Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ കല്യാണത്തിന് ഒരുങ്ങുന്നില്ല

ജനാലയിലൂടെ വീണ ഇളംവെയിലിന്റെ സ്ഫടികപാളി മാധവത്തിന്റെ ഇരിപ്പുമുറിയിൽ പരന്നു. മലയാളത്തിന്റെ വെള്ളിത്തിരയിൽ പുലർവെയിൽപോലെ നിറഞ്ഞ പെൺകുട്ടി അതിന്റെയോരത്ത് നിശബ്ദയായിരുന്നു. ചമയങ്ങളില്ലാതെ, മഴ കഴിഞ്ഞ പകൽപോലെ തെളിഞ്ഞ ചിരിയോടെ...

∙ ഒരു വർഷത്തിലേറെയായി കാവ്യ സിനിമയിൽനിന്നു മാറി നിൽക്കുന്നു. എന്തായിരുന്നു കാരണം? എവിടെയായിരുന്നു ഇതുവരെ?

ഞാൻ എങ്ങും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ടായിരുന്നു. ഒരു ഇടവേള എടുത്തതാണ്. അതിനുമുൻപ് കുറച്ചുകാലം ചെയ്ത സിനിമകളുടെ സ്വഭാവംഏറെക്കുറെ ഒരേപോലെയായിരുന്നു. അതു മടുപ്പിച്ചു. പലരും അതെന്നോടു പറഞ്ഞു. മാറ്റം വേണമെന്ന് എനിക്കും തോന്നി. അങ്ങനെയാണ് ആറുമാസത്തോളം സിനിമ ചെയ്യണ്ട എന്നു തീരുമാനിച്ചത്. പിന്നെ ചേട്ടന്റെ കല്യാണം വന്നു. അതിന്റെ തിരക്കുകളിലായി. എങ്കിലും അപ്പോഴും കഥകൾ കേൾക്കുന്നുണ്ടായിരുന്നു. ദിവസം നാലും അഞ്ചും വരെ.

പക്ഷെ എനിക്കിതു ചെയ്യണം എന്നു തോന്നിപ്പിച്ച കഥകളൊന്നും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ, ഇങ്ങനെ സിലക്ടീവാകുന്നത് കുഴപ്പമാകുമോ എന്ന് സംശയം തോന്നിയിരുന്നു. എങ്കിലും പൂർണമായും തൃപ്തിതരുന്ന കഥ മാത്രമേ ചെയ്യാവൂ എന്ന് ഞാനെന്നോടുതന്നെ പറഞ്ഞു. ആദ്യംപിന്തുണച്ചെങ്കിലും ഒരുഘട്ടത്തിൽ അച്ഛനും അമ്മയ്്ക്കും തോന്നിയിരുന്നു ഇതു കുഴപ്പമാകുമോ എന്ന്. ഇപ്പോൾ എനിക്കു താൽപര്യം തോന്നിയ ചില പ്രോജക്ടുകൾ വന്നപ്പോൾ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ, മാറിനിന്ന സമയത്തും ഞാൻ വെറുതെയിരിക്കുകയായിരുന്നില്ല. പുസ്തകം വായിച്ചു, എഴുതി, ഡാൻസ് പ്രോഗ്രാമുകൾ ചെയ്തു, പാചകം പഠിച്ചു, ഒരുപാട് സിനിമകൾ കണ്ടു, യാത്ര ചെയ്തു. സിനിമയുടെ തിരക്കിൽ മിസ് ചെയ്തതു പലതും തിരിച്ചുപിടിച്ചു.

പ്രധാനപ്പെട്ട സംഗതി, മുടങ്ങിക്കിടന്ന ബികോം പഠിത്തം തുടരാനായെന്നതാണ്. nnലിറ്ററേച്ചറൊക്കെ എടുത്തുകൂടെ എന്നു പലരും ചോദിച്ചു. ബികോം ആകുമ്പോൾ നാളെ ഒരു ബിസിനസോ മറ്റോ തുടങ്ങേണ്ടിവന്നാൽ സഹായമാകുമല്ലോ. പിന്നെ, നമ്മുടെ സാമ്പത്തികകാര്യങ്ങളൊക്കെ കുറേക്കൂടി നന്നായി കൈകാര്യം ചെയ്യാനും പറ്റും. ലാംഗ്വേജ് പരീക്ഷകൾ എഴുതി. മറ്റുകുട്ടികൾക്കൊപ്പമിരുന്ന് പരീക്ഷയെഴുതിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. അങ്ങനെ പരീക്ഷയെഴുതാനാവുമെന്നൊക്കെ ഞാൻ വിചാരിച്ചിട്ടേയില്ലായിരുന്നു. ബാക്കി പരീക്ഷകളും എഴുതാനുണ്ട്.

∙ കല്യാണം കഴിക്കാനൊരുങ്ങുന്നു എന്നായിരുന്നു കഥകൾ.

ചേട്ടന്റെ കല്യാണം നടക്കാൻ ഗുരുവായൂരിൽ കൃഷ്ണനാട്ടം വഴിപാടുണ്ടായിരുന്നു; രുക്മീണീസ്വയംവരം. അതിനു ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ എടുത്തതെല്ലാം എന്റെ പടം. ഞാനന്നേ അമ്മയോടു പറഞ്ഞു ഇത് എന്റെ പേരിലാകുമെന്ന്. പിറ്റേദിവസത്തെ പത്രത്തിൽ വാർത്ത വന്നത് കാവ്യ കല്യാണം കഴിക്കാനൊരുങ്ങുന്നുവെന്നാണ്. പിന്നെ പലതരം കഥകളായിരുന്നു. പലരും നേരിട്ടും വിളിച്ചുമൊക്കെ ചോദിക്കുകയും ചെയ്തു. ഈ ആൾക്കാർക്കൊക്കെ എന്താ എന്റെ കല്യാണക്കാര്യത്തിലിത്ര ശ്രദ്ധ എന്നു തോന്നിയിട്ടുണ്ട്. പിന്നെപ്പിന്നെ ഞാനതിനെ അവരുടെ സ്നേഹമായി കാണാൻതുടങ്ങി. മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയാണ് ഞാൻ. ആ സ്നേഹവും കരുതലുമൊക്കെ അവർ തന്നിട്ടുമുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്നതുകൊണ്ടാവും എന്റെ കാര്യത്തിൽ ഈ ആകാംക്ഷ. എനിക്കതിഷ്ടമാണ്.

∙ കാവ്യാമാധവൻ എന്ന പേരിൽ ലോഗോ രജിസ്റ്റർ ചെയ്തല്ലോ.

എന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ കുറേയുണ്ടായിരുന്നു. ഒഫിഷ്യൽ പേജ് ഏതാണെന്നു തിരിച്ചറിയാൻ പറ്റുന്നില്ലെന്നു ചിലർ പറഞ്ഞു. അച്ഛന്റെ ഒരു സുഹൃത്താണ് എന്നോട് ഒഫിഷ്യൽ ലോഗോയെപ്പറ്റി പറഞ്ഞത്. അതുവരെ എനിക്കതിനെപ്പറ്റി അറിയില്ലായിരുന്നു. പരസ്യങ്ങളുടെയും ബ്രാൻഡിങ്ങിന്റെയും കാലത്ത് സ്വന്തം ലോഗോ ഗുണം ചെയ്യുമെന്നുതോന്നിയതുകൊണ്ടാണ് അത് രജിസ്റ്റർ ചെയ്തത്. ഭാവിയിൽ എന്തെങ്കിലും ബിസിനസ് പ്രോജക്ടുകൾ വന്നാൽ ഉപയോഗിക്കുകയും ചെയ്യാമല്ലോ.

∙എഴുപതിലേറെ സിനിമകളിൽ അഭിനയിച്ചു. ചിലതെങ്കിലും ഒഴിവാക്കാമായിരുന്നു .

തീർച്ചയായും. ബന്ധങ്ങളുടെ പേരിൽ ചില സിനിമകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്. വലിയ താരങ്ങൾക്കുപോലും അങ്ങനെ വരുന്നുണ്ട്. ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ല എന്ന് അവർക്കു പോലും തോന്നും. പിന്നെ, അതിനെ പോസിറ്റീവായി കണ്ടാൽ, നമുക്കതിൽനിന്ന് പഠിക്കാനാവും. ഒഴിവാക്കേണ്ടവ ഏതാണെന്ന് അറിയാനാവും. അങ്ങനെ ഞാൻ ഒഴിവാക്കിയ പല സിനിമകളും പിന്നീടു കാണുമ്പോൾ തീരുമാനം ശരിയായിരുന്നെന്നു മനസിലാകും. അപ്പോൾ എന്റെ ആത്മവിശ്വാസം കൂടുകയാണ്.

∙ ചെയ്യാനൊരുങ്ങുന്ന ഷീ ടാക്സി?

സജി സുരേന്ദ്രന്റെ സിനിമയാണത്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ. ഒരു ട്രാവൽമൂവിയാണത്. ഒരു വനിതാ ടാക്സിഡ്രൈവറാണ് ഞാനതിൽ. നല്ലൊരു എന്റർടെയ്നറാവും അത്. കഥ കേട്ടപ്പോൾത്തന്നെ എനിക്കിഷ്ടമായി.

∙ ശരിക്കും ഡ്രൈവിങ് അറിയാമോ?

പിന്നേ, എനിക്കു ലൈസൻസുണ്ട്. നല്ല ട്രാഫിക്കുള്ള റോഡിൽ ഓടിക്കാൻ കുറച്ചുപേടിയുണ്ട്. എന്നാലും ശ്രമിക്കും. ആദ്യം നല്ല പേടിയായിരുന്നു. പിന്നെ റിമി ടോമി വണ്ടിയോടിക്കുന്നതു കണ്ടപ്പോഴാണ് എനിക്കും ഇതു പറ്റുമെന്ന് ഉറപ്പായത്. റിമി വണ്ടിയുമായിട്ട് ഇറങ്ങിയാൽ ‘ഞാനിതാ പോകുന്നു, നിങ്ങളു വേണേൽ വഴിമാറിക്കോ എന്ന മട്ടിലാണ്. വഴിയിലുള്ളവർ ശ്രദ്ധിച്ചോണം. ദൈവമേ, ഞാനൊക്കെ അതിനുള്ളിൽ മുറുകെപ്പിടിച്ചിരിക്കും. അതൊരു പറക്കലാണ്.

പിന്നെ, വണ്ടികളോട് എനിക്കിഷ്ടമുണ്ട്. ഞങ്ങൾക്കൊരു വെള്ള ലാൻസറുണ്ടായിരുന്നു. ഞങ്ങളവളെ ലാൻസു എന്നാണ് വിളിച്ചിരുന്നത്. അതിനോടു സംസാരിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ശരിക്കും വീട്ടിലെ ഒരാളെപ്പോലെയാണ് ഞങ്ങളതിനെ കണ്ടിരുന്നതും. അതിനെ വിറ്റപ്പോൾ വഴിയിൽ കുറച്ചുപോയിട്ട് അത് നിന്നു. സ്റ്റാർട്ടാവുന്നില്ല. കുഴപ്പം കണ്ടുപിടിക്കാൻ പറ്റുന്നുമില്ല. പിന്നെ കുറേ പാടുപെട്ടാണ് അതിനെ കൊണ്ടുപോയത്. കുറേക്കാലം അതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. പിന്നൊരിക്കൽ വഴിയിൽ ആ കാറു കണ്ടപ്പോൾ എനിക്കു സങ്കടമോ സന്തോഷമോ ഒക്കെ തോന്നി.

ഇതിനിടെ, കാവ്യയുടെ രൂപത്തിൽ മെനഞ്ഞ പിറന്നാൾ കേക്കെത്തി. നാത്തൂൻ റിയയുടെ സർപ്രൈസ് സമ്മാനം. സ്വർണക്കരയുള്ള മുണ്ടും നേര്യതുമുടുത്ത് ചുവന്ന സിന്ദൂരപ്പൊട്ടുതൊട്ട, ഐസിങ്ങിൽ തീർത്ത കുഞ്ഞുപ്രതിമ.

∙ പാട്ടെഴുത്തും പുസ്തകമെഴുത്തുമൊക്കെ?

തൽക്കാലം ഇല്ല. വായന മാത്രം ഇടയ്ക്കു നടക്കുന്നുണ്ട്. സിനിമയിൽനിന്ന് അവധിയെടുത്തപ്പോൾ വായന സജീവമായിരുന്നു. ബഷീറിനെയും മാധവിക്കുട്ടിയെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയുമൊക്കെ വീണ്ടും വായിച്ചു. വലിയ പുസ്തകങ്ങൾ വായിക്കാനെടുക്കാൻ എനിക്കു മടിയാണ്. ആൽകെമിസ്റ്റ് പലതവണ വായിച്ചു, കെ.ആർ. മീരച്ചേച്ചിയുടെ കഥകൾ വായിച്ചു. ആടുജീവിതം വായിച്ചു. വായന എനിക്കൊരുപാട് ധൈര്യം തന്നിട്ടുണ്ട്. ആൽകെമിസ്റ്റിൽ പറയുന്നില്ലേ, നമ്മുടെ ആഗ്രഹം സത്യസന്ധമാണെങ്കിൽ അതു നേടിത്തരാൻ ലോകം മുഴുവൻ നമുക്കു കൂട്ടുവരുമെന്ന്. അത് സത്യമാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കരിയറിൽ ഓരോ പടി കയറുമ്പോഴും പ്രതിസന്ധികളുണ്ടാവുമ്പൊഴുമൊക്കെ എനിക്കൊപ്പം ഒരുപാടുപേരുടെ, എനിക്കറിയുന്നവരും അറിയാത്തവരും കണ്ടിട്ടുകൂടിയില്ലാത്തവരുമായ ഒരുപാടുപേരുടെ സ്നേഹവും പ്രാർഥനയുമൊക്കെ ഉണ്ട്. അതിനിയും ഉണ്ടാവണമെന്നാണ് എന്റെ പ്രാർഥന. ജീവിതത്തെ ലളിതമായി കാണണമെന്ന് ബഷീറിൽ നിന്നാണ് പഠിച്ചത്. ചെടികളോടും മൃഗങ്ങളോടുമൊക്കെ സംസാരിക്കുന്ന ശീലം എനിക്കുണ്ട്. അതൊരു കുഴപ്പമാണോ എന്നു പണ്ട് സംശയമുണ്ടായിരുന്നു. പക്ഷെ ബഷീറിനെ വായിച്ചതോടെ സംശയം മാറി. സകലചരാചരങ്ങളെയും ഒരുപോലെ കാണണമെന്നാണല്ലോ പുള്ളിയുടെ ലൈൻ. അങ്ങനെവന്നാൽ പിന്നെ അഹങ്കാരമുണ്ടാവില്ല.

∙ സിനിമ മാറിയിട്ടുണ്ട്.

സിനിമ തീർച്ചയായും മാറിയിട്ടുണ്ട്. ഞാനതിനെ ന്യൂജനറേഷൻ എന്നൊന്നും പറയുന്നില്ല. കഥ പറയുന്ന രീതി, ഷോട്ടുകളുടെ സ്വഭാവം ഒക്കെ മാറി. കുറേക്കൂടി റിയലിസ്റ്റിക്കായി. പുതിയ അഭിനേതാക്കൾ പലപ്പോഴും അഭിനയിക്കുകയാണെന്നേ തോന്നില്ല. കഥകൾ തീർത്തും പുതിയതാണെന്നു പറയാനാവില്ല. അവതരണരീതിയിലാണ് വ്യത്യാസം.കുഴപ്പം തോന്നിയിട്ടുള്ളത്, എന്തും പറയാം എന്നൊരു രീതിയുള്ളതാണ്. അതിനോട് യോജിക്കാൻ പറ്റില്ല.

∙അഭിനയത്തിnലും ജീവിതത്തിലും ഭാവിപദ്ധതികൾ?

അങ്ങനെ വലിയ പദ്ധതികളൊന്നുമില്ല. സിനിമ വലിയൊരു പാഷനായി വന്ന ആളൊന്നുമല്ല ഞാൻ. വന്ന് ഇഷ്ടപ്പെട്ടതാണ്. അഭിനയം എത്രകാലം തുടരുമെന്നു പോലും അറിയില്ല. നൃത്തപഠനം തുടരണമെന്ന് ആഗ്രഹമുണ്ട്.

∙ ടിവിയിലേക്ക് വിളിയൊന്നും വന്നില്ലേ?

വന്നിരുന്നു. ചില റിയാലിറ്റി ഷോകളിൽ ജഡ്ജാകാനും ഒരു സീരിയലിന്റെ തുടക്കത്തിൽ ദേവിയാകാനുമൊക്കെ. പക്ഷെ എനിക്കു താൽപര്യമില്ല. സമ്മാനം കൊടുക്കാനൊക്കെ പോകും. അതല്ലാതെ മറ്റുള്ളവരുടെ കഴിവുകൾ വിലയിരുത്താനൊന്നും ഞാൻ ആളായിട്ടില്ല.

∙ അഭിനയം, നൃത്തം, എഴുത്ത്, പാചകം... താൽപര്യങ്ങൾ പലതുണ്ട് കാവ്യയ്ക്ക്. ഇതിൽ ഏതാണ് ശരിക്കും കാവ്യാമാധവൻ?

എനിക്കറിയില്ല. സത്യമായിട്ടും അറിയില്ല. നമ്മളാരാണെന്നും എന്താണെന്നുമൊക്കെ അറിയാനുള്ള ശ്രമമല്ലേ ജീവിതം. ഞാനും അതറിയാനാണ് ശ്രമിക്കുന്നത്. അറിഞ്ഞുകഴിഞ്ഞാൽ തീർന്നില്ലേ...

പോക്കുവെയിലിപ്പോൾ മുറിയുടെ നടുവിലെ ചുവന്ന പൂക്കൂടയിൽത്തൊട്ട് തടിഗോവണിയുടെ താഴെ വിശ്രമിക്കുന്ന തംബുരുവിലേക്കു നീളുകയാണ്. ഇനിവരും പൂക്കാലങ്ങളുടെ പാട്ടെന്നപോലെ കാവ്യ നിറഞ്ഞുചിരിച്ചു; മലയാളത്തെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന അതേ പുലർവെയിൽചിരി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.