അടി ജോണേ ‘കൂട്ടമണി’

ജോണ്‍ വർഗീസ്

സിനിമാ മോഹങ്ങളുമായി പതിനായിരത്തിലധികം പേർ എറണാകുളത്ത് എപ്പോഴുമുണ്ടെന്നാണു സിനിമാ പ്രവർത്തകരുടെ കണക്ക്. ജോൺ വർഗീസും അവരിൽ ഒരാളായിരുന്നു. എന്നാൽ കഴിവും ഭാഗ്യവും ഉണ്ടെങ്കിൽ അവസരമുണ്ടെന്നതിന് ഈ ചെറുപ്പക്കാരൻ ഉദാഹരണമാണ്. കേരളത്തിലെ ഏതൊരു സംവിധായകനും മോഹിക്കുന്ന വിജയ്ബാബു – സാന്ദ്ര തോമസ് ടീമിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ 26 വയസു മാത്രം പ്രായമുള്ള ജോൺ വർഗീസിന്റെ ആദ്യ ചിത്രം ക്രിസ്മസിനു റിലീസ് ചെയ്യുന്നു, ‘അടി കപ്യാരെ കൂട്ടമണി’.

മറ്റു പലരെയും പോലെ ബിരുദത്തിനു ശേഷം ജോൺ മനസിൽ ഉറച്ചു, തന്റെ മേഖല സിനിമയാണ്. സുരേഷ് ഉണ്ണിത്താന്റെ ഒപ്പം സീരിയലുകളിൽ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. ഉണ്ണിത്താന്റെ തന്നെ അയാൾ എന്ന സിനിമയിലും അദ്ദേഹത്തിന്റെ മകന്റെ സിനിമയിലും സഹ സംവിധായകനായി. പിന്നീടു തമിഴിൽ നിരവധി പരസ്യചിത്രങ്ങൾക്കൊപ്പമായിരുന്നു. വർഷങ്ങളുടെ പരിചയം സ്വന്തമായി ചിത്രം ചെയ്യാമെന്ന ആത്മവിശ്വാസം നൽകി. മനസിൽ തെളിഞ്ഞ കഥ അക്ഷരങ്ങളായി. എഴുതാൻ കോളജ് ഹോസ്റ്റൽ താമസത്തിനിടയിലെ രസകരമായ അനുഭവങ്ങൾ ഏറെ. സഹപാഠിയും സുഹൃത്തുമായ അഭിലാഷ് എസ്. നായരുമൊന്നിച്ചായിരുന്നു തിരക്കഥാ രചന.

തിരക്കഥ പൂർത്തിയായതോടെ നിർമാതാവിനെ കണ്ടെത്തുകയെന്ന യഥാർഥ വെല്ലുവിളിയെത്തി. പുതിയ ആളുടെ സിനിമയ്ക്കു പണം മുടക്കാൻ പലർക്കും ധൈര്യക്കുറവ്. ഒന്നര വർഷത്തോളം തിരക്കഥയുമായി നിർമാതാവിനെത്തേടി അലഞ്ഞു.

ഫ്രൈഡേ ഫിലിംസ് പുതുമുഖങ്ങളെ പ്രോൽസാഹിപ്പിക്കുന്നതറിഞ്ഞു രണ്ടും കൽപിച്ചു വിജയ്ബാബുവിനെ സമീപിക്കുകയായിരുന്നു. തിരക്കഥ നൽകി. അടുത്ത ദിവസം തന്നെ തിരികെ വിളിയെത്തി. ഫ്രൈഡേ ഫിലിം ഹൗസും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നു ചിത്രം നിർമിക്കുന്നു. ഒരു സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു അവിടെ.

മെൻസ് ഹോസ്റ്റലിൽ അകപ്പെട്ടുപോകുന്ന പെൺകുട്ടിയുടെ കഥയാണ് ‘അടി കപ്യാരെ കൂട്ടമണി’. നർമത്തിനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അജുവർഗീസ്, നീരജ് മാധവ്, വിനീത് മോഹൻ, ബിജുക്കുട്ടൻ തുടങ്ങിയവർ ഒന്നിക്കുന്നു. നമിതാ പ്രമോദാണു നായിക. മുകേഷ് ആദ്യമായി വൈദികന്റെ വേഷം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.

തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു ഹോസ്റ്റൽ രംഗങ്ങൾ ചിത്രീകരിച്ചത്. പത്തനാപുരം മാക്കുളം മാന്തുണ്ടിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോൺ തോമസിന്റെയും റോസമ്മയുടെയും മകനാണു ജോൺ വർഗീസ്. ഇപ്പോൾ തിരുവനന്തപുരത്തു വട്ടപ്പാറയിലാണു താമസം. സഹോദരൻ രാജ് കിരൺ തോമസ്.