൽ സാറിന്റെ സെറ്റ് എനിക്ക് അപരിചിതമല്ലല്ലോ. ഇതിനു മുമ്പും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്തിട്ടുണ്ട്. പിന്നെ ഇത്തവണ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയിച്ചത്. ആ പ്രത്യേകതയുണ്ട്.

ഉത്തമവില്ലനിലെ വരലക്ഷ്മി അൽപ്പം ഒരു വില്ലത്തിയാണല്ലോ?

കമൽഹാസന്റെ നായികയായിട്ടുള്ള മറ്റു കഥാപാത്രങ്ങളിൽ അൽപ്പം കോമഡിയുടെ അംശം ഉണ്ടായിട്ടുണ്ട്. എന്നാൽ വീണ്ടും ഒന്നിക്കുമ്പോൾ അതിൽ നിന്നൊരു മാറ്റം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് വരലക്ഷ്മി അൽപ്പം വില്ലത്തിയായത്. പ്രേക്ഷകർ അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു വില്ലത്തരവും കുശുമ്പുമുള്ള ആ ഭാര്യാവേഷം ഞാൻ നന്നായി ആസ്വദിച്ചാണ് ചെയ്തത്. പക്ഷെ ഇതുവരെ എനിക്ക് സിനിമ കാണാൻ സാധിച്ചിട്ടില്ല. കണ്ടവരെല്ലാം നന്നായിട്ടുണ്ടെന്ന് വിളിച്ചു പറയുന്നതിൽ സന്തോഷമുണ്ട്.

ശരിക്കും സിനിമ എങ്ങനെ ഉണ്ട്? നല്ലതാണോ? ഇഷ്ടപ്പെട്ടോ? (ഉർവ്വശിയുടെ സ്വതസിദ്ധമായ നിഷ്കളങ്കമായ ശൈലിയിലുള്ള മറുചോദ്യത്തിന് ഒരുപാട് ഇഷ്ടമായി എന്നു മറുപടി നൽകി)

urvashi-at-uttamavillain-au

സൂപ്പർസ്റ്റാറിന്റെ നായികയാവാൻ പ്രായം പ്രശ്നമല്ല എന്ന് തെളിയിച്ചിരിക്കുകയാണോ ഉത്തമവില്ലനിലൂടെ?

പ്രായം നോക്കി നായികയെ നിശ്ചയിക്കുന്ന ആളെ അല്ല കമൽഹാസൻ. അഭിനയിക്കാനുള്ള കഴിവാണ് അദ്ദേഹത്തിന് പ്രധാനം. 1995ൽ ഇറങ്ങിയ സിനിമയാണ് സതീലീലാവതി. അതിൽ കമലിന്റെ നായികയായ കോവൈ സരള കോമഡി ആർട്ടിസ്റ്റായിരുന്നു. 95 എന്നൊക്കെ പറയുന്നത് കമൽഹാസന്റെ സുവർണ്ണകാലമായിരുന്നു. അന്ന് പോലും ഒരു കോമഡി ആർട്ടിസ്റ്റിനെ തന്റെ നായികയാക്കാൻ മടികാണിക്കാതിരുന്ന വ്യക്തിയാണ് അദ്ദേഹം.

മലയാളത്തിൽ ഇന്നും പ്രായം കുറഞ്ഞ നായികമാരാണ് സൂപ്പർസ്റ്റാറുകള്‍ക്കൊപ്പം കൂടുതലും അഭിനയിക്കുന്നത്. അതിനൊരു മാറ്റം വരണമെന്ന് തോന്നിയിട്ടില്ലേ?

മലയാളസിനിമയിൽ വ്യത്യസ്തത എവിടെയാണ്. സൂപ്പർസ്റ്റാറുകൾക്ക് വേണ്ടി തയ്യാറാക്കുന്നത് ഒരേ രീതിയിലുള്ള കഥകളല്ലേ? എത്ര കഴിവുള്ള കലാകാരന്മാരാണ് മമ്മൂട്ടിയും മോഹൻലാലുമെല്ലാം. അവരുടെ ടാലന്റ് വേണ്ടരീതിയിൽ ഉപയോഗിക്കുന്ന കഥകൾ വന്നാൽ അല്ലേ അവർക്കും ഈ വട്ടത്തിൽ കിടന്നുള്ള ചുറ്റലിൽ നിന്ന് മാറ്റമുണ്ടാകൂ.

kamalhassan-urvashi

ഈ വ്യത്യസ്ത ഇല്ലായ്മയാണോ ഉർവ്വശിയെ മലയാളത്തിൽ നിന്ന് അകറ്റുന്നത്?

അച്ചുവിന്റെ അമ്മയും മമ്മീ ആൻഡ് മീയും കഴിഞ്ഞ് എന്നേ തേടി വന്നതെല്ലാം അത്തരം കഥാപാത്രങ്ങളാണ്. ഒരേ ടൈപ്പിലുള്ള കഥാപാത്രങ്ങളിൽ എന്നും എന്നെ കണ്ടാൽ ആൾക്കാർ തന്നെ പറയില്ലേ ഇവർക്ക് വേറെ പണിയില്ലേ? ഇതിലും ഭേദം അഭിനയിക്കാതെ ഇരിക്കുന്നതല്ലേ എന്ന്? ഓടുന്ന സിനിമയിൽ മുഖം കാണിക്കുന്നതിലും എനിക്ക് ഇഷ്ടം ഞാനും ആ സിനിമ ഓടാൻ കാരണമായല്ലോ എന്ന് സ്വയം തോന്നിപ്പിക്കുന്ന സിനിമകളിൽ അഭിനയിക്കാനാണ്. വേഷം വലുതായാലോ ചെറുതായാല്ലോ വില്ലത്തിയായാല്ലോ അമ്മയായാല്ലോ ഒന്നും പ്രശ്നമില്ല, പക്ഷെ വ്യത്യസ്തതയുള്ള വേഷമായിരിക്കണം എന്നുണ്ട്.

മലയാളത്തിൽ അഭിനയിക്കുമ്പോൾ പ്രതിഫലമല്ല വിഷയം. സ്വന്തം ഭാഷയിൽ നല്ല കഥയുള്ള ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ സുഖം ഒന്നുവേറെയാണ്. പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാളത്തിൽ 40-45 ദിവസം അടുപ്പിച്ച് ഡേറ്റ് കൊടുക്കാൻ പറ്റില്ല. ചെറിയ മോനുണ്ട്. അവനെ ഇട്ടിട്ട് ഇത്ര ദിവസം മാറി നിൽക്കാൻ ഒന്നും പറ്റില്ല. തമിഴിലോ തെലുങ്കിലോ ആണെങ്കിൽ അഞ്ചോ ആറോ ദിവസത്തെ ഡേറ്റ് മതി. അവിടെ സിനിമയുടെ ഷൂട്ടിങ്ങ് തീരാൻ തന്നെ ഒരു മാസത്തിൽ കൂടുതൽ എടുക്കും. അതിനിടയ്ക്ക് ഇടയ്ക്ക് നമ്മൾ പോയി അഭിനയിച്ചാൽ മതിയാകും.

വീണ്ടും അമ്മയായതിന്റെ ത്രില്ലിലാണോ?

urvashi-latest

കുഞ്ഞാറ്റ ഉണ്ടായപ്പോൾ എനിക്കും പ്രായകുറവായിരുന്നു. ഇപ്പോൾ ഈ പ്രായത്തിൽ മകനുണ്ടായപ്പോൾ അതിന്റേതായ പക്വത വന്നിട്ടുണ്ട്. ഇപ്പോൾ എവിടെ ഷൂട്ടിങ്ങിന് പോയാലും മോനേം കൊണ്ടേ പോകാറൊള്ളൂ. മോളെ എങ്ങനെ നോക്കണം എങ്ങനെ കുളിപ്പിക്കണം എന്നൊന്നു ആ പ്രായത്തിൽ എനിക്കും അത്ര അറിയില്ലായിരുന്നു. പക്ഷെ മോനേ കുറച്ചു കൂടി പക്വതയോടെ നോക്കാൻ സാധിക്കുന്നുണ്ട്. മോൾക്ക് ഇപ്പോൾ 15 വയസ്സായി. അവളാണെങ്കിലും ഒരു അമ്മയുടെ സ്നേഹവും കരുതലുമൊക്കെയാണ് മോനോട് കാണിക്കുന്നത്.

വിജയങ്ങൾക്കിടയിലും വിവാദങ്ങളും സോഷ്യൽമീഡിയ ആക്രമണവും വിടാതെ പിന്തുടരുന്നത് വേദനിപ്പിക്കുന്നുണ്ടോ?

അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാണ് കുഞ്ഞേ ഭേദം. കഴിഞ്ഞ കുറേ വർഷമായി മീഡിയ എന്നെ വേട്ടയാടുന്നു എന്ന് തോന്നിയിട്ടുണ്ട്. എത്രയോ നാളായി മാധ്യമങ്ങളുടെ കൺവെട്ടത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളെ ആവശ്യമില്ലാതെ സോഷ്യൽമീഡിയയും മറ്റും ചർച്ചയാക്കുന്നുണ്ട്.

ആശുപത്രിയിൽ കാൻസർബാധിച്ച് കിടന്ന ജിഷ്ണുവിന്റെ ഫോട്ടോവരെ സോഷ്യൽമീഡിയയിലിട്ട് ആനന്ദം കണ്ടെത്തിയവരാണ് ഈ സമൂഹത്തിലുള്ളത്. അതൊക്കെ വെച്ച് നോക്കുമ്പോൾ എന്റെ നേർക്കുള്ള ആക്രമണം ഒന്നുമല്ല. പിന്നെ ഇതൊക്കെ ഓരോരുത്തരുടെ സാഡിസ്റ്റ് സ്വഭാവത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ നാട്ടിലിത് വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്.

ഏതെല്ലാമാണ് പുതിയ സിനിമകൾ?

മലയാളത്തിൽ ഒന്നുമില്ല. (മലയാളത്തിൽ നല്ല വേഷം കിട്ടാത്തതിന്റെ പരിഭവം ഉർവ്വശി മറച്ചുവെച്ചില്ല). ഏകദേശം നാലു വർഷത്തോളമായി മലയാളത്തിൽ അഭിനയിച്ചിട്ട്. ഇപ്പോൾ അഭിനയിക്കുന്നത് ആര്യയും അനുഷ്കയും നായികാനായകന്മാരായ സൈസ് സീറോയിലാണ്. അതു കഴിഞ്ഞുള്ളത് തെലുങ്കിലും തമിഴിലുമായി ഒരു സസ്പൻസ് ത്രില്ലറും കോമഡി ത്രില്ലറുമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.