ഇത് വോട്ടല്ല, വിശ്വാസം

പാവപ്പെട്ടവന്റേയും പണക്കാരന്റേയും വിരലുകൾക്ക് ആകൃതിയും നിറവും മണവും ഒരുപോലെയാകുന്ന സമയമാണ് തെരഞ്ഞെടുപ്പ് കാലം. ആ വേർതിരിവില്ലായ്മ എന്നും നിലനിൽക്കുന്ന കാലമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഞാൻ സ്വപ്നം കാണുന്നത്. വോട്ടഭ്യർഥിക്കുവാൻ കാണിക്കുന്ന അതേ ആർജ്ജവത്തോടു കൂടി വേണം സ്ഥാനാർഥികൾ നല്ല നാളേയ്ക്കായി പ്രവർത്തിക്കേണ്ടത്. എനിക്ക് വോട്ടു ചെയ്യാൻ വരൂ എന്ന് പറയുന്ന അതേ ഊർജത്തോടെ നാളെ ജയിച്ച് കഴിയുമ്പോൾ നിങ്ങൾക്കൊപ്പം നിൽക്കാന്‍ നിങ്ങളുടെ പ്രശ്നം പരിഹരിക്കുവാൻ ഞാനുണ്ടെന്ന് ജനങ്ങളോട് പറയണം ഓരോ സ്ഥാനാർഥികളും.

ഇലക്ഷൻ കഴിയുന്ന തൊട്ടടുത്ത നിമിഷവും ഭരണ കാലാവധി തീരുന്നതിന് തൊട്ടുമുൻപും വികസനം കൊണ്ടുവരാൻ കാണിക്കുന്ന അതേ വേഗത ഭരണകാലയളവിലുടനീളം വരേണ്ടതുണ്ട്. ഈ രണ്ട് സമയങ്ങൾക്കും ഇടയിലുള്ള ഘട്ടത്തിൽ വികസന പ്രവർത്തനങ്ങളുടെ വേഗത കുറഞ്ഞു പോകുന്നുണ്ട്. ഓരോ വോട്ടും ജനങ്ങൾ തരുന്നത് ആ സ്ഥാനാർഥിയിൽ അവർക്കുള്ള വിശ്വാസമാണ്. വെറും ഒരു വോട്ടല്ല ഒരു മനുഷ്യന് മറ്റൊരാളോടുള്ള വിശ്വാസമാണ് രേഖപ്പെടുത്തുന്നത്. അപ്പോൾ അവന്റെ വേദന കാണാൻ അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വിശ്വാസം വാങ്ങി ഉന്നതിയിലേക്ക് പോകുന്നവർക്ക് തന്നെയല്ലേ ഉത്തരവാദിത്തമുള്ളത്?.

ജനങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതുകൊണ്ട് ജയിച്ചു വരുന്നവർ തീർത്തും താഴേക്കിടയിലുള്ള പ്രശ്നങ്ങളാണ് കാണേണ്ടതും പ്രവർത്തിക്കേണ്ടതും. ജനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു നേതാവിനും വോട്ട് പോലും ചോദിക്കേണ്ടതായി വരില്ല. അവർക്ക് ജനങ്ങൾ വോട്ട് ചെയ്തിരിക്കും.

ഒരു നടനെന്നല്ല, സാധാരണ ചുറ്റുപാടില്‍ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ ഒരു വോട്ടറെന്ന നിലയിലാണ് സംസാരിക്കുന്നത്. ട്രാഫിക് ബ്ലോക്കിലും ടോൾ പിരിവിനും മുൻപിൽ വികാര തീവ്രതയോടെ പ്രതികരിച്ചു പോകുന്നത് അതുകൊണ്ടാണ്. ജയസൂര്യ പറഞ്ഞു.