എന്‍റെ സിനിമയില്‍ ദിലീപിനുപറ്റിയ വേഷമില്ല

നാദിര്‍ഷ

ദിലീപ് നാദിർഷായ്ക്ക് ഡേറ്റ് കൊടുക്കാമെന്നു പറഞ്ഞതിന്റെ രജതജൂബിലി വർഷമാണിതെന്നു മലയാള സിനിമയിൽ ഒരു തമാശയുണ്ട്. നാദിർഷ ഒരു സിനിമ ചെയ്താൽ അതു ദിലീപ് സിനിമയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നതും സ്വാഭാവികം. മലയാളിയുടെ സ്റ്റേജ് ഷോയിൽ 25 വർഷമായി പാരഡിയുടെ പഞ്ചും പാട്ടിന്റെ മധുരവുമായി നാദിർഷയുണ്ട്. സിനിമയുടെ ഭ്രമണപഥത്തിൽ താരസൂര്യൻമാരുടെ അടുത്തു നിന്നിട്ടും നാദിർഷ സിനിമ ചെയ്യാൻ വൈകിയതെന്തെന്ന് എല്ലാവരും ചോദിക്കുന്നു. അതിന്റെ ഉത്തരമാണു നാദിർഷയുടെ ആദ്യ ചിത്രമായ ‘അമർ–അക്ബർ–അന്തോണി’. സെപ്റ്റംബറിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബിങ് തിയറ്ററിലിരുന്നു നാദിർഷ സംസാരിക്കുന്നു:

*∙സംവിധായകനാകാൻ എന്താണിത്ര വൈകിയത്? *

ഇതിനു രണ്ടു സിനിമാ ഡയലോഗുകളിലൂടെ ഉത്തരം പറയാം. ലേറ്റായി വന്താലും ലേറ്റസ്റ്റാ വരുവേൻ....10 വർഷമായി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. അതിനു സമയമായത് ഇപ്പോഴാണ്. കഴിഞ്ഞ 20 വർഷമായി മലയാളത്തിലിറങ്ങിയ എല്ലാ സിനിമയും കണ്ടയാളാണു ഞാൻ. കൂതറ സിനിമകൾ വരെ കണ്ടിരിക്കും. സിനിമ ചെയ്യുന്നതിന്റെ മുന്നൊരുക്കമായിട്ടാണ് ഓരോ സിനിമയിലും പ്രേക്ഷകനായി പോയത്. 15 വർഷം മുൻപ് ഒരു പ്രൊഡ്യൂസർ സിനിമ സംവിധാനം ചെയ്യണമെന്നു പറഞ്ഞ് എന്നെ സമീപിച്ചു. ഞാൻ സിനിമ ചെയ്യുമ്പോൾ ദിലീപിന്റെ ഡേറ്റ് കിട്ടുമെന്നു കരുതിയായിരിക്കും ഇയാൾ വന്നതെന്നു ഞാൻ കരുതി. എന്നാൽ ടൈറ്റാണ് എനിക്ക് എന്ന വിഡിയോ ആൽബം കണ്ടിട്ടാണ് അദ്ദേഹം എന്നെ സമീപിച്ചത്.

ആരു നായകനായാലും കുഴപ്പമില്ല, നാദിർഷ സിനിമ സംവിധാനം ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഞാൻ വഴങ്ങിയില്ല. 10 വർഷം മുൻപു ഗുഡ് നൈറ്റ് മോഹൻ സിനിമ സംവിധാനം ചെയ്യണമെന്നു പറഞ്ഞു. അപ്പോഴും സംവിധാനം പഠിച്ചിട്ടില്ലെന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു. ഇപ്പോൾ അതിനു സമയമായി. ഒരു സിനിമ ചെയ്യാൻ അഞ്ചു വർഷം വരെ സ്റ്റേജ് ഷോയിൽ നിന്നു മാറി നിൽക്കേണ്ടി വരും. എന്റെ വീട്ടിൽ അരി മേടിക്കാൻ ഞാൻ ജോലിയെടുക്കേണ്ടേ? ആറു മാസം മാറി നിന്നാൽ ആറു വർഷം ഔട്ടാകും. ഏതു ഫീൽഡിൽ നിന്നാലും സജീവമായി നിൽക്കുക.

∙ ആദ്യ സിനിമ ദിലീപ് സിനിമയായില്ല?

എല്ലാവരും പ്രതീക്ഷിക്കുന്നതു ഞാൻ ദിലീപിനെ നായകനാക്കി ആദ്യ സിനിമ ചെയ്യുമെന്നാണ്. പ്രതീക്ഷിക്കാത്തതു സംഭവിക്കുന്നതാണല്ലോ പുതുമ. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നീ രണ്ടു യുവാക്കൾ ഒരു കഥ പറയാൻ 10 മിനിറ്റ് സമയം ചോദിച്ചാണ് എന്റെ അടുക്കലെത്തിയത്. നടൻ ഷാജോൺ ആണ് എന്റെ അടുത്തേയ്ക്ക് അവരെ പറഞ്ഞയച്ചത്. അവർ കഥ പറഞ്ഞു തുടങ്ങിയതു തന്നെ ഇതു ദിലീപേട്ടനു പറ്റിയ കഥയല്ലെന്നു പറഞ്ഞു കൊണ്ടാണ്. തിരക്കഥാകൃത്തുക്കളിൽ വിപിനു കാലിനു സ്വാധീനമില്ലാത്തയാളാണ്. മൂന്നു നായകൻമാരുള്ള സിനിമ, അതിൽ രണ്ടു കഥാപാത്രങ്ങളെ ഞങ്ങൾ ചെയ്യും, പ്രധാന നടനെ നാദിർഷ കണ്ടു പിടിക്കണമെന്നായിരുന്നു അവരുടെ ഉപാധി. കഥ കേട്ടപ്പോഴേ എനിക്കിഷ്ടമായി. മൂന്നു നായകരെയും ഞാൻ കണ്ടെത്താമെന്നു പറഞ്ഞപ്പോൾ അവർക്കു സമ്മതമായി.

അങ്ങനെയാണ് അമർ– അക്ബർ– അന്തോണിയിൽ പൃഥ്വിരാജും, ജയസൂര്യയും ഇന്ദ്രജിത്തും നായകരായത്. എനിക്കു കഥ ഇഷ്ടമായി എന്നറിഞ്ഞപ്പോൾ ആ ചിത്രത്തിൽ അഭിനയിക്കാൻ ദിലീപ് സന്നദ്ധനായി. എന്നാൽ ഇതിൽ നിനക്കു പറ്റിയ വേഷമില്ലെന്നു ഞാൻ പറഞ്ഞപ്പോൾ എന്നാൽ ദിലീപ് നിർമാണത്തിനു തയാറായി. നമുക്ക് ഇനിയൊരു ചിത്രത്തിൽ ഒന്നിക്കാമെന്നു ഞാനാണ് അവനോടു പറഞ്ഞത്. ഞാൻ അഞ്ചു തവണ കണ്ട ഹിന്ദി ചിത്രമാണ് അമർ– അക്ബർ–ആന്റണി. മൂന്നു നായകൻമാരെന്നു പറഞ്ഞപ്പോൾ ഞാൻ തന്നെ നിർദേശിച്ച പേരാണിത്.

∙ മിമിക്രിയിൽ നിന്നു പഠിച്ച എന്തു പാഠമാണു സിനിമയിൽ പ്രയോഗിക്കുന്നത്?

മിമിക്രി എന്നു പറയാൻ പറ്റില്ല. സ്റ്റേജിൽ നിൽക്കുമ്പോൾ പ്രേക്ഷകന്റെ പൾസ് പഠിച്ചു. സിനിമ സ്വപ്നം കാണുമ്പോൾ മുതൽ സിദ്ദിഖ്–ലാ‍ൽ ചിത്രങ്ങളാണു മനസിലുണ്ടായിരുന്നത്. ജീവിതവുമായി ബന്ധമുള്ള കാര്യങ്ങളിലൂടെ തമാശ പറയുമ്പോഴാണ് ഏൽക്കുന്നത്. മത്തായിച്ചേട്ടൻ പുറപ്പെട്ടോയെന്നു ചോദിക്കുമ്പോൾ പുറപ്പെട്ടു, നിങ്ങൾ ആവശ്യപ്പെട്ടാൽ അര മണിക്കൂർ മുൻപേ പുറപ്പെടാം എന്നു പറയുന്ന നർമം തന്നെയാണു 10–20 വർഷമായി നമ്മൾ മാറി മാറി ഉപയോഗിക്കുന്നത്. സിനിമയിലെ നർമം എന്നു പറഞ്ഞാൽ സിദ്ദിഖ് ലാലും ശ്രീനിവാസനും പറഞ്ഞു വച്ച നർമം മാത്രമേ നമുക്കിപ്പോഴുമുള്ളൂ. ആരെയും അസിസ്റ്റ് ചെയ്യാതെയാണു ഞാൻ സംവിധായകനാകുന്നത്. എല്ലാ സംശയങ്ങൾക്കും ഉത്തരം തേടുന്നത് സംവിധായകൻ സിദ്ദിഖിൽ നിന്നാണ്.

*∙ സ്വന്തം സിനിമയിൽ പാട്ടെഴുതുന്നുണ്ടോ? *

ചിത്രത്തിൽ ഒരു കള്ളു പാട്ട് ഞാനാണ് എഴുതിയിരിക്കുന്നത്. മ്യൂസിക്കും ഞാൻ തന്നെ. സാധാരണക്കാർക്കു പാടാവുന്ന പാട്ടാകണം അതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. മലയാള സിനിമയിൽ അടുത്തകാലത്തു പുറത്തിറങ്ങിയ ഒരു പാട്ടും സ്റ്റേജ് ഷോയിൽ പാടാൻ പറ്റാത്ത പാട്ടുകളാണ്. അതായത്, സാധാരണക്കാർക്കു പാടാൻ പറ്റാത്ത പാട്ടുകൾ. ഞാ‍ൻ മലയാളത്തിൽ കുറച്ചുപാട്ടുകളേ എഴുതിയിട്ടുള്ളൂ. പക്ഷേ, അതെല്ലാം ഹിറ്റായിട്ടുണ്ട്. സൗണ്ട് തോമയിൽ ദിലീപ് മൂക്കു കൊണ്ടു പാടുന്ന പാട്ടുണ്ട്...‘‘കണ്ടാൽ ഞാനൊരു സുന്ദരൻ...’ അതു ഞാനെഴുതിയതാണ്. ഞാൻ അതു പാടി കേൾപ്പിക്കണമെന്നു ദിലീപിനു നിർബന്ധമുണ്ടായിരുന്നു. അതു കഴിഞ്ഞാണ് അവൻ പാടിയത്. റിങ് മാസ്റ്ററിലെ പട്ടിയുടെ പാട്ട് ‘വീ വാണ്ട് ഡോഗ്സ് ഓൺ കൺട്രി...’ ഞാനെഴുതിയതാണ്. ഒരു പട്ടിയുടെ മനസ്സു പട്ടിക്കല്ലേ അറിയൂ, അതുകൊണ്ടു നീ തന്നെ എഴുതണമെന്നു ദിലീപാണു പറഞ്ഞത്. വെട്ടത്തിലെ മക്കസായി എന്ന പാട്ടും എന്റെ മറ്റൊരു ഹിറ്റാണ്.

∙മാനത്തെ കൊട്ടാരത്തിലും മറ്റും പ്രധാന വേഷത്തിൽ അഭിനയിച്ചല്ലോ? പിന്നെന്താണു മാറിക്കളഞ്ഞത്?

ഒരു നടനാകുകയെന്നു തന്നെയായിരുന്നു ആദ്യകാലത്തെ മോഹം. ഒരു ഫ്ലോയിൽ ഇടിച്ചു കയറിയില്ലെങ്കിൽ നമ്മൾ പിന്തള്ളപ്പെട്ടു പോകും. 10 മക്കളിൽ ഒരാളായി അഭിനയിക്കാൻ വിളിച്ചുതുടങ്ങിയപ്പോഴേ എനിക്കു കാര്യം മനസിലായി. നമ്മുടെ പണി ഇതല്ല. അടുത്തകാലത്തു ബേൺ മൈ ബോഡി എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു.യു ട്യൂബിൽ 14 ലക്ഷം പേർ ചിത്രം കണ്ടു. ആര്യൻ കൃഷ്ണ മേനോനാണു സംവിധായകൻ. പലരെയും സമീപിച്ചിട്ടു ചെയ്യാൻ വിസമ്മതിച്ച കഥാപാത്രമായിരുന്നു അത്. പകൽ മുഴുവൻ ആശുപത്രിയിൽ തമാശ പറഞ്ഞു നടക്കുന്ന ഒരു അറ്റൻഡർ രാത്രിയിൽ മോർച്ചറിയിൽ സ്ത്രീ ശരീരങ്ങളെ അപമാനിക്കുന്നതാണു കഥ. ചിത്രം കണ്ടു പലരും എന്നെ വിളിച്ചു. അപ്പോൾ എനിക്കു കൺഫ്യൂഷനായി. ഇനി അഭിനയിക്കേണ്ടി വരുമോ?