താരങ്ങളുടെ വിചാരം അവർ ദൈവങ്ങളാണെന്ന്: വിനയൻ

എല്ലാ സംവിധായകരും സൂപ്പർ സ്റ്റാറുകളെ വച്ച് പടമെടുക്കാൻ നെട്ടോട്ടമോടുമ്പോൾ തന്റെ സിനിമകള്‍ക്ക് സൂപ്പർ സ്റ്റാറുകളുടെ ആവശ്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്നോട്ടുപോയ ഒരു സംവിധായകനുണ്ട്, വിനയൻ, എന്തിനും ഏതിനും പ്രതികരിക്കും എന്നു പറഞ്ഞ് ചിലർക്ക് അദ്ദേഹത്തോട് നീരസമുണ്ടാവും. പക്ഷേ തനിക്ക് ആരോടും പരിഭവമൊന്നുമില്ലെന്ന് വിനയൻ തന്നെ പറയുന്നു. ഒപ്പം ലിറ്റിൽ സൂപ്പർമാൻ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും.

** ലിറ്റിൽ സൂപ്പർമാൻ കുട്ടികളുടെ ബാഹുബലി ആണെന്നു പറയാൻ കാരണം?**

ബാഹുബലിയാണ് അടുത്ത കാലത്ത് മികച്ച ഗ്രാഫിക്സോടുകൂടി ഇറങ്ങിയ ചിത്രം. ലിറ്റിൽ സൂപ്പർമാനിലും അതുപോലെ ക്വാളിറ്റിയുള്ള ഗ്രാഫിക്സാണ് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും ത്രി‍ഡി ചിത്രമാണിത്, നാലുകോടി മുതൽ മുടക്കിൽ കുട്ടികൾക്കായി ഒരു ചിത്രം കേരളത്തിൽ ആദ്യമായാണ് എത്തുന്നത്. പിന്നെ ചിത്രത്തിന്റെ ഹീറോയിസവും ബാഹുബലിയോട് താരതമ്യം ചെയ്യാൻകാരണമാണ്. 

ചിത്രം ആദ്യം റിലീസ് ചെയ്തതിനുശേഷം പിൻവലിച്ചതെന്തുകൊണ്ട്?

ക്രിസ്ത്യൻ സഭയുടെ എതിർപ്പ് കൊണ്ടാണ് ചിത്രം പിൻവലിക്കാൻ കാരണം. കൊച്ചുകുട്ടി തോക്കെടുന്നു എന്ന പറഞ്ഞാണ് എതിർപ്പുണ്ടായത്. അച്ഛന്റെ ഘാതകരെ കൊല്ലാൻ 10 വയസുകാരൻ തോക്കെടുത്തു എന്നു പറഞ്ഞായിരുന്നു എതിർപ്പ്. അതൊകൊണ്ടു തന്നെ ക്ലൈമാക്സ് മുഴുവൻ മാറ്റി ചിത്രീകരിച്ചു. പുതിയ ചിത്രമാണ് ഇപ്പോഴോത്തുക. സർക്കാരിൽ നിന്നും വിനോദ നികുതി ഇളവു ലഭിച്ചിട്ടുണ്ട്. 

മുതിർന്ന ആളുകളെ വച്ച് ഇനി എന്നാണ് ചിത്രം എടുക്കുന്നത്?

മാർച്ചിലുണ്ടാവും അടുത്തചിത്രം, പൂർണമായും കുടുംബ ചിത്രമായിരിക്കും. പ്രണയകഥയായിരിക്കും. നമുക്കറിയാവുന്ന ഒരു വ്യക്തിയുടെ ജീവിത കഥയായിരിക്കും ചിത്രത്തിൽ പറയുക. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താറായിട്ടില്ല. 80 കാലഘട്ടത്തിലെ കഥയായിരിക്കും. ഒപ്പം മലയാളത്തിൽ ഹിറ്റായ ആകാശഗംഗ തമിഴിലേക്ക് എടുക്കുകയാണ്. 

സൂപ്പർസാറ്റാറുകളെ വച്ചൊരു പടമെടുക്കുമോ?

സൂപ്പർ സ്റ്റാറുകളില്ലാതെ പടമെടുത്ത് വിജയിപ്പിച്ച ആളാണ് ഞാൻ . ദിലീപ് സൂപ്പർ സ്റ്റാറാകുന്നതിന് മുമ്പ് അയാളെ വച്ച് ഒരുപാട് ചിത്രം ചെയ്തിട്ടുണ്ട്. കലാഭവൻ മണിയെവച്ച് ചിത്രം ചെയ്തിട്ടുണ്ട്. സൂപ്പർസ്റ്റാറുകളെ വച്ച് ചിത്രമെടുക്കുന്നത് വലിയ ക്രേസ് ആയി കാണുന്ന ആളല്ല ഞാൻ. പുതുമുഖങ്ങളെ അഭിനയിപ്പിക്കുന്നതിലാണ് എനിക്ക് ത്രിൽ. ജയസൂര്യയെ കൊണ്ടുവന്നതു ഞാനാണ്. അനൂപ് മേനോൻ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഇവരെല്ലാം എന്റെ ചിത്രങ്ങളിലാണ് ആദ്യകാലത്ത് അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിയും എന്റെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകളോടുള്ള പിണക്കം മാറിയോ?

സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണ്. താരങ്ങൾ ഉപകരണങ്ങൾ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സൂപ്പർസ്റ്റാറുകളോട് അകൽച്ചയൊന്നുമില്ല. അവരോട് എതിർപ്പും ദേഷ്യവുമൊന്നുമില്ല. ദിലീപുമായുള്ള പ്രശ്നത്തിന്റെ പേരിൽ അവർ എന്നെ എതിർത്തു. ഞാൻ എന്തു പ്രശ്നം കണ്ടാലും പ്രതികരിക്കും.

സ്വയം ദൈവങ്ങളാണെന്ന് ചിന്തിക്കുന്ന താരങ്ങളുണ്ട്. അവർക്ക് നേരെ കൈ ചൂണ്ടാൻ പാടില്ല, വിമർശിക്കാൻ പാടില്ല, ദൈവം കഴിഞ്ഞാൽ അവരാണെന്നു വിചാരിക്കുന്നവരുണ്ട്. ഇതൊക്കെ അവരുടെ സ്വയം തോന്നലാണ്. എനിക്ക് ആരോടും വൈരാഗ്യമില്ല. ഇപ്പോൾ അവർക്കും ശത്രുത ഉണ്ടെന്നു തോന്നുന്നില്ല. എതുസിനിമയിലും ക്രിയാത്മകമായി ചെയ്യാൻ ശ്രമിക്കും. ഇന്നു വെള്ളിത്തിരയിൽ  നിറഞ്ഞു നിൽക്കുന്ന ഒരു പാടുപേരെ ആദ്യമായി കൊണ്ടുവന്നിട്ടുള്ളയാളാണ് ‍ഞാൻ. എല്ലാവർക്കും വ്യക്തിപരമായി സ്നേഹമാണ്. പിന്നെ സംഘടനയുടെ പേരിലൊക്കെ ഉള്ള എതിർപ്പേ ഉള്ളൂ.

ഇൗ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവം മാറ്റണമെന്നു തോന്നിയിട്ടുണ്ടോ?

എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ട് എനിക്ക്. ആളുകെളെ പേടിച്ച് പറയാതിരിക്കാൻ എനിക്കാവില്ല. മറ്റുള്ളവരുടെ പ്രീതി സമ്പാദിച്ച് കാര്യം കാണുന്ന സ്വഭാവം എനിക്കില്ല. തെങ്ങിൽ കാണുന്നത് മാങ്ങയാണെന്നൊന്നും പറയാൻ എനിക്ക് കഴിയില്ല. നാം എത്രകാലം ഇൗ ലോകത്തുണ്ടാവുമെന്നറിയില്ല. പിന്നെ മറ്റുള്ളവരെ പേടിച്ച് സത്യം പറയാതിരിക്കുന്നതെന്തിനാണ്, അങ്ങനെയൊക്കെ ജീവിച്ചിരുന്നിട്ടെന്തു കാര്യം.? എല്ലാ ആർട്ടിസ്റ്റുകളോടും എനിക്കു സ്നേഹമാണ്.