ഇഷയ്ക്കിഷ്ടം ‘ദേ പുട്ട്’

ഷാറൂഖ് ഖാനൊപ്പം പുതിയ പരസ്യം. സെയ്ഫ് അലിഖാനൊപ്പം സിനിമ. ഋതിക് റോഷനൊപ്പം മ്യൂസിക് ആൽബം– ഇഷ തൽവാറിന്റെ ഗ്രാഫ് ഉയരുകയാണ്. മുംബൈക്കാരിയാണെങ്കിലും സിനിമപോലെ തന്നെ മലയാളത്തിലാണ് പരസ്യത്തിലും ഇഷ ഹരിശ്രീ കുറിച്ചത്. ധാത്രിയുടെ പരസ്യമാണ് ആദ്യം ടെലിവിഷനിലെത്തിയത്. തൊട്ടുപിന്നാലെയാണ് ‘തട്ടത്തിൻ മറയത്ത്’ ഇറങ്ങിയത്. പക്കാ വെജിറ്റേറിയനാണ് ഇഷ.

കേരളത്തിലെത്തിയാൽ മറക്കാതെ കഴിക്കുന്നത് ദിലീപിന്റെ ‘ദേ പുട്ടി’ലെ പുട്ടാണ്. പിന്നെ സദ്യ കിട്ടിയാൽ വിടില്ല. രസവും പായസവും ഒരുപോലെ ഇഷ്ടം. പരസ്യരംഗത്തെ തിരക്കിട്ട മോഡലിനോടോ സിനിമ സമ്മാനിച്ച കഥാപാത്രങ്ങളോടോ... ആരോടാണ് ഇഷാ തൽവാറിനിഷ്ടം? ഒരു പാതിരാക്കാറ്റുപോലെ ഇഷ ഇഷ്ടങ്ങൾക്കൊപ്പം പറക്കുന്നു.

കിങ് ഖാൻ ഷാറൂഖ്ഖാനൊപ്പം അടുത്തിടെയാണ് ബിഗ് ബാസ്കറ്റിന്റെ പരസ്യം ചെയ്തത്. സെയ്ഫ് അലി ഖാനൊപ്പം ചെയ്ത സിനിമ കാലാകാന്തി ഉടനെ റിലീസ് ചെയ്യും. അത് കേരള കഫെ പോലെ പല കഥകൾ ചേർന്നൊരു സിനിമയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരുയാത്ര തുടങ്ങിയിട്ടേയുള്ളൂ. മികച്ച പരസ്യങ്ങളും സിനിമകളും ഞാൻ ഒരുപോലെ ആസ്വദിക്കുന്നു

പരസ്യം

ടിവിസി ഫാക്ടറിയാണ് ആദ്യ പരസ്യത്തിലേക്കു വിളിച്ചത്. യാഹൂവിനു വേണ്ടി ചെയ്ത പരസ്യം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മുംബൈ സെന്റ് സേവ്യേഴ്‌സിൽ പഠിക്കുകയായിരുന്നു അന്ന്. പോക്കറ്റ്മണിക്കു വേണ്ടി ടെറൻസ് ലെവിസ് സ്‌റ്റുഡിയോയിൽ ഡാൻസറായി പോയിരുന്നു. യാഹൂവിനു വേണ്ടിയുള്ള പരസ്യത്തിൽ ഡാൻസറുടെ റോൾ കിട്ടുന്നത് അങ്ങനെയാണ്. പിന്നീട് ബക്കാർഡി, സെന്റർഫ്രെഷ്, കാഡ്‌ബറീസ്, വിഐപി സ്‌കൈ ബാഗ്‌സ്, ഡ്യൂലക്‌സ് പെയിന്റ്‌സ്, ധാത്രി, വിവെൽ തുടങ്ങി അറുപതോളം ബ്രാൻഡുകൾക്കു മോഡലായി. ഡ്യൂലക്‌സ് പെയിന്റ്‌സിൽ ഷാഹിദ് കപൂറിനൊപ്പവും വിഐപി സ്‌കൈ ബാഗ്‌സിൽ ജോൺ ഏബ്രഹാമിനൊപ്പവും അഭിനയിച്ചു.

വിനോദ് തൽവാർ

ബോളിവുഡിലെ നിർമാതാവും സംവിധായകനുമാണ് അച്ഛൻ വിനോദ് തൽവാർ. ആ ലേബലിൽ സിനിമയിൽ ഓഫറുകൾക്കു ശ്രമിച്ചിട്ടില്ല. ഡാഡി ഒരിക്കലും വീട്ടിൽ സിനിമ ചർച്ചകൾ നടത്തിയിരുന്നില്ല. ഒരുപാടു കാലം സംവിധായകൻ ബോണി കപൂറിന്റെ അസോഷ്യേറ്റ് ഡയറക്‌ടറായിരുന്നു ഡാഡി. സിനിമയിൽ അഭിനയിക്കാൻ ഇഷ്‌ടമാണെന്നു പറഞ്ഞപ്പോൾ നീ സ്വന്തമായി അധ്വാനിക്കൂ എന്നായിരുന്നു മറുപടി. മാനസികമായി എന്നെ ഏറെ സപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും എനിക്കുവേണ്ടി ആരോടും അവസരം ചോദിച്ചിട്ടില്ല. അത് നന്നായി എന്ന് ഇപ്പോൾ എനിക്കു തോന്നുന്നു.

ബാങ്ക് ബാലൻസ്

പണം സേവ് ചെയ്യുകയെന്നതും ചെലവഴിക്കുക എന്നതും നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. നിങ്ങൾ എങ്ങനെ ജീവിതം ചെലവിടാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. എന്റെ അഭിപ്രായത്തിൽ ചെറിയ നിക്ഷേപവും ബാങ്ക് ബാലൻസുമൊക്കെ നല്ലതാണ്.