ഉട്ടോപ്യയിലേത് ഒരു പുതിയ രാജാവ്

കുടുംബബന്ധങ്ങൾ, പ്രണയം, സൗഹൃദം തുടങ്ങിയ ഒരു മനുഷ്യ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളും കൈയ്യൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് മലയാളത്തിലെ ഇൗ മുതിർന്ന സംവിധായകൻ. ഫിക്ഷനുകൾ മാത്രമുള്ള ജീവിത കഥയും തനിക്കു നന്നായി വഴങ്ങുമെന്ന് ‘സെല്ലുലോയിഡ്’ എന്ന ഒരൊറ്റ സിനിമകൊണ്ടദ്ദേഹം തെളിയിച്ചു. പലപ്പോഴും കാലത്തിനൊത്തു സഞ്ചരിച്ച മനസ്സാണു കമൽ എന്ന സംവിധായകൻറേത്. കാലത്തിന്റെ ട്രെൻഡുകൾ‌ക്കനുസരിച്ചു സഞ്ചരിച്ചപ്പോഴും സിനിമയിൽ പരീക്ഷണങ്ങൾക്കും അദ്ദേഹം മുതിർന്നിട്ടുണ്ട്. ഇൗ ഒാണക്കാലത്തു മമ്മൂക്കയെ നായകനാക്കി ‘ഉട്ടോപ്യയിലെ രാജാവ്’ വുമായി കമൽ എത്തുന്നു.

‘ഉട്ടോപ്യയിലെ രാജാവ്’ നെക്കുറിച്ച് കമല്‍ മനോരമ ഒാൺലൈനോട്:

എന്താണു ‘ ഉട്ടോപ്യയിലെ രാജാവ് ’ എന്ന സിനിമ ?

ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ സറ്റയർ ആണ് ‘ ഉട്ടോപ്യയിലെ രാജാവ് ’. വളരെ റിയലസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു സിനിമയാണ്. സാധാരണ പൊളിറ്റിക്കൽ സിനിമ എടുക്കുമ്പോൾ കാര്യങ്ങൾ ഊതിവീർപ്പിച്ച് ഹീറോയെക്കൊണ്ടു വൻ ഡയലോഗുകൾ പറയിപ്പിക്കുകയും മറ്റും ചെയ്യും. ഇൗ സിനിമയിൽ അങ്ങനെയൊരു രീതിയില്ല.

സി.പി സ്വതന്ത്രൻ എന്ന വ്യക്തി കാണുന്ന ആളുകളും അവരുടെ പ്രശ്നങ്ങളുമാണ് സിനിമയിൽ. കോക്രാങ്കര എന്ന ഗ്രാമത്തിന്റെ കഥയാണിത്. പ്രതിമകളും കാക്കകളും കഴുതകളും സംസാരിക്കുന്നു ചിത്രത്തിൽ. റിയൽ ക്യാരക്ടറിനൊപ്പം ഇവ സങ്കൽപ്പിക കഥാപാത്രങ്ങള്‍ ആകുന്നു.

മമ്മൂട്ടി എന്ന നടൻ ഇൗ ‌സിനിമയിലൂടെ എന്താകും പ്രക്ഷേകർക്കു നൽ‌കുക?

മമ്മൂട്ടി ഒരു മെഗാ സ്റ്റാർ ആണ്. എന്നാൽ ഇൗ സിനിമ അദ്ദേഹത്തിന്റെ ഒരു മെഗാ സ്റ്റാർ സിനിമയാവില്ല. വളരെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ്. ഒരു സാധാരണക്കാരനായ മനുഷ്യൻ. മമ്മൂട്ടി ചെയ്തിട്ടുള്ള നല്ല സിനിമകളുടെ പട്ടികയിൽ ഒന്നാകും ഇത്.

കറുത്ത പക്ഷികൾക്കു ശേഷം 9 വർഷങ്ങൾ. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം വീണ്ടും. ഇൗ ഇടവേളയ്ക്ക് എന്തെങ്കിലും കാരണമുണ്ടോ?

ഒന്നും ബോധപൂർവ്വമല്ല. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. മമ്മൂട്ടി അദ്ദേഹത്തിന്റേതായ രീതിയിൽ സിനിമ ചെയ്യുന്നു. ഞാൻ എന്റേതായ രീതിയിലും. അപ്പോൾ ഇടവേള സ്വാഭാവികമായും സംഭവിക്കുമല്ലോ. മമ്മൂട്ടി മാത്രമല്ല മോഹന്‍ലാലുമായും ജയറാമുമായുമൊക്കെ എനിക്കിങ്ങനെ ഒരു ഇടവേള ഉണ്ടായിട്ടുണ്ട്. ഒന്നും ആലോചിച്ചുറപ്പിക്കുന്നതൊന്നുമല്ല.

വളരെ നാളുകൾക്കു ശേഷം താങ്കളും ജയറാമും ഒന്നിച്ച സിനിമയായിരുന്നു ‘നടൻ’. അർഹിക്കുന്ന അംഗീകാരം ആ സിനിമയ്ക്കു കിട്ടാതെ പോയതായി തോന്നിയിട്ടുണ്ടോ?

‌നാടകക്കാരുടെ ജീവിതം ഇതിവൃത്തമാക്കിയിട്ടുള്ള സിനിമയായിരുന്നു ‘നടൻ’. അതിനു അർഹിക്കുന്ന അംഗീകാരവും പ്രതികരണവും ലഭിച്ചില്ല. പ്രൊഫഷനൽ നാടക കലാകാരന്മാർ കേരളത്തിന്റെ സമൂഹത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നു ഒരു കാലത്ത്. പുതിയ തലമുറയോടു അവരുടെ ജീവിതം ആസ്പദമാക്കി ഒരു കഥ പറയണമെന്നു കരുതിയാണ് ആ സിനിമ ചെയ്തത്. എന്നാൽ, പുതിയ തലമുറ നാടകങ്ങളിൽ നിന്നൊക്കെ വളരെ ദൂരെയാണ്. അവർ‌ക്ക് ആ സിനിമ ഉൾ‌ക്കൊള്ളാനും സ്വീകരിക്കാനും സാധിച്ചില്ല.

നിറം, നമ്മൾ... തുടങ്ങി ഹിറ്റ് ലിസ്റ്റിൽ പെടുന്ന നല്ല കാമ്പസ് ചിത്രങ്ങൾ സംവിധാനം ചെയ്ത ആളെന്ന നിലയിൽ ഇന്നത്തെ കാമ്പസ് ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം എന്താണ്?

കാമ്പസ് സിനിമ എങ്ങനെയാവണമെന്ന് ആധികാരികമായി പറയുവാൻ ഞാന്‍ ആളല്ല. പുതിയ കാമ്പസ് ലൈഫിൽ എന്തു നടക്കുന്നു എന്നും എനിക്കറിയില്ല. പക്ഷേ, ഇന്നത്തെ യുവാക്കളിൽ ഒരു മാറ്റം വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളെയും ഒരു ലാഘവത്തോടെ അവർ സമീപിക്കുന്നു. ഒരു ഐസ്ക്രീം കഴിക്കുന്നതുപോലെയാണ് കാര്യങ്ങൾ. ഒരു തരത്തിലുള്ള ഇമോഷൻസും സഹിക്കാൻ തയ്യാറല്ല.

പണ്ട് പ്രണയം നിശബ്ദമായിരുന്നു. അതിന് ഒരു അർത്ഥമുണ്ടായിരുന്നു. ഹൃദയത്തിൽ സൂക്ഷിക്കേണ്ടതു അന്നത്തെ തലമുറ എല്ലാ അർത്ഥത്തോടെയും ഹൃദയത്തിൽ സൂക്ഷിച്ചു കാത്തിരുന്നു. ഇന്നുള്ളവർ കാത്തിരിക്കുവാനോ വികാരങ്ങളെ നിയന്ത്രിക്കുവാനോ തയ്യാറല്ല. കാമ്പസിൽ മാത്രമല്ല, അതിനു പുറത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട്. കാമ്പസ് ജീവിതത്തെ കുറിച്ചു കുറച്ചുകൂടി അടുത്തറിയാമായിരുന്നപ്പോൾ ഞാൻ അധികം സിനിമകൾ എടുത്തു. ഇന്നുള്ള കാമ്പസിനെ അടുത്തറിയാത്തതുകൊണ്ട് അത്തരം സിനിമകൾ ചെയ്യുന്നില്ല.

ഒരു തിരക്കഥാകൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ വയ്ക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കൊയാണ്?

ഒന്നാമത്തേത്, എന്റെ ചിന്തകൾക്കും സങ്കൽപ്പത്തിനും ഒപ്പം ഒത്തു പോകാൻ കഴിയണം. എനിക്ക് പരിചിതമായ ലോകത്തുള്ള കഥയാവണം സിനിമ. മറ്റൊരു മാനദണ്ഡം, എന്റെ പഴയ സിനിമകളുടെ ഒരു ലാഞ്ചനയും പുതിയ സിനിമയിൽ ഉണ്ടാവാൻ പാടില്ല. മുൻപ് ഞാൻ പറയാത്ത പുതിയ കഥയാവണം പുതിയ സിനിമയ്ക്ക്.

അവാർഡിൽ മഞ്ജുവിനെ തഴഞ്ഞു. പ്രേമം സിനിമയ്ക്കെതിരായി സംസാരിച്ചു. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹമുണ്ടോ?

പ്രേമം സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒരുപാട് വന്നു കഴിഞ്ഞു. അതുകൊണ്ട് ഞാനായി ഇനി ഒന്നും പറയുന്നില്ല. ഒരു കാര്യം മാത്രം പറയാം, ആ സിനിമയേക്കുറിച്ചു ഞാൻ പറഞ്ഞതു വേറൊരു സാഹചര്യത്തിലായിരുന്നു. പിന്നെ, മഞ്ജുവിനെ അവാര്‍ഡിൽ തഴഞ്ഞു എന്നുള്ളതിൽ പ്രത്യേകിച്ച് കഴമ്പൊന്നുമില്ല. ഞാൻ ഒരാളല്ല അവാർഡ് കമിറ്റിയിൽ ഉണ്ടായിരുന്നത്. എനിക്ക് മാത്രം തീരുമാനം എടുക്കാമെങ്കിൽ എന്തു നന്നായിരുന്നു? അതൊക്കെ അവാർഡ് നിർണ്ണയ സമിതിയിലെ മറ്റുള്ള അംഗങ്ങളുടെ തീരുമാനം കൂടി അനുസരിച്ചായിരിക്കും. അവസാന റൗണ്ടിൽ ഒരു സിനിമ എത്തിയാലേ എന്തെങ്കിലും ചെയ്യാൻ സാധിക്കൂ. എത്തിയില്ലെങ്കിൽ പിന്നെ എന്തുചെയ്യും?