സംയുക്ത അഭിനയിച്ചോട്ടെ: ബിജു മേനോൻ

തീപ്പൊരി ഡയലോഗുകൾ പറയുന്ന വീരനായകന്മാരെക്കാളും തമാശപറയുന്ന സാധാരണ കഥാപാത്രങ്ങളോടാണ് ബിജു മേനോന് ഇഷ്ടം. ആ ഇഷ്ടമാണ് 22 വർഷമായി മലയാള സിനിമയിൽ നിലനിർത്തുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെ ആവശ്യപ്പെട്ടാലും ‘വെള്ളിമൂങ്ങ’യിലെ മാമ്മച്ചൻ പ്രേക്ഷകഹൃദയത്തിൽനിന്നു രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല.

കോമഡി ട്രാക്ക്

സീരിയസ് പൊലീസ് ഓഫിസർമാരെ ഒരുപാട് അവതരിപ്പിച്ചിട്ടുള്ള നടനാണ് ഞാൻ. പലതിനും തിയറ്ററിൽ നല്ല കയ്യടി കിട്ടിയിട്ടുണ്ട്. എന്നാൽ അന്നൊക്കെ നമ്മളെ കാണുന്നവർ അൽപം ഭയബഹുമാനത്തോടെ മാറിനിൽക്കും. ഇപ്പോൾ തമാശവേഷങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ കഥമാറി. പലരും ഓടിവന്ന് ബിജുച്ചേട്ടാ എന്നൊക്കെ വിളിച്ച് കെട്ടിപ്പിടിക്കാൻ തുടങ്ങി. ഈ സ്നേഹമാണ് എനിക്കിഷ്ടം. സാധാരക്കാരുടെ കഥകളാണ് എനിക്കിഷ്ടം. എന്നു കരുതി സീരിയസ് വേഷങ്ങൾ ചെയ്യില്ല എന്നല്ല; അത് അത്രമേൽ നല്ലതാവണമെന്നുമാത്രം.

സാധാരണക്കാരുടെ കഥ

ഇടത്തരക്കാരുടെ പ്രശ്നങ്ങൾ. ഇപ്പോൾ തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘സോൾട്ട് മാംഗോ ട്രീ’ അത്തരമൊരു സിനിമയാണ്. കുട്ടികളുടെ വിദ്യാഭ്യാസമാണ് ഈ സിനിമയുടെ പ്രമേയം. സത്യത്തിൽ ഇതല്ലേ ഇപ്പോഴത്തെ ഏറ്റവും വലിയ കുടുംബപ്രശ്നം. കുട്ടികൾക്കു പകരം മാതാപിതാക്കളെ ഇന്റർവ്യൂ ചെയ്യുന്ന സ്കൂളുകളാണു കൂടുതലും. ഇംഗ്ലിഷ് സംസാരിക്കാൻ പോലുമറിയാത്ത മാതാപിതാക്കളാണെങ്കിൽ എന്തുചെയ്യും? രണ്ടുപേർക്കും നല്ലജോലിയില്ലെങ്കിൽ എങ്ങനെ കുട്ടികളുടെ ഫീസ് കൊടുക്കും? ഇത്തരം കുടുംബകാര്യങ്ങളൊക്കെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന കഥയാണിത്. നമ്മുടെ സ്ത്രീകൾ ഫോണിൽ സംസാരിക്കുന്നതു ശ്രദ്ധിച്ചാൽ ഇതറിയാം, അവർക്ക് ഒറ്റക്കാര്യമേ പറയാനുള്ളു. മക്കളുടെ പഠിപ്പിനെപ്പറ്റി മാത്രം.

സംയുക്ത എന്നെ വിളിക്കുന്നത് കൂടുതലും നാലാംക്ലാസിൽ പഠിക്കുന്ന മകനെപ്പറ്റി പറയാനാണ്. അവനെ പഠിപ്പിക്കാൻ അവളെക്കൊണ്ട് ഒറ്റയ്ക്കാവില്ലെന്നാണു പറയുന്നത്. നമ്മളൊക്കെ പത്താം ക്ലാസിൽ പഠിച്ച കാര്യങ്ങളാണ് അവൻ നാലാംക്ലാസിൽ പഠിക്കുന്നതെന്നു സംയുക്ത പറയും. എന്നാൽ ഞാൻ വീട്ടിലെത്തിയാൽ അവനോട് പഠിപ്പിനെപ്പറ്റി ഒരക്ഷരം മിണ്ടില്ല. ഇന്ന് നന്നായി കളിച്ചോടാ ചക്കരേ എന്നു മാത്രമേ ചോദിക്കൂ. ഇതിന്റെ പേരിൽ ഉണ്ടാകുന്ന പുകിൽ ചില്ലറയല്ല.

സംയുക്താ വർമയെ നായികയാക്കി ഒരു സാധാരണക്കാരിയുടെ കഥയുമായി ഏതെങ്കിലും സംവിധായകൻ വന്നാൽ അഭിനയിക്കാൻ ബിജുമേനോൻ സമ്മതിക്കുമോ?

എനിക്ക് ഒരെതിർപ്പും ഇല്ല. ‘സാൾട്ട് മാംഗോ ട്രീ’യിലേക്ക് നായികയെ കണ്ടെത്താൻ വൈകിയപ്പോൾ ഞാൻ തന്നെ സംയുക്തയോടു ചോദിച്ചിരുന്നു. അപ്പോൾ അവൾ പറഞ്ഞു. ഇനിയതൊന്നും ചിന്തിക്കാൻ പറ്റില്ലെന്ന്. ബിജുച്ചേട്ടനെ കാണുമ്പോൾ എനിക്കു ചിരിവരുമെന്നും പറഞ്ഞു.

നായകവേഷം

നമ്മളെവച്ച് പടംപിടിക്കുന്ന നിർമാതാവിനു പണം തിരിച്ചുകിട്ടണം. അത്രയ്ക്ക് ആത്മവിശ്വാസം തോന്നുന്ന കഥകളാണെങ്കിലേ ഞാൻ ഏറ്റെടുക്കൂ. എനിക്കു നായകനാകാൻവേണ്ടി വലിയ ടെൻഷൻ എടുത്തു തലയിൽവച്ച് ഉറക്കംകളയാൻ ഞാനില്ല. എനിക്കു സന്തോഷത്തോടെ അഭിനയിക്കണം. സന്തോഷത്തോടെ ജീവിക്കണം. അതാണു പ്രധാനം.

പുതിയ ചിത്രങ്ങൾ

പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ‘അനാർക്കലി’. അതുകഴിഞ്ഞാൽ ‘അനുരാഗ കരിക്കിൻ വെള്ളം’. ആസിഫ് അലിയുടെ അച്ഛന്റെ വേഷമാണതിൽ. പിന്നെ രഞ്ജിത്തേട്ടന്റെ ‘ലീല’ എന്ന സിനിമയിൽ ഞാനാണു നായകൻ.