വില്ലത്തിയോ, കുശുമ്പിയോ ഞാൻ റെഡി: പൊന്നമ്മ ബാബു

നടി പൊന്നമ്മ ബാബുവിനെ എപ്പോൾ കണ്ടാലും ചിരിയാണ് എല്ലാവരുടേയും മുഖത്ത്. വില്ലത്തിയായും കുശുമ്പിയായും പാവം അമ്മയായുമൊക്കെ ഇൗ താരം നമ്മുടെ മുന്നിലുണ്ട്. അടുത്തിടെ മകൾ പിങ്കിയോടൊപ്പം ചെയ്ത ഡബ്സ്മാഷ് വളരെ ഹിറ്റായിരുന്നു. മകൾ പിങ്കിയുടെ വിവാഹ ആൽബവും പ്രേക്ഷകരുടെ മനം കവർന്നു. ഇൗ വിജയത്തിന്റേയൊക്കെ രഹസ്യങ്ങളെക്കുറിച്ച് പൊന്നമ്മ ബാബു മനോരമ ഒാൺലൈനോട് പറയുന്നു.

അമ്മയുടേയും പിങ്കിയുടേയും ഡബ്സ്മാഷ് ഹിറ്റായല്ലോ?

ഒക്ടോബർ 18 ന് മോള്‍ടെ ബർത്ത്ഡേ ആയിരുന്നു. ഞാൻ ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന് ആകെ ക്ഷീണത്തിലായിരുന്നു. അപ്പോഴാണ് പിങ്കി വന്ന് നമുക്കൊരു ഡബ്സ്മാഷ് ചെയ്യാം മമ്മീ എന്നു പറഞ്ഞത്. മകളുടെ സന്തോഷത്തിന് വേണ്ടി ചെയ്തതാണ്. അത് അവൾ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. അതോടെ എല്ലാവരും കണ്ടു. ഒരുപാട് സംവിധായകരും വിളിച്ചിരുന്നു, പിങ്കിയെ അഭിനയിപ്പിക്കുമോ എന്ന് ചോദിച്ച്. അവൾ രണ്ടു സിനിമകളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞിരുന്നു. പിന്നെ വിവാഹവും എത്തി. ഇനി അവരുടെ തീരുമാനമാണ് അഭിനയമൊക്കെ. ജീവിതത്തിനാണ് പ്രാധാന്യം.

പിങ്കിയുടെ വിവാഹ വീഡിയോയും ഹിറ്റായല്ലോ?

ആയി, അത് മരുമകൻ റോബിന്റെ ഐഡിയ ആയിരുന്നു. അവൻ ഒാസ്ട്രേലിയയിലാണ്. എല്ലാ വിവാഹ ആൽബങ്ങളും പോലെയാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. എപ്പോഴും പഴയ സിനിമാപ്പാട്ടല്ലേ വിവാഹ ആൽബങ്ങൾക്കായി ഉപയോഗിക്കുന്നത്. അവന് പാട്ടുകളും സിനിമയുമൊക്കെ ഒരുപാട് ഇഷ്ടമാണ്. അങ്ങനെയാണ് കൈതപ്രം സാറിനോട് വരികളെഴുതാമോ എന്ന് ചോദിക്കുന്നത്. അദ്ദേഹം സമ്മതിച്ചു. നജിം അർഷാദും സംഗീതയും ചേർന്നാണ് പാടിയത്. അതും എല്ലാവർക്കും ഇഷ്ടമായി. ഇനി ഒരുപാട് പേർ ഇതുപോലെ ചെയ്യുമായിരിക്കും, എങ്കിലും ആദ്യത്തേത് ഇതാവുമല്ലോ?

വ്യത്യസ്ത ഇഷ്ടപ്പെടുന്നയാളാണല്ലോ?

എനിക്കും വ്യത്യസ്തത വളരെ ഇഷ്ടമാണ്. അത് വസ്ത്രത്തിലായാലും, മേക്കപ്പായാലും ശരി,പാചകത്തിലായാലും ശരി. ഞാൻ ഇടുന്ന വസ്ത്രങ്ങളൊക്കെ കണ്ട് പലരും ചോദിക്കാറുണ്ട് , പൊന്നമ്മച്ചേച്ചി ഇത് എവിടെ നിന്ന് വാങ്ങിയതെന്ന്.

ഇൗ ചിരിയുടെ രഹസ്യം?

ഒരു പാട് ദു:ഖിച്ചിട്ടുണ്ട്. അതിനു ദൈവം തന്ന പരിഹാരമാണ് ഇൗ ചിരി. എന്റെ ത്യാഗങ്ങളുടെ ഫലമാണെന്ന് പറയും. എന്റേയും പ്രണയ വിവാഹമായിരുന്നു. പ്രേം നസീറിന്റെ നായികയാകാൻ പതിനഞ്ചാം വയസിൽ എന്നെ വിളിച്ചിട്ടുണ്ട്,. അന്ന് അഭിനയത്തോട് വലിയ താൽപര്യമൊന്നുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ സമയത്ത് ഞങ്ങൾക്ക് ബിസിനസായിരുന്നു. പിന്നീട് കുറെ പണമൊക്കെ ബിസിനസ് പൊട്ടിയപ്പോൾ പോയി. ഇന്ന് മക്കളെല്ലാം നല്ല നിലയിൽ എത്തി, മൂത്തമകൾ മെൽബണിനിലാണ്. അവൾക്ക് മൂന്ന് കുട്ടികളുണ്ട്. രണ്ടാമത്തേത് മകനാണ്. അവൻ യുകെയിലാണ്. അവന് വേണ്ടി ഇപ്പോൾ പെൺകുട്ടിയെ തിരയുകയാണ്. ഇളയമകളാണ് പിങ്കി. അവളുടെ വിവാഹം കഴിഞ്ഞ് അവൾ ഒാസ്ട്രേലിയയിലേക്ക് പോയി. എല്ലാവരും പറയും പൊന്നമ്മച്ചേച്ചിക്കെന്താ?,. മക്കളൊക്കെ സെറ്റിൽഡായില്ലേന്ന്, പക്ഷേ, ഞാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ടുകളൊക്കെ എനിക്കു മാത്രമേ അറിയൂ. എനിക്കു കിട്ടിയ വലിയഭാഗ്യം മക്കളെപ്പോലെ തന്നെ ഞങ്ങനെ സ്നേഹിക്കുന്നവരാണ് രണ്ട് മരുമക്കളും എന്നതാണ്.

മലയാള സിനിമയിൽ ഇന്ന് അമ്മവേഷം ഇല്ലെന്ന് പരാതിയുണ്ടോ?

അമ്മവേഷം ഉണ്ട്, പക്ഷേ, കരയുന്ന അമ്മമാർ ഇല്ലെന്നേ ഉള്ളൂ. കരയുന്ന അമ്മമാരെ ഇന്ന് ആർക്കും ഇഷ്ടമല്ല. എല്ലാവരും ചിരിക്കട്ടേന്നേ. ന്യൂ ജനറേഷൻ അമ്മമാരൊക്കെ ചിരിക്കുന്നതായിരിക്കണം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്തു വേഷവും ചെയ്യും, വില്ലത്തിയോ, കുശുമ്പിയോ, പാവം അമ്മയോ, അതോ കോമഡി വേണോ അതും ചെയ്യാം. അങ്ങനെ എവിടെ വേണമെങ്കിലും എന്നെ കൊള്ളിക്കാം.

മക്കൾക്ക് ഉപദേശം നൽകാറുണ്ടോ?

ജീവിതം കുറെ സഹനവും അഡ്ജസ്റ്റ്മെന്റുമൊക്കെ നിറഞ്ഞതാണ്. പ്രശ്നങ്ങൾ വരുമ്പോൾ അത് സധൈര്യം നേരിടണം. അല്ലാതെ ഒളിച്ചോടുകയല്ല വേണ്ടത്. പരസ്പരം മനസിലാക്കുക. ഇന്നത്തെ വിവാഹമോചന വാർത്തകളാണ് എനിക്ക് ഏറ്റവും വിഷമമുണ്ടാക്കുന്നത്. പിടിച്ചു നിൽക്കുക. വിവാഹശേഷം വീട്ടിലേക്ക് തിരിച്ചുപോന്നേക്കരുത് എന്ന് ഞാൻ മക്കളോട് പറയാറുണ്ട്. ചട്ടിയും കലവുമായാൽ തട്ടിയും മുട്ടിയുമിരിക്കും. ഞാനും ഭർത്താവും തമ്മിൽ വഴക്കിടാറുണ്ടെങ്കിലും കുറച്ചു കഴിയുമ്പോൾ അതെല്ലാം മാറും.

ഇനി എന്താണ് ആഗ്രഹം?

ഇതുവരെ നാന്നൂറിനടുത്ത് സിനിമകളിൽ അഭിനയിച്ചു. പക്ഷേ, പുരസ്കാരങ്ങളൊന്നും തേടി വന്നിട്ടില്ല, ഇനി അത്തരത്തിൽ കുറച്ച് നല്ല വേഷങ്ങൾ ചെയ്യണം. ഇപ്പോൾ തമിഴിലും ഒരു നല്ല ചിത്രത്തിൽ അഭിനയിച്ചു. പിന്നെ കുറച്ചു നാൾകൂടി കഴിഞ്ഞാൽ സാമൂഹ്യപ്രവർത്തനരംഗത്തേക്ക് വരണമെന്നുണ്ട്. ‍ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, പറ്റുമെങ്കിൽ രാഷ്ട്രീയത്തിലും ഒരു കൈ നോക്കണം.