ഇത് താൻടാ പൊലീസിലൂടെ മലയാളത്തിൽ മടങ്ങിയെത്തും ; അഭിരാമി

ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ ജയറാമിനൊപ്പം പ്രേക്ഷകരെ ഏറെ സന്തുഷ്ടയാക്കിയ അഭിരാമി എന്ന നായികയെ മറക്കാൻ മലയാളി പ്രേക്ഷകർക്ക് അത്ര എളുപ്പം സാധിക്കില്ല. 1995 മുതൽ 2004 വരെയുള്ള .കാലഘട്ടത്തിൽ മലയാളത്തിന്റെ ലക്ഷണമൊത്ത നായികമാരിൽ ഒരാളായിരുന്ന അഭിരാമി, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നത് പ്രേക്ഷകരെ തെല്ലൊന്നു നിരാശപ്പെടുത്തി, എന്നാൽ ആ നിരാശയ്ക്ക് ഇനി അടിസ്ഥാനമില്ല.ടിവി റിയാലിറ്റി ഷോകളിൽ അവതാരകയായി വന്നപ്പോൾ തന്നെ പ്രേക്ഷകർ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അഭിരാമി തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ, പഴയത് പോലെ, അല്ലെങ്കിൽ പഴയതിലും സജീവമായി സിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് അഭിരാമി. ആസിഫ് അലി നായകനാകുന്ന ഇത് താൻട പോലീസ് എന്ന ചിത്രത്തിലൂടെ മലയാള മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന അഭിരാമി മനോരമ ഓൺലൈനിനു അനുവദിച്ച അഭിമുഖത്തിൽ നിന്നും.

ഒടുവിൽ പ്രേക്ഷകർ ആഗ്രഹിച്ച പോലെ ഒരു മടങ്ങി വരവ്, അൽപം വൈകി പോയി എന്ന തോന്നലുണ്ടോ ?

സിനിമയിൽ വരണം ,സിനിമാ നടിയാകണം എന്ന ആഗ്രഹവുമായി ജീവിച്ച വ്യക്തിയല്ല ഞാൻ. എന്നാൽ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, കുറച്ചു നല്ല ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞു. സിനിമയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ വിഷമം തോന്നി എന്ന് പറയാനാവില്ല. കാരണം, പഠിത്തം , വിവാഹം ജോലി എന്നിവയുമായി ബന്ധപ്പെട്ടാണ് ഞാൻ വിദേശത്തേക്ക് പോയത്. സിനിമ ഇല്ല എങ്കിലും, എന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ, നേട്ടങ്ങൾ , ചുമതലകൾ ഇവയെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ടായിരുന്നു. പിന്നെ ഇടക്ക് നല്ലൊരു സ്വപ്നം കണ്ട് എണീക്കുന്ന പോലെ, ഞാൻ സിനിമയുടെ ലോകം മിസ്സ്‌ ചെയ്തിരുന്നു. എന്നാൽ അപ്പോഴും സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം.

പിന്നെ എപ്പോഴാണ് , സിനിമയിലേക്കുള്ള ഈ മടക്കം അനിവാര്യമായി തോന്നിയത് ?

വിദേശത്തെ ജീവിതത്തിനും ജോലിക്കുമെല്ലാം ഇടയിൽ നിന്നും ഒരു ബ്രേക്ക് എന്ന നിലയിലാണ് ഞാൻ ഒരു റിയാലിറ്റി ഷോയുടെ അവതാരകയായി എത്തുന്നത്. ജനങ്ങൾ അതിലൂടെ എന്നെ സ്നേഹിക്കുന്നത് ഞാൻ അറിഞ്ഞു. പിന്നെ നല്ല ഒരു അവസരം കിട്ടിയപ്പോൾ, സാഹചര്യങ്ങൾ അനുകൂലമായി വന്നപ്പോൾ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചു.

പുതിയ ചിത്രമായ ഇത് താൻടാ പോലീസിന്റെ വിശേഷങ്ങൾ?

സിനിമയിൽ 17 വർഷത്തെപ്രവർത്തി പരിചയമുള്ള മനോജ്‌ പാലോടൻ ആദ്യമായി സ്വതന്ത്ര സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത് താൻടാ പോലീസ്. രഞ്ജിത്ത് - മനോജ്‌ കൂട്ടുകെട്ടാണ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്.വളരെ രസകരമായി മുന്നോട്ടു പോകുന്ന ഒരു സിമ്പിൾ സ്റ്റോറി ആണ്. ഒരു വനിതാ പോലീസ് സ്റ്റേഷനിലാണ് കഥ നടക്കുന്നത്. വളരെ സ്റ്റ്രിക്റ്റ് ആയ ഒരു വനിതാ സബ് ഇന്സ്പെക്ട്ടരുടെ കീഴില ജോലി ചെയ്യാനെത്തുന്ന ഒരു പുരുഷ ഡ്രൈവറെയും അയാളുടെ വരവ് ഉണ്ടാക്കുന്ന പ്രശനങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.ഒരു ഹാസ്യ ചിത്രമാണ്, എന്നാൽ അതിലൂടെ ഒരു മെസ്സേജ് കൊടുക്കുകയും ചെയ്യുന്നു.

അഭിരാമി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പറ്റി?

അരുന്ധതി വർമ്മ എന്നാണ് ഞാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വനിതാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇൻസ്പെക്ടർ ആണ് അരുന്ധതി. ജോലിയിലും പുറത്തും വളരെ പരുക്കൻ സ്വഭാവം വച്ചു പുലർത്തുന്ന അരുന്ധതിയെ ആരും അത്ര വേഗം ഉൾക്കൊള്ളില്ല. താൻ ജീവിതത്തിൽ വച്ചു പുലർത്തുന്ന ഡിസിപ്ലിൻ സഹപ്രവർത്തകരിൽ നിന്നും അരുന്ധതി പ്രതീക്ഷിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ അരുന്ധതി ഇങ്ങനെ ആയതിനു പിന്നിലുള്ള കഥ, ക്ലൈമാക്സിനോട് അടുക്കുമ്പോൾ മാത്രമേ പ്രേക്ഷകർ അറിയുള്ളൂ.

അപ്പോൾ തുടക്കത്തിൽ അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് അരുന്ധതി, മടങ്ങി വരവിൽ ഇങ്ങനെ ഒരു കഥാപാത്രം സ്വീകരിക്കാനുള്ള കാരണം?

നെഗറ്റീവ് ടച്ച് ഉണ്ട്, ബോൾഡ് ആണ് എന്നാൽ അതിനു വ്യക്തമായ കാരണങ്ങളും ഉണ്ട്. ക്ലൈമാക്സിൽ ആ കാര്യങ്ങൾ മനസിലാക്കുമ്പോൾ പ്രേക്ഷകർ അരുന്ധതി വർമ്മ എന്ന കഥാപാത്രത്തെഇഷ്ടപ്പെടും. സിനിമയുടെ ആദ്യ പകുതിയിൽ പ്രേക്ഷകർ അരുന്ധതിയെ വെറുക്കുന്നത് തന്നെയാണ് ആ കഥാപാത്രത്തിന്റെ വിജയം. പിന്നെ, സത്യത്തിൽ എന്റെ സ്വഭാവവുമായി അരുന്ധതി വർമ്മയുടെ കഥാപാത്രത്തിന് ഒത്തിരി സാമ്യമുണ്ട്. സ്വഭാവവുമായി അരുന്ധതി വർമ്മയുടെ കഥാപാത്രത്തിന് ഒത്തിരി സാമ്യമുണ്ട്. അത് കൊണ്ട് കൂടിയാണ് ഞാൻ ഈ കഥാപാത്രം തെരഞ്ഞെടുത്തത്. പിന്നെ സ്ക്രിപ്റ്റ് പൂര്ണ്ണമായും വായിച്ചപ്പോൾ , പ്രേക്ഷകർ തീയറ്ററിൽ പോയി കാണുന്ന ഒരു സിനിമയാകും ഇതെന്ന് തോന്നി. കാരണം ഒരു പ്രേക്ഷകന്റെ സ്ഥാനത്തു നിന്ന് നോക്കുമ്പോൾ ഞാൻ ഈ ചിത്രം തീയറ്ററിൽ പോയി കാണും.അത് കൊണ്ട് തന്നെ നല്ലൊരു സിനിമയുടെ ഭാഗമാകാം എന്ന് തോന്നി.

ഈ ഒരു സിനിമയോട് കൂടി, പ്രേക്ഷകർക്ക് പഴയ അഭിരാമിയെ തിരിച്ച് കിട്ടുമോ?

അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എന്നാൽ സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ ഇനിയും ധാരാളം സിനിമ ചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഞാൻ സിനിമയിൽ മടങ്ങിയെത്തിയിരിക്കുന്നത്. നല്ല സിനിമകൾ ചെയ്യണം എന്ന ആഗ്രഹമുണ്ട്. ഈ ഒരു സിനിമ മാത്രം ചെയ്ത്, ഉടനൊരു മടങ്ങിപോക്ക് ലക്ഷ്യമിട്ടല്ല ഇത്തവണ ഞാൻ വന്നിരിക്കുന്നത്.

ജയറാമിന്റെ കൂടെ ഞങ്ങൾ സന്തുഷ്ടരാണ് പോലൊരു ഫ്രെയ്മിൽ വീണ്ടും പ്രതീക്ഷിക്കാമോ?

തീർച്ചയായും. സാഹചര്യങ്ങൾ അനുകൂലമായി വരികയാണെങ്കിൽ ജയറാമേട്ടന്റെ കൂടെ വീണ്ടുമൊരു സിനിമ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂ. അത്തരമൊരു അവസരം ലഭിച്ചാൽ ആരാണ് വേണ്ടെന്നു വയ്ക്കുക? ജയറാമേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതിൽ എനിക്കെന്നും സന്തോഷമേയുള്ളൂ.

മടങ്ങിവരവിൽ മറ്റു നടിമാരെ പോലെ,കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിൽ മാനദണ്ഡങ്ങൾ?

അങ്ങനെ പ്രത്യേക മാനദണ്ഠങ്ങൾ ഒന്നും ഞാൻ സൂക്ഷിക്കുന്നില്ല. കഥാപാത്രങ്ങളെ എനിക്ക് ഇഷ്ടമാകണം. കഥയിൽ എനിക്കൊരു വിശ്വാസം വരണം . ഇല്ലെങ്കിൽ എനിക്ക് ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്താൻ കഴിയില്ല. അത്തരം കഥാപാത്രങ്ങൾ ഞാൻ സ്വീകരിക്കില്ല. തീയറ്ററിൽ പോയി ഞാൻ കണ്ടു ആസ്വദിക്കുന്ന കഥയുള്ള സിനിമകൾ മാത്രമേ ഞാൻ ചെയ്യുകയുള്ളൂ. എനിക്ക് എത്ര റോൾ ഉണ്ട്, സ്ക്രീൻ ടൈം ഉണ്ട് എന്നതിനേക്കാൾ ആ കഥാപാത്രത്തിന് സിനിമയുടെ വിജയത്തിലുള്ള പങ്കായിരിക്കും ഞാൻ നോക്കുന്നത് . സിനിമയ്ക്ക് ജീവൻ നൽകുന്നത് എങ്കിൽ, രണ്ടു സീനിൽ ഒതുങ്ങുന്ന അഥിതി കഥാപാത്രത്തെയും ഞാൻ അവതരിപ്പിക്കും.