Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ജിഷ്ണു എങ്ങുമേ പോയിട്ടില്ല: രാഘവൻ

raghavan-jishnu രാഘവനും ജിഷ്ണുവും

ഫോണിന്റെ അങ്ങേത്തലയ്ക്കൽ വണ്ടികളുടെ വലിയ ബഹളം കേൾക്കാമായിരുന്നു. അതിനിടയിലൂടെയാണ് ആ നേർത്ത ശബ്ദത്തോടും സാന്നിധ്യത്തോടും സംസാരിച്ചു തുടങ്ങിയത്. മകന്റെ മരണത്തെക്കുറിച്ച് ഒരച്ഛനോട് സംസാരിക്കുക ഒട്ടുമേ എളുപ്പമുള്ള കാര്യമല്ല, അതും ഫോൺവഴി. ചോദ്യം എവിടെയോ കുടുങ്ങി നിന്നപ്പോൾ, മൗനം ഫോണിന്റെ ഇരപ്പിന് വഴിമാറിയപ്പോൾ, പെട്ടെന്ന് പക്ഷേ എന്തോ പ്രതീക്ഷകൾക്കപ്പുറം നിന്ന് അദ്ദേഹം പറഞ്ഞു....

അവനിത്ര വേഗം കടന്നുപോകുമെന്ന് കരുതിയിരുന്നേയില്ല. ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ശരീരം മാത്രമേ കടന്നുപോയിട്ടുള്ളൂവെന്നാണ്. അവനിപ്പോഴും കൂടെയുണ്ടെന്നും. അത്തരത്തിലുള്ള തത്വ ചിന്തകളിൽ വിശ്വസിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ എനിക്കിങ്ങനെ പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. ജിഷ്ണുവിനെ കുറിച്ച് അവന്റെ അച്ഛൻ പറഞ്ഞതും ഇപ്പോൾ വിശ്വസിക്കുന്നതും അങ്ങനെയാണ്.

jishnu ജിഷ്ണു

ഒരുപാട് സ്നേഹമുള്ള കുട്ടിയായിരുന്നു. അതുപോലെ തന്നെയുണ്ടായിരുന്നു ആത്മവിശ്വാസവും. അവസാന നിമിഷം വരെ അതൊപ്പമുണ്ടായിരുന്നു. ജീവിതത്തെ ഒരുപാട് സ്വപ്നങ്ങളോടയും പ്രതീക്ഷകളോടെയും സമീപിച്ച സമയത്താണ് അസുഖമെത്തുന്നത്. എങ്ങനെ ആ യാഥാർഥ്യത്തെ നേരിട്ടുവെന്ന് പലരും ചോദിച്ചിട്ടുണ്ട്...എന്താ പറയുക അല്ലാതെ വേറെന്താണ് ചെയ്യുക, ഒളിച്ചോടാനൊന്നും കഴിയില്ലല്ലോ. അങ്ങനെയങ്ങ് ജീവിച്ചു.

ഭക്ഷണം ഒരുപാടിഷ്ടമുള്ള ആളായിരുന്നു. അസുഖം ബാധിച്ചതോടെ ഓപ്പറേഷനൊക്കെ കഴിഞ്ഞതോടെ ഏറ്റവും ബുദ്ധിമുട്ട് അതിനായിരുന്നു. അസുഖം ഭേദമാകുമെന്ന് തന്നെ ഞങ്ങൾ ഉറച്ച് വിശ്വസിച്ചിരുന്നു.

jishnu-1 രാഘവനൊപ്പം ജിഷ്ണു കുട്ടിക്കാലത്ത്

കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്ന് പറയുമ്പോൾ പോലും അവൻ ചിന്തിച്ചത് സിനിമയെ കുറിച്ചായിരുന്നു. കാരണം അന്ന് ഒരു തമിഴ് പടവും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പും ഷൂട്ട് ചെയ്യുകയായിരുന്നു. അവന്റെ ഭാഗം കുറച്ചു കൂടിയേ ചെയ്ത് തീർക്കാനുണ്ടായിരുന്നുള്ളൂ.

jishnu-family ജിഷ്ണു മാതാപിതാക്കൾക്കൊപ്പം

അർബുദത്തെ ചെറുത്ത മന്ദഹാസം

jishnu-childhood ജിഷ്ണു കുട്ടിക്കാലത്ത് മാതാപിതാക്കൾക്കൊപ്പം

ശസ്ത്രക്രിയ ഉടൻ ചെയ്താൽ കുറേ നാൾ വിശ്രമം വേണ്ടി വരും. അതുവരെ ഈ ചെറിയ ഭാഗത്തിനു വേണ്ടി അവർ വെയ്റ്റ് ചെയ്യണ്ടേ...ബുദ്ധിമുട്ടാകില്ലേ എന്നു ചിന്തിക്കുകായിരുന്നു അവൻ. പിന്നെ പെട്ടെന്നു തന്നെ ഷൂട്ടിങ് പൂർത്തിയാക്കി. ഇതിനിടയിൽ ഒരു ആക്ടിങ് കോഴ്‌സും പൂർത്തിയാക്കിയിരുന്നു.

Jishnu ജിഷ്ണുവിന്റെ ആദ്യചിത്രമായ നമ്മളിന്റെ പൂജാവേളയിൽ രാഘവനും സിദ്ധാർത്ഥിനും കെപിഎസി ലളിതയ്ക്കുമൊപ്പം

പിന്നീട് ബാംഗ്ലൂരിൽ വച്ച് നടത്തിയ സർജറി വിജയകരമായിരുന്നു. പിന്നെ സ്പീച്ച് തെറാപ്പിയും ചെയ്തു. എല്ലാം നല്ലതായെന്ന് വിശ്വസിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ പിന്നീട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ വീണ്ടും അസുഖം തിരികെയെത്തി. തൊണ്ടയിൽ മുഴയായിട്ട്. അന്നുതൊട്ട് വീണ്ടും കടുത്ത മരുന്നുകളുടെ ലോകത്തായിരുന്നു. എത്ര ക്ഷീണിച്ചാലും അതു തുറന്നു പറയില്ല. വേദനയാണെങ്കിലും അങ്ങനെ തന്നെ. എന്നെപ്പോലും അവൻ അത്ഭുതപ്പെടുത്തി.

കാറ്റിൽ കെട്ടുപോയ ഊർജ്ജപ്രവാഹം; സുഹൃത്തുക്കളുടെ സ്വന്തം ജിഷ്ണു

ഡോക്ടർമാരോടും ആശുപത്രിയിലെ മറ്റ് രോഗികളോടും കാണാനെത്തുന്നവരോടും സന്തോഷ‌ത്തോടെ ചിരിച്ച് പെരുമാറുമായിരുന്നു. എല്ലാവരും അതു പറയുകയും ചെയ്തിരുന്നു...അസുഖം തിരിച്ചറിയാൻ വൈകിയതാണോ എന്താണിങ്ങനെയെന്നൊന്നും പറയാനറിയില്ല.

ആരുടെയും കുറ്റമൊന്നുമല്ലല്ലോയിത്....പ്രായത്തിന്റെ കിതപ്പവും ജീവിതത്തിലെ കണ്ണീരും നനവു പടർത്തിയ ശബ്ദത്തിൽ സംസാരം പിന്നെയങ്ങ് മുറിഞ്ഞു... പിന്നീടൊന്നും ചോദിച്ചതുമില്ല. പക്ഷേ കേട്ടിരിക്കുമ്പോൾ നമുക്കും തോന്നും ഈ എഴുതുന്നതും എഴുതിയതുമൊക്കെ കള്ളമാണെന്ന്. ജിഷ്ണു എങ്ങുമേ പോയിട്ടില്ലെന്ന്.

Your Rating: