സൈറ വേറേ, ടെസ്സ വേറേ

പാർവതി

മൊയ്തീന്റെ സ്വന്തം കാഞ്ചനമാല ഇനി ചാർലിക്കുള്ളതാണ്. കാത്തിരിപ്പ് അവശേഷിപ്പിച്ചാണ് മൊയ്തീൻ അവസാനിച്ചതെങ്കിൽ ചാർലിയിൽ പ്രേക്ഷകനെ കാത്തിരിക്കുന്നത് എന്തായിരിക്കും ? ചാർലിയെപ്പറ്റി നായിക പാർവതി മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

'ചാർലി'ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണല്ലോ പ്രേക്ഷകർ. ട്രെയിലറിനും നല്ല പ്രതികരണം ലഭിച്ചിരിക്കുന്നു.

അതേ. നമ്മളും ഇപ്പോൾ ചാർലിക്കു വേണ്ടിയുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമൊക്കെയാണ്. ചാർലിക്കു വേണ്ടി ഇപ്പോഴും മാർട്ടിനും ടീമും വർക് ചെയ്തു കൊണ്ടിരിക്കുകയാണ്. മാർട്ടിൻ പ്രക്കാട്ട്– ഉണ്ണി ആർ കോംപിനേഷൻ നല്ല രീതിയിൽ വർക് ചെയ്തിട്ടുണ്ട്. നല്ല ഒരു ഇന്ററസ്റ്റിങ് മൂവിയാണ്. ഇതു വരെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് ഇതില െടസ്സ. നല്ല ഒരു ഒഴുക്കുള്ള കഥാപാത്രം. അമിത പ്രതീക്ഷയുമായി ആരും ചിത്രം കാണാൻ പോകരുത്. ഒരു സാധാരണ ചിത്രമാണ് ചാർലി. നല്ല ഒരു ദൃശ്യ വിസ്മയമായിരിക്കും ചാർലി ഒരുക്കുന്നത്.

ടെസ്സയ്ക്ക് ബാംഗ്ലൂർ ഡെയ്സിലെ സൈറയുമായി എന്തെങ്കിലും സാമ്യമുണ്ടോ? ഗ്ലാസ് സൈറയെ ഓർമിപ്പിക്കുന്നു

ഒരിക്കലുമില്ല. സൈറ വേറേ, ടെസ്സ വേറേ. നിർഭാഗ്യവശാൽ ഞാൻ എന്റെ ഗ്ലാസ് തന്നെ ഉപയോഗിച്ചതുകൊണ്ടു മാത്രം അങ്ങനെ ഒരു ഫീലിങ് ഉണ്ടായതാണ്. സൈറയും ടെസ്സയും തമ്മിൽ രാപ്പകൽ വ്യത്യാസമുണ്ട്.

ബാംഗ്ലൂർ ഡെയ്സിനു ശേഷം വീണ്ടും ദുൽഖർ–പാർവതി?

ഒരുപാട് പ്രതീക്ഷിക്കാവുന്ന ഒരു അഭിനേതാവാണ് ദുൽഖർ. ഒരു സ്റ്റാർ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന നല്ല ഒരു ക്യാരക്ടറിന് ഉടമയാണ്. എല്ലാവരുമായി പെട്ടെന്ന് ഇണങ്ങാനും കൂട്ടുകൂടാനുമൊക്കെ സാധിക്കും. അതുകൊണ്ട് ദുൽഖറിനോടൊപ്പം അഭിനയിക്കാനും ബുദ്ധിമുട്ട് തോന്നുകയില്ല.

ആരായിരുന്നു ആ 66–ാം നമ്പർ റൂമിൽ?

അതിൽ ആരാണെന്ന് ഞാൻ ഉറപ്പായും പറയില്ലല്ലോ? നമ്മൾ എല്ലാവരും ചാർലിക്കു വേണ്ടി കാത്തിരിക്കുകയല്ലേ, അപ്പോൾ ആ 66–ാം നമ്പർ മുറിയിൽ ആരാണെന്ന് അറിയാനും ഒരു ദിവസത്തേക്കു കൂടി കാത്തിരിക്കാം. ഞാനും കാത്തിരിക്കുകയാണ്.

കാഞ്ചനമാലയിൽ നിന്ന് ടെസ്സയിലേക്ക് ഇത്ര പെട്ടെന്ന് എങ്ങനെയാ മാറാൻ സാധിച്ചത്?

അയ്യോ പെട്ടെന്ന് എന്നു പറയല്ലേ. അതു 2014–ൽ കഴിഞ്ഞതല്ലേ. 2015 മെയ് ആയതിനു ശേഷമാണ് ചാർലി തുടങ്ങിയത്. അത്രയും സമയത്തെ ഇടവേള ഉണ്ടായിരുന്നു. ഓരോ ചിത്രം കഴിയുമ്പോഴും ഞാൻ ഇടവേള എടുക്കാറുണ്ട്. അപ്പോൾ ഞാൻ പാർവതിയായി മാറും. ഒരു പക്ഷേ എന്നു നിന്റെ മൊയ്തീൻ കഴി‍ഞ്ഞ് ഉടനേയാണ് ചാർലി വന്നിരുന്നതെങ്കിൽ എനിക്ക് ടെസ്സയാകാൻ കഴിയുമായിരുന്നില്ല.

മാർട്ടിൻ പ്രക്കാട്ടിനോടൊപ്പമുള്ള ആദ്യ ചിത്രമാണല്ലോ ചാർലി?

മാർട്ടിൻ ചേട്ടനോടൊപ്പമുള്ള ആദ്യ ചിത്രമാണെങ്കിലും ഞങ്ങൾക്ക് നേരത്തേ പരിചമുണ്ടായിരുന്നു. ഞാൻ സിനിമയിൽ വന്ന ശേഷമുള്ള ആദ്യ ഫോട്ടോ ഷൂട്ട് നടത്തിയത് മാർട്ടിൻ ചേട്ടനാണ്. അതും വനിതയ്ക്കു വേണ്ടി. സാധാരണ ഞാൻ ഒട്ടും കംഫർട്ട് അല്ലാത്ത ഒരു ഏരിയയാണ് ഫോട്ടോഷൂട്ട്. പക്ഷേ ഇവിടെ നല്ല കംഫർട്ടായിരുന്നു ഞാൻ. അതിനു ശേഷം രണ്ടോ മൂന്നോ ഫോട്ടോഷൂട്ട് മാർട്ടിൻ ചേട്ടനോടൊപ്പം ചെയ്തിട്ടുണ്ട്. അതിന്റെ ഒരു പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈസിയായി ജോയിൻ ചെയ്യാനും സാധിച്ചു. വളരെ സിംപിൾ ആയ ഒരു വ്യക്തി, മറ്റുള്ളവരെ ബഹുമാനിക്കുകയും സിനിമയെ വളരെ ഇഷ്ടപ്പെടുന്ന നല്ല ഒരു മനസിനുടമ.

അപർണ ഗോപിനാഥിനോടൊപ്പമുള്ള അനുഭവം?

ഈ ഫീൽഡിൽ മികച്ചത് എന്നു പറയാൻ പറ്റുന്ന ഒരാളാണ് അപർണ. ഒരുപാട് പ്രതീക്ഷിക്കാവുന്ന ഒരു അഭിനേത്രി. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ഒരു നടി. പല സീനുകളും ഷൂട്ട് ചെയ്തപ്പോൾ അപർണയുടെ അഭിനയം ഞാൻ വളരെ കൗതുകത്തോടെ നോക്കിയിരുന്നു. അത്രയും നന്നായിട്ട് ആ കഥാപാത്രത്തിലേക്ക് ഇറങ്ങി അവതരിപ്പിക്കാൻ അപർണയ്ക്കു സാധിച്ചു. വളരെ നല്ല അനുഭവമായിരുന്നു അപർണയോടൊപ്പം ലഭിച്ചത്.