മധുര നാരങ്ങ പൃഥ്വിരാജിനായി എഴുതിയ കഥ

നിഷാദ് കോയ (ഇടത്)

ഓർഡിനറി എന്ന സൂപ്പർ ഹിറ്റിനു ശേഷം കുഞ്ചാക്കോ ബോബൻ, ബിജുമേനോൻ, സംവിധായകൻ സുഗീത്, തിരക്കഥാകൃത്ത് നിഷാദ് കോയ എന്നിവർ ഒന്നിക്കുന്ന സിനിമയാണ് മധുര നാരങ്ങ. ചിത്രം 17ന് തിയറ്ററിലെത്തും. ഹാസ്യത്തിൽ പൊതിഞ്ഞ ഒരു പ്രണയകഥയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ പറയുന്നു.

∙ഓർഡിനറി പോലൊരു ചിത്രമായിരിക്കുമോ?

ഒരിക്കലുമല്ല. ചിത്രത്തിലെ നായകൻമാർ ചാക്കോച്ചനും ബിജുമേനോനും ആണെന്നതൊഴിച്ചാൽ ഇതിന്റെ കഥയ്ക്ക് ഓർഡിനറിയുമായി ഒരു ബന്ധവുമില്ല. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഷാർജയിലും ശ്രീലങ്കയിലുമായാണ്. ഇതൊരു പ്രണയകഥയാണ്. ഓർഡിനറിയിലേതുപോലെ ആദിമധ്യാന്തം ഹാസ്യം ഇതിൽ പ്രതീക്ഷിക്കരുത്. ചിത്രത്തിൽ കോമഡിയുണ്ട്. ഒപ്പം സെന്റിമെന്റ്സ് റൊമാൻസും കൂടിക്കലർന്നൊരു സിനിമയായിരിക്കും ഇത്.

∙കുഞ്ചാക്കോ ബോബനാണല്ലോ സ്ഥിരം നായകൻ?

അങ്ങനെ സംഭവിക്കുന്നു. ചാക്കോച്ചനുമായി നല്ല സൗഹൃദമാണ്. ബിജുമേനോനുമായും അതുപോലെ തന്നെ. പക്ഷേ, ഈ ചിത്രത്തിന്റെ കഥ ഞാൻ ആദ്യം പറഞ്ഞത് പൃഥ്വിരാജിനോടാണ്. രാജുവിന് കഥ ഇഷ്ടമാവുകയും ചെയ്തിരുന്നു. തിരക്കഥയാക്കിയിട്ട് ബാക്കി കാര്യങ്ങൾ ആലോചിക്കാം എന്നു പറഞ്ഞാണ് ഞങ്ങൾ പരിഞ്ഞത്. അതിനിടയിൽ സുഗീതിനു വേണ്ടി ചാക്കോച്ചനെ നായകനാക്കി ഇതുതാൻടാ പൊലീസ് എന്നൊരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ ആ കഥയുടെ രണ്ടാം പകുതിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായി. അങ്ങനെ കഥ മാറ്റി. പകരം ഒരു കഥ അന്വേഷിച്ചിട്ട് കിട്ടുന്നുമില്ല. ഒടുവിൽ പൃഥ്വിരാജിനായി ആലോചിച്ച കഥ ചാക്കോച്ചനുവേണ്ടി മാറ്റിയെഴുതി.

∙ഇക്കാര്യം പൃഥ്വിരാജിനോട് പറഞ്ഞിരുന്നോ?

പറയാൻ പറ്റിയില്ല. സാഹചര്യം അതായിപ്പോയി.

∙എന്താണ് ഈ കഥയുടെ പ്രത്യേകത?

ഇത് നടന്നൊരു സംഭവത്തെ അടിസ്ഥാനമാക്കി ഉണ്ടായ പടമാണ്. മനോരമയിൽ വന്ന ഒരു വാർത്തയിൽനിന്നാണ് ഇതിന്റെ ത്രെഡ് കിട്ടുന്നത്. ഒരു ശ്രീലങ്കൻ പെൺകുട്ടി മലയാളിയായ ഒരു ചെറുപ്പക്കാരൻ വിവാഹം കഴിക്കുന്നു. പക്ഷേ, കേരളത്തിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ചെറുപ്പക്കാരൻ മരിച്ചുപോകുന്നു. പെൺകുട്ടി ഇവിടെ ഒറ്റപ്പെടുന്നു. ഈ വാർത്തയിൽ സിനിമയ്ക്കനുയോജ്യമായ ചില മാറ്റങ്ങൾ വരുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

∙പുതിയ പദ്ധതികൾ?

മധുരനാരങ്ങ കഴിഞ്ഞാൽ ജോണി ആന്റണിക്കു വേണ്ടി ഒരു മമ്മൂട്ടി ചിത്രം. തിരക്കഥാ രചനയിലാണ്. അതു കഴിഞ്ഞാൽ വീണ്ടുമൊരു സുഗീത് കുഞ്ചാക്കോ ബോബൻ ചിത്രം. അതു കഴിഞ്ഞാൽ ഒരു പടം സ്വന്തമായി സംവിധാനം ചെയ്യണമെന്നുണ്ട്.