മൃദുല എങ്ങനെ ബോളിവുഡിലെത്തി ?

മണികിലുക്കം പോലുള്ള ചിരി. സിനിമാ താരത്തിന്റെതായ തലക്കനം ഒന്നുമില്ലാത്ത , ഞാൻ നിങ്ങളിൽ ഒരാളാണെന്ന് തോന്നും വിധത്തിലുള്ള പ്രകൃതം. നാടൻ വസ്ത്രങ്ങളിൽ ശാലീനത നിറയുന്ന രൂപഭംഗിയും, മോഡേൺ വസ്ത്രങ്ങളിൽ മോഡേൺ ലുക്കും . ആരെക്കുറിച്ചാണ് പറഞ്ഞ് വരുന്നത് എന്നല്ലേ ?

റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് ചേക്കേറിയ മൃദുല മുരളിയെക്കുറിച്ച്. കേരളക്കര കീഴടക്കിയതിനു ശേഷം ബോളിവുഡ് കീഴടക്കാൻ തയ്യാറായി നിൽക്കുകയാണ് ഈ സുന്ദരി. മഴവിൽ മനോരമയിലെ കുക്കിങ് റിയാലിറ്റി ഷോയായ ദേ ഷെഫിൽ അതിഥിയായി എത്തിയ മൃദുല മുരളി തന്റെ പുതിയ സിനിമാ വിശേഷങ്ങളും ഒപ്പം ദേ ഷെഫ് അനുഭവങ്ങളും നമ്മളോട് പങ്ക് വയ്ക്കുന്നു.

കലയുമായുള്ള ബന്ധത്തെക്കുറിച്ച്

കുട്ടിക്കാലം മുതൽ തന്നെ ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. മൂന്ന് വർഷം കലാതിലകമായിരുന്നു. കുട്ടിയായിരിക്കുമ്പോഴാണ് മീഡിയയ്ക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. അതും അവതാരകയായി. ഞാനും എന്റെ അനിയനും കൂടിയാണ് ആ പ്രോഗ്രാം അവതരിപ്പിച്ചിരുന്നത് . പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ സിനിമയായ റെഡ് ചില്ലീസിൽ അഭിനയിക്കുന്നത്.

മലയാളത്തിൽ നിന്നും ഹിന്ദിയിലേയ്ക്കൊരു കൂട് മാറ്റം

ദിഗ് മാൻഷു ധൂലിയ സംവിധാനം ചെയുന്ന രാഗ് ദേശ് എന്ന ഹിന്ദി സിനിമയാണ് ഞാൻ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് കുനാൽ കപൂറും രോഹിത് മർവയുമാണ്. ജൂലൈയിൽ ഷൂട്ട് തുടങ്ങും. ചിത്രങ്ങൾ കണ്ടാണ് അവർ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. ഇപ്പോൾ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഈ വർഷം മറ്റു ചിത്രങ്ങൾ ഒന്നു തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.

അതിഥിയായി എത്തിയ ദേ ഷെഫ് കലവറയിലെ അനുഭവം

ഞാൻ സ്ഥിരമായി കാണുന്ന പരിപാടിയാണ് ദേ ഷെഫ്. മത്സരാർത്ഥികൾ പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത് ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും, വളരെയധികം കൗതുകവും ആകാംക്ഷയും തോന്നിയത് നേരിട്ട് കണ്ടപ്പോഴായിരുന്നു . അവർ തയ്യാറാക്കിയ വിഭവങ്ങൾ രുചിച്ച് നോക്കാനുള്ള അവസരവും എനിക്ക് ലഭിച്ചിരുന്നു. ഭക്ഷണം തയ്യാറാക്കുന്നത് പോലെ തന്നെ വളരെ നല്ല കാര്യമാണ് അത് കഴിക്കുന്നതും കഴിപ്പിക്കുന്നതും .

ഭക്ഷണത്തിലും പാചകത്തിലും മിടുക്കി

താത്പര്യമുള്ള വിഷയങ്ങളിൽ ഒന്നാണ് പാചകം . എനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യാനാണ് കൂടുതൽ താത്പര്യം. പാചകം പോലെത്തന്നെ ഇഷ്ടമുള്ള മറ്റൊരു കാര്യമാണ് ആഹാരം ആസ്വദിച്ച് കഴിക്കുന്നത്. മധുരത്തേക്കാൾ എരിവും പുളിയുമുള്ള വിഭവങ്ങളോടാണ് കൂടുതൽ താത്പര്യം. മട്ടൻ കറിയും, സീ ഫുഡുമാണ് എന്റെ ഇഷ്ട വിഭവങ്ങൾ .

ഇത്തവണത്തെ റംസാൻ ആഘോഷം

ഓണവും വിഷുവും പോലെ തന്നെ റംസാനും ഞങ്ങളുടെ വീട്ടിൽ ആഘോഷിക്കാറുണ്ട്. ഇത്തവണത്തെ റംസാന് ഞാൻ നോമ്പ് എടുത്തിരുന്നു . ഇങ്ങനെയുള്ള ഉത്സവാഘോഷവേളകൾ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കാരണം, ഇങ്ങനെയുള്ള ആഘോഷവേളകളിലാണ് പൊതുവെ എല്ലാവരുമൊത്ത് ഭക്ഷണം കഴിക്കാൻ സാധിക്കുക. ആ നിമിഷങ്ങൾ ഒരിക്കലും വിലമതിക്കാനാവാത്തതാണ്.