പ്രണവ് മോഹന്‍ലാലിനോട് ബഹുമാനം: ജീത്തു

ഒരിക്കൽ മാത്രം അസിസ്റ്റന്റ് ഡയറക്ടറായ പരിചയവുമായി സിനിമ ചെയ്യാനിറങ്ങി മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടമൊരുക്കിയ സിനിമാറ്റിക് ജീവിതകഥയാണു ജീത്തു ജോസഫിന്റേത്. കലക്‌ഷൻ റെക്കോർഡുകളെല്ലാം തകർത്ത ദൃശ്യത്തിനും അതിന്റെ തമിഴ്പതിപ്പായ പാപനാസത്തിനും ശേഷം ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ പണിപ്പുരയിലാണിപ്പോൾ ജീത്തു. മൈബോസ്, മെമ്മറീസ്, ദൃശ്യം എന്നിങ്ങനെ തുടർച്ചയായി മൂന്നു വ്യത്യസ്ത സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ പുത്തൻ സിനിമയിൽ കരുതി വച്ചിരിക്കുന്ന രസക്കൂട്ടെന്താവും?

ദൃശ്യത്തിനു ശേഷമുള്ള സിനിമയെന്ന നിലയിൽ വലിയ പ്രതീക്ഷയാണു പ്രേക്ഷകർക്ക്. പ്രതീക്ഷയുടെ ആ ഭാരം അനുഭവപ്പെടുന്നുണ്ടോ?

എനിക്ക് ഒരു ടെൻഷനുമില്ല. ഞാൻ സിനിമ ചെയ്യുമ്പോൾ മനസ്സിൽ വയ്ക്കുന്നതു രണ്ടു കാര്യങ്ങളാണ്. ഒന്ന്: പണം മുടക്കിയ പ്രൊഡ്യൂസർക്കു നഷ്ടം വരുത്തരുത്. രണ്ട് : നല്ല സിനിമയാണെന്ന് ആളുകൾ പറയണം. അല്ലാതെ വമ്പൻ കലക്‌ഷൻ ലക്ഷ്യം വച്ചല്ല സിനിമ ചെയ്യുന്നത്.

∙‘ലൈഫ് ഓഫ് ജോസൂട്ടി’ പറയുന്നതെന്താണ്?

ഓരോ സിനിമ ചെയ്യുമ്പോഴും ഒരേ ടൈപ്പ് കഥകൾ പറയാതിരിക്കാനും വ്യത്യസ്ത രീതിയിൽ ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. ലൈഫ് ഓഫ് ജോസൂട്ടിയും അങ്ങനെ തന്നെ. കട്ടപ്പനക്കാരനായ ജോസൂട്ടി എന്ന കർഷകന്റെ 10 വയസു മുതൽ 40 വയസുവരെയുള്ള ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ആ 30 വർഷക്കാലത്തിനിടെ അയാളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നവർ, അവരുടെ ജീവിതത്തിലെ ശരി തെറ്റുകൾ എല്ലാം ഈ സിനിമയിലുണ്ട്. ദൃശ്യം പോലെ സസ്പെൻസുള്ളതോ മൈ ബോസ് പോലെ മുഴുനീള ഹാസ്യമുള്ളതോ ആയ സിനിമയല്ല. വില്ലനൊന്നുമില്ല. ഒരു ഫാന്റസി എലമെന്റുമുണ്ട്. പകുതിയോളം ഭാഗങ്ങളും ന്യൂസീലൻഡിലാണു ഷൂട്ട് ചെയ്തിരിക്കുന്നത്. 25 ദിവസമായിരുന്നു അവിടുത്തെ ഷൂട്ടിങ്. അവിടെ ഭൂമി തിളച്ചു പുകയുന്ന പ്രദേശമായ റൊട്ടൊറുവയിലൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെയുള്ള മലയാളികളുടെ സഹകരണം വലുതായിരുന്നു. അവരിൽ ചിലർ അഭിനയിച്ചിട്ടുമുണ്ട്. അടുത്ത മാസം തിയറ്ററുകളിലെത്തും. ലൈഫ് ഓഫ് ജോസൂട്ടി ഒരു മോശം സിനിമയല്ല എന്ന ഗാരന്റി മാത്രമേ ഇപ്പോൾ പറയാനാവൂ.

മറ്റൊരാളുടെ തിരക്കഥയിൽ ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കഴിഞ്ഞ അഞ്ചു സിനിമയ്ക്കും സ്വന്തം തിരക്കഥ തന്നെയായിരുന്നു. മെമ്മറീസ് ചെയ്യുന്ന സമയത്താണ് ഈ സിനിമയുടെ തിരക്കഥയുമായി രാജേഷ് വർമ എത്തുന്നത്. അതിൽ ഒരു നല്ല എലമെന്റ് ഉണ്ടെന്നു തോന്നിയിരുന്നു. പിന്നീട് എനിക്കു തോന്നിയ ചില നിർദേശങ്ങൾ ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പാപനാസവും വലിയ ഹിറ്റായി. എന്തുകൊണ്ടാണു ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാത്തത്?

അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതു വലിയ കാര്യമാണ്. മലയാളത്തിലും തമിഴിലും ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് അഭിനേതാക്കളായ മോഹൻലാലും കമലഹാസനുമാണു മുഖ്യ വേഷത്തിൽ അഭിനയിച്ചത്. മറ്റ് അഭിനേതാക്കളേയും യോജിച്ചവരെ തന്നെ കിട്ടി. ഹിന്ദിയിലും സംവിധാനം ചെയ്യണമെന്ന ഓഫർ വന്നതാണ്. എന്നാൽ അതിലെ കാസ്റ്റിങ്ങിനോട് എനിക്കു യോജിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണു പ്രധാനമായും വേണ്ടെന്നു വച്ചത്. ഹിന്ദി പതിപ്പു കണ്ടവരും കാസ്റ്റിങ് അത്ര മികച്ചതായില്ലെന്ന അഭിപ്രായമാണു പങ്കുവച്ചത്. പുതിയ സിനിമ ചെയ്യുന്നതിന്റെ തിരക്കുമുണ്ടായിരുന്നു.

∙പാപനാസത്തെത്തുടർന്നു തമിഴിൽ നിന്നു കൂടുതൽ ഓഫറുകൾ ലഭിച്ചോ?

തമിഴിലും തെലുങ്കിലും വലിയ രണ്ടു താരങ്ങളുടെ സിനിമ സംവിധാനം ചെയ്യാനുള്ള ഓഫർ വന്നിട്ടുണ്ട്. മലയാളത്തിൽ നേരത്തെ പറഞ്ഞുറപ്പിച്ച പ്രോജക്ടുകൾ ഉള്ളതിനാൽ പെട്ടെന്നു കഴിയില്ല. അവരും തിരക്കിലാണ്. സിനിമ ചെയ്യാൻ ഞാൻ ഒരിക്കലും തിരക്കുകൂട്ടാറില്ല. ഒരു സിനിമ പൂർണമായും ചെയ്തു തീർത്ത ശേഷമേ അടുത്ത സിനിമയെക്കുറിച്ച് ആലോചിക്കാനാവൂ. സ്ക്രിപ്റ്റ് തൃപ്തികരമായ രീതിയിൽ പൂർത്തിയാക്കിയ ശേഷമാണു ഷൂട്ടിങ് തുടങ്ങുന്നത്. സ്ക്രിപ്റ്റിങ്ങിനാണു കൂടുതൽ സമയമെടുക്കുന്നത്. ആദ്യ സിനിമയായ ഡിറ്റക്ടീവിന്റെ തിരക്കഥ എഴുതി തീർക്കാൻ അഞ്ചു വർഷമെടുത്തു. തിരക്കഥ വായിച്ച പരിചയമേ അന്നുണ്ടായിരുന്നുള്ളൂ. ഫെ‌ാറൻസിക് വിദഗ്ധരെയൊക്കെ കണ്ടാണ് ആ സിനിമ എഴുതിയത്. ഏറ്റവും വേഗത്തിലെഴുതിയ തിരക്കഥ മൈ ബോസിന്റേതാണ്. സിനിമ തലയ്ക്കു പിടിച്ച 1990–കളിലൊക്കെ ആലോചിച്ച പ്രമേയങ്ങളും മനസ്സിലുണ്ട്. അടുത്ത ചെയ്യുന്ന പൃഥ്വിരാജ് സിനിമയുടെ കഥയും ഇത്തരത്തിൽ തൊണ്ണൂറുകളുടെ അവസാനം മനസ്സിൽ രൂപപ്പെട്ടതാണ്.

∙മോഹൻലാലിന്റെ മകൻ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറായി കൂടെയുണ്ടല്ലോ?

എനിക്ക് ഏറെ ഇഷ്ടവും ബഹുമാനവുമാണു പ്രണവിനോട്. അതു മോഹൻലാലിന്റെ മകനായതുകൊണ്ടല്ല. അയാളുടെ കഴിവും വ്യക്തിത്വവും കൊണ്ടാണ്. സ്വന്തമായി ഒരു ഐഡന്റിറ്റി പ്രണവിനുണ്ട്. കാര്യങ്ങളെക്കുറിച്ചു നല്ല ധാരണയാണ്. ഒരു ജോലി ഏൽപ്പിച്ചാൽ കഠിനാധ്വാനം ചെയ്തിട്ടായാലും ആത്മാർഥതയോടെ ചെയ്തു തീർക്കും. വളരെ സിംപിളാണെന്നതാണു മറ്റൊരു സവിശേഷത. പാപനാസം നിർമിച്ചതു പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയാണ്. അന്നു ഞങ്ങളെല്ലാം ഹോട്ടലിൽ താമസിക്കുമ്പോൾ പ്രണവിനും അവിടെ മുറിയെടുത്തിരുന്നു. എന്നാൽ മറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ താമസിക്കുന്ന ലോഡ്ജിൽ തന്നെ താനും തങ്ങിക്കോളാം എന്നു പറഞ്ഞു പ്രണവ് അവർക്കൊപ്പം താമസിക്കുകയായിരുന്നു. മോഹൻലാലിന്റെ മകനെന്ന നിലയിൽ പ്രത്യേകിച്ച് ഒരു കാര്യവും പ്രണവ് ആഗ്രഹിക്കുന്നുമില്ല, ആവശ്യപ്പെടാറുമില്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.

∙അടുത്ത പ്രോജക്ടുകൾ?

പൃഥ്വിരാജ് നായകനാവുന്ന സിനിമ കഴിഞ്ഞാൽ കാവ്യാ മാധവൻ മുഖ്യ കഥാപാത്രമാവുന്ന നായികാ പ്രാധാന്യമുള്ള സിനിമയാണ്. അതിനു ശേഷം വീണ്ടും മോഹൻലാൽ ചിത്രം.