Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിയോടെയാണ് ലാലേട്ടനൊപ്പം അഭിനയിച്ചത്

honey-rose

അത്രയ്ക്ക് അടക്കവും ഒതുക്കവുമൊന്നുമില്ലാത്ത ഒരു നായികാ കഥാപാത്രത്തിലൂടെയാണ് മലയാളികൾക്കിടയിൽ ഹണി റോസ് സുപരിചിതയാകുന്നത്. മലയാളിയെക്കൊണ്ട് മൂക്കത്ത് വിരൽ വയ്പ്പിച്ച, ശ്ശൊ എന്നാലും ഒരു പെണ്ണ് ഇങ്ങനൊക്കെ എന്നു പറയിപ്പിച്ച കഥാപാത്രം. സ്വതന്ത്രമായി നിൽക്കുന്ന നായികാ വേഷം ചെയ്യാനായി എന്നതു തന്നെയാണ് ഹണി റോസിന്റെ പ്രത്യേകതികളിലൊന്നും.

പുരികം ചുളിച്ചു വച്ചാണ് മലയാളികൾ ആദ്യം ഹണിയെ നോക്കിയതെങ്കിലും പക്ഷേ നമ്മുടെ ഇഷ്ട നായികമാരുടെ കൂട്ടത്തിക്കെത്താൻ ഹണിക്ക് അധിക സമയം വേണ്ടി വന്നില്ല. മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഹണി. അഭിനയ വിസ്മയത്തിനൊപ്പമുള്ള സിനിമയ്ക്കു ശേഷം ഹണി റോസിന് പറയാനുള്ളതെന്താണ്. വായിക്കാം....

ഇങ്ങനൊരാൾ ഇതാദ്യം

ഇത്രയേറെ പ്രചോദനം തരുന്ന മറ്റൊരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. മോഹന്‍ലാലെന്ന നടൻ എന്നെ സംബന്ധിച്ച് ഒരു വിസ്മയം തന്നെയായിരുന്നു. എനിക്കെന്നല്ല അഭിനയത്തെ ഇഷ്ടമുള്ള ഏതൊരാൾക്കും അതങ്ങനെ തന്നെയാകും. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷൻ അത്രയ്ക്കാണ്. നമുക്കൂഹിക്കാവുന്നതിലുമപ്പുറം. അത് നേരിട്ട് കാണുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാനാകാത്തതാണ്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ ഇടപഴകാൻ എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ സെറ്റിൽ മോഹൻലാലെന്ന നടൻ അങ്ങനെയാണം. സിനിമയുടെ ഓരോ ഇടത്തിലും മോഹൻലാൽ ടച്ച് ഉണ്ടാകും എന്നാണ് മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നതാണ് ഞാനെന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യങ്ങളിലൊന്ന്. ഇനിയത് ഇല്ല എന്നത് മറ്റൊരു വലിയ സന്തോഷവും.

mohanlal-honey

പേടിയോ...അതൊക്കെ അപ്പൊഴേ പോയില്ലേ.,,,

മോഹൻലാലിനൊപ്പം അഭിനയിക്കുകയെന്നത് സ്വപ്നമായിരുന്നുവെങ്കിലും, സംഗതി കാര്യമായപ്പോൾ നല്ല പേടിയുണ്ടായിരുന്നു. ആളെ കണ്ടപ്പോൾ‌ നെർവസ് ആയിപ്പോയി. പക്ഷേ പിന്നീടുള്ള ഷൂട്ടിങ് ദിനങ്ങളിലൊന്നും അങ്ങനുണ്ടായില്ല. അതിന് ലാലേട്ടൻ അവസരം തന്നില്ലെന്നു വേണം പറയാൻ. അത്രയേറെ കംഫർട്ടബിൾ ആയിരുന്നു അദ്ദേഹം. ഓരോ നിമിഷവും എൻജോയ് ചെയ്ത് ജോലി ചെയ്യാം അദ്ദേഹത്തിനൊപ്പമാണെങ്കിൽ. വളരെ കൂൾ ആണ്. നമ്മൾക്കെപ്പോഴെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയാൽ‌ അതിനെ വളരെ കൂളായി ഇല്ലാതാക്കും അദ്ദേഹം. ഷൂട്ടിങ് ദിവസങ്ങളിൽ എല്ലാവരും ഒരുപോലെ പ്രതിസന്ധിയിലായ ദിവസങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച് ദോഹയിലെ കടുത്ത ചൂടിൽ ഷൂട്ട് ചെയ്യേണ്ടി വന്നപ്പോൾ. ലാലേട്ടനായിരുന്നു ആ സമയത്ത് എല്ലാവർക്കും വലിയ പ്രോത്സാഹനം തന്നത്.

അന്ന ചെറുതാണ്...പക്ഷേ

സത്യം പറഞ്ഞാൽ എന്റെ അഭിനയം വിലയിരുത്താനൊന്നുമാകില്ല കനലിലെ കഥാപാത്രത്തിലൂടെ. കാരണം സിനിമയിലുടനീളമുള്ള ഒരു കഥാപാത്രമല്ല. എന്നാൽ ഒരുപാട് പ്രാധാന്യമുള്ളതാണു താനും. സിനിമ കണ്ടു കഴിയുമ്പോൾ അന്ന മനസിലുണ്ടാകുമെന്നെനിക്കുറപ്പുണ്ട്. അത്തരത്തിലുള്ള കഥാപാത്രമാണത്. സിനിമയുടെ തുടക്കം മുതൽ അവസാന നിമിഷത്തിലെ സസ്പെൻസ് വരെ ആ കഥാപാത്രത്തിന് പ്രാധാന്യമുണ്ട്.

honey

പ്രേമിച്ച് മാത്രം നടക്കാത്തത് നന്നായി

എനിക്ക് കിട്ടിയ കഥാപാത്രങ്ങളെല്ലാം അൽപം വ്യത്യസ്തമാർന്നതാണ്. അത് നന്നായെന്ന് തോന്നുന്നു. പ്രണയ നായിക മാത്രമായി ഒതുങ്ങിപ്പോകാൻ എനിക്ക് ആഗ്രഹമില്ല. കാരക്ടറിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് നോക്കിയാണ് സിനിമ തിരഞ്ഞെടുത്തത്. ഇനിയും അങ്ങനെ തന്നെ. കിട്ടുന്നത് ആഴത്തിലുള്ള കഥാപാത്രങ്ങളായിരിക്കണം. ആ കഥാപാത്രത്തിലൂടെ നമുക്ക് ജീവിതത്തിലായാലും പ്രൊഫഷനിലായാലും എന്തെങ്കിലും പാഠമുൾക്കൊള്ളാൻ കഴിയണം, എന്തെങ്കിലും നേടാനാകണം. കരിയറിൽ വലിയ മാറ്റത്തിന് തുടക്കമിട്ട സിനിമയാണ് ട്രിവാൻഡ്രം ലോഡ്ജ്. അതിലെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് നന്നായി. ഒരു റൊമാന്റിക് നായിക മാത്രമായിരുന്നുവെങ്കിൽ എനിക്കിങ്ങനെയൊന്നും ചെയ്യാനാകുമായിരുന്നില്ല.

സോഷ്യൽ മീഡിയയും ഞാനും തമ്മിൽ‌

ചെയ്ത കഥാപാത്രങ്ങളെ വച്ച് നോക്കുമ്പോൾ സോഷ്യൽ മീഡിയ വഴി നല്ല പണികൾ പ്രതീക്ഷിക്കേണ്ടതാണ്. പക്ഷേ എനിക്കങ്ങഃനൊരു അനുഭവമില്ല. ഒത്തിരി നല്ല ഫോളോവേഴ്സ് ആണ്. ഇപ്പോഴത് അഞ്ച് ലക്ഷത്തിനടുത്തെത്തി. എനിക്ക് തോന്നുന്നു ഞാൻ എങ്ങനെയുള്ളയാളാണ് എന്നത് എന്റെ എഫ് ബി പേജിലൂടെ ഞാൻ പങ്കുവയ്ക്കുന്നുണ്ട്. അവർ തരുന്ന സന്ദേശങ്ങൾക്ക് പരമാവധി മറുപടി കൊടുക്കുവാൻ ശ്രദ്ധിക്കാറുണ്ട്. അതൊക്കെക്കൊണ്ടാകും. ഫോട്ടോ ഇട്ടാലുമൊക്കെ നല്ല പ്രതികരണമാണ്. മോശം കമന്റുകൾ‌ വളരെ കുറവാണ്. ഒരുപാട് നല്ല സന്ദേശങ്ങൾ ലഭിക്കാറുണ്ട്. ഫേസ്ബുക്കിലുള്ളവർ പുറത്തുവച്ച് കണ്ടാലും നല്ല സ്നേഹമാണ്. അതൊരു ഭാഗ്യമായി കരുതുന്നു. എന്നും അങ്ങനെ തന്നെയാകട്ടെ.

Kanal Pathukke Entho Ft Mohanlal, Honey Rose

കോമഡി ചെയ്യാൻ മോഹം

കോമഡി സിനിമകൾ ഏറെ കാണുന്നൊരാളാണു ഞാൻ. നല്ലൊരു കോമഡി കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹങ്ങവിലൊന്നാണ്. ഒത്തിരി ഇഷ്ടമാണ് അങ്ങനെ അഭിനയിക്കാൻ.

ഇനി

പത്മ കുമാർ സർ അനൂപ് മേനോനെ നായകനാക്കി ചെയ്യുന്ന സിനിമയാണ് അടുത്തത്. പിന്നെ സുേരഷ് ഗോപി നായകനായ മൈ ഗോഡ് ഉടൻ പുറത്തിറങ്ങും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.