Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിധേയൻ’ കണ്ട് അന്തം വിട്ടു; പുലിമുരുകനിലെ മൈന പറയുന്നു

kamalini-mammootty

പൂയംകുട്ടികാടുകളിലെ പുലിമുരുകന്റെ സെറ്റിൽ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണു കമാലിനി മുഖർജി പറന്നത്. ഒരു മാസത്തെ ബ്രെഡ് ആൻഡ് ബേക്കിങ് കോഴ്സ് പഠിക്കാൻ. കാടുവിട്ടു പറക്കുന്ന മൈനയെപ്പോലെയാണു കമാലിനി. ജീവിതത്തിന്റെ പച്ചത്തുരുത്തുകളിൽ ഇലയനങ്ങാതെ പറന്നിരിക്കും. യാത്രയിൽ വായിക്കാൻ കരുതിയതു രബീന്ദ്രനാഥ ടഗോറിന്റെ കവിതകൾക്കു ഗുൽസാർ എഴുതിയ പരിഭാഷ.

കമാലിനിയിലെ കവിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാർ ടഗോറും ഗുൽസാറുമാണ്. ‘ടഗോർ ഒരു കടലാണ്. അതിൽ വീണാൽ ഒരിക്കലും കയറാനാകാതെ നിങ്ങൾ നീന്തിത്തുടിച്ചുകൊണ്ടേയിരിക്കും. പ്രണയം ഒരു വികാരമല്ല, പരമമായ സത്യമെന്നെഴുതിയ ടഗോർ കഴിഞ്ഞേ എനിക്കെന്തുമുള്ളൂ ...’ – കമാലിനി വാചാലയായി.

‘തേരാ ബിനാ സിന്ദഗി സേ കോയി ഷിക് വാ തോനഹി...തേരെ ബിനാ സിന്ദഗി ദി ലേഖിൻ സിന്ദഗിനഹി ’ – ഗുൽസാർ ഈ വരികളെഴുതുമ്പോഴോ ലതാ മങ്കേഷ്കർ പാടുമ്പോഴോ ഞാൻ ജനിച്ചിട്ടില്ല. നീയില്ലെങ്കിൽ എനിക്കു ജീവിതത്തിൽ പരിഭവങ്ങളില്ല. നീയില്ലെങ്കിൽ എന്റെ ജീവിതം പിന്നെ ജീവതവുമില്ല – ഇത്ര റൊമാന്റിക്കായി എഴുതാൻ എത്ര പേർക്കു കഴിയും ? – സിനിമയും എഴുത്തും ഒരു താളിന്റെ അപ്പുറവുമിപ്പുറവും മഷിപ്പാടുകൾ പടരാതെ എഴുതിക്കൊണ്ടു കമാലിനി ചോദിക്കുന്നു.

vysakh-kamalini-2

പുലിമുരുകൻ മലയാളത്തിൽ കമാലിനിയുടെ നാലാമത്തെ സിനിമയാണ്. സിനിമയിൽ ഒരു പതിറ്റാണ്ട്. ഭാഷകൾ പലതു കടന്ന് 29 സിനിമ. സിനിമ, കവിത, ജീവിതം കമാലിനിയുടെ മനസ്സു നീന്തുന്നു....

ബംഗാളി

ബംഗാളിലെ സിനിമാ വ്യവസായം മലയാളത്തിന്റെ അത്ര വലുതല്ല. ഇത്ര വലിയ വിപണി വലിയ സംസ്ഥാനമായിട്ടും അവിടെയില്ല. കേരളവും ബംഗാളുമായാണ് ഏറ്റവുമധികം സാമ്യങ്ങളുള്ളത്. രണ്ടും കടലോര സംസ്ഥാനങ്ങൾ. മീൻകറി ഇഷ്ടപ്പെടുന്നവർ. എഴുത്തിലും സംസ്കാരത്തിലും പാരമ്പര്യമുള്ളവർ. എനിക്കു സൗത്ത് കണക്‌ഷനാണു സിനിമയിൽ കൂടുതലും. രേവതി മുഖേനയാണു ഞാൻ ആദ്യ ചിത്രമായ ഫിർമിലേഗ ചെയ്യുന്നത്. കുട്ടിസ്രാങ്കിലെ വേഷമാണു ദേശീയശ്രദ്ധ നേടിത്തന്നത്. എന്റെ ഇരുപത്തേഴാമത്തെ സിനിമയാണു ഞാൻ ബംഗാളിൽ ചെയ്തത്. അപരാജിത തുമി. എന്റെ സിനിമ നാട്ടിലെ തിയറ്ററിൽ വരുന്നതു കാണാൻ അമ്മയ്ക്ക് ഏറെ കാത്തിരിക്കേണ്ടി വന്നു.

നല്ല നടി

നല്ല നടിയാകാൻ നല്ല ക്ഷമ വേണം. സിനിമയോടു പാഷൻ വേണം. പണത്തോടും പ്രശസ്തിയോടും താൽപര്യം വേണം. സിനിമ ഒരു ഹാർഡ് മീഡിയമാണ്. അതു നിങ്ങളുടെ സമയമൂറ്റിയെടുക്കും. കഠിനാധ്വാനം ചെയ്താൽ അതിന്റെ പ്രയോജനമുണ്ടാകും. നിരന്തരം സിനിമകൾ ചെയ്യുമ്പോൾ അതൊരുതരം നിശ്ചലാവസ്ഥ സൃഷ്ടിക്കും. എല്ലാ ദിവസവും ഒരേ അവസ്ഥയിലേക്ക് ഉണർന്നെഴുന്നേറ്റാൽ അതു ബോറടിപ്പിക്കില്ലേ ? അതു മറികടക്കണം. നിങ്ങൾ നിങ്ങളെ തന്നെ എക്സ്പ്ലോർ ചെയ്യണം.

vysakh-kamalini-1

കഥാപാത്രം

ഈ കഥാപാത്രത്തിനു ഞാൻ തികച്ചും അനുയോജ്യയാണ് എന്ന് എന്നോടു കഥ പറയുന്നവർ പലപ്പോഴും പറയാറുണ്ട്. അതെന്റെ ഭാഗ്യമാണ്. ഞാൻ ഷാജിസാറിനെ (ഷാജി എൻ.കരുൺ ) ആദ്യമായി കാണുന്നത് അദ്ദേഹം രാജാരവിവർമയെക്കുറിച്ച് ഒരു ചിത്രം ചെയ്യാനൊരുങ്ങുന്നു എന്നറിഞ്ഞാണ്. എന്നെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ഞാനാണു കുട്ടിസ്രാങ്കിലെ പ്ലമനയെന്ന്. പല പ്രായങ്ങളിലൂടെ യാത്ര ചെയ്യാൻ എനിക്കു കഴിയാറുണ്ട്. ബംഗാളിയിൽ ഞാൻ പ്രസോൻജിത് ചാറ്റർജിക്കൊപ്പവും തമിഴിൽ കമൽസാറിനൊപ്പവും മലയാളത്തിൽ മമ്മൂക്കയ്ക്കും ഇപ്പോൾ ലാലേട്ടനുമൊപ്പവും അഭിനയിച്ചു. അദ്ഭുതകരമായ റേഞ്ചുള്ള നടൻമാരാണിവർ. ഞാൻ ആദ്യം കാണുന്ന മലയാള സിനിമ വിധേയനാണ്. കൊൽക്കത്ത ഫിലിംഫെസ്റ്റിവലിൽ അച്ഛനോടൊപ്പം സിനിമ കാണുമ്പോൾ സ്കൂൾ വിദ്യാർഥിയാണ്. ഞാൻ അന്തം വിട്ടുപോയി. എന്തൊരു സിനിമ.

മീനയും കങ്കണയും മെറിൽസ്ട്രീപ്പും

ജബ് വി മെറ്റിലെ കരീനകപൂറിന്റെ അഭിനയം കണ്ടു ഞാൻ വീണുപോയി. ക്വീനിലെ കങ്കണയെക്കണ്ടു ക്ലീൻ ബോൾഡായി. ദൃശ്യത്തിലെ മീനയുടെ അഭിനയം ഞാൻ കണ്ട ഏറ്റവും സ്വാഭാവികമായ ആക്ടിങ് ആണ്. മെറിൽസ്ട്രീപ്പിനോടും കേറ്റ് വിൻസ്ലേറ്റിനോടുമുള്ള ആരാധന ഇവരോടെല്ലാമുണ്ട്.

എഴുത്ത്

ഗുൽസാറിന്റെ രചനയെക്കുറിച്ചുള്ള ‘ ഐ സ്വാളോവ്ഡ് ദ് മൂൺ ’ ആണ് ഇപ്പോൾ വായിക്കുന്നത്. മനുഷ്യന്റെ വികാരവിചാരങ്ങളെ ഇത്ര നന്നായി കോർത്തെടുത്ത കവിയില്ല. എനിക്കു കവിത എന്റെ ഹൃദയത്തിന്റെ ഭാഷയാണ്. സ്വന്തമായി സിനിമ ചെയ്യണം എന്നാണു മോഹം. അത് ഏതു ഭാഷയിലുമാകാം. തെലുങ്കിലാണു ഞാൻ കൂടുതൽ സിനിമകളും ചെയ്തത്. ഭാഷ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ല. അഭിനയത്തിന്റെ ഭാഷ യൂണിവേഴ്സലാണ്. തെലുങ്കിൽ ഒരു ചിരി മലയാളത്തിൽ ഒരു ചിരി എന്നില്ലല്ലോ. തമിഴിലെ ദേഷ്യം തന്നെയാണു ഹിന്ദിയിലും. ഏതു ഭാഷയിൽ ദേഷ്യപ്പെട്ടാലും നിങ്ങളുടെ പുരികങ്ങൾ കൂടുതലടുക്കില്ലേ ?  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.