റിസ്ക് ആണ്, ആ റിസ്കിൽ എനിക്കൊപ്പം ജയസൂര്യ ഉണ്ട്: പ്രജീഷ് സെൻ

പ്രജീഷ്, ജയസൂര്യ

ഗ്യാലറികളെ ഉത്സവപ്പറമ്പുകളാക്കുന്ന കാണികള്‍ക്ക് വി.പി. സത്യന്‍ എന്ന ഫുട്‌ബോള്‍ താരം ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും കളം നിറഞ്ഞാടിയ സത്യന്റെ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനു മുന്നിലാണ് അവസാനിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ നോവായ വി.പി. സത്യന്‍ ദേശീയ ടീമിന്റെയും കേരളാ ടീമിന്റെയും ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായിരുന്നു.

പത്തൊമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1992 ല്‍ കേരളത്തിലേക്കു സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും 95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി. സത്യന്‍. കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യന്റെ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമായി എത്തുന്നത് ജയസൂര്യയാണ്. ക്യാപ്റ്റന്‍ എന്ന ചിത്രത്തെപ്പറ്റി സംവിധായകന്‍ പ്രജീഷ് സെന്‍ മനോരമ ഓണ്‍ലൈനോടു സംസാരിക്കുന്നു.

എന്തുകൊണ്ടു സത്യന്‍ 

ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊളായിരുന്നു വി.പി. സത്യന്‍. ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെപ്പറ്റി പറയുന്നവര്‍ സത്യനെപ്പറ്റി ഒന്നും പറയുന്നില്ല. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ഏറ്റവും ഉയരത്തിലെത്തിയത് സത്യൻ ക്യാപ്റ്റനായിരുന്നപ്പോഴാണ്. 92 ല്‍ കേരളം സന്തോഷ് ട്രോഫി നേടിയപ്പോഴും അദ്ദേഹം തന്നെയായിരുന്നു ക്യാപ്റ്റന്‍. സത്യന്റെ ജീവതത്തെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

ജീവിതകഥ ചലച്ചിത്രമാക്കുമ്പോള്‍

മാധ്യമം പത്രത്തില്‍ പത്രപ്രവര്‍ത്തകനായിരുന്നു ഞാൻ. അന്നുമുതലേ ജീവിതകഥകളോടു താല്‍പര്യമുണ്ട്. അത്തരം ധാരാളം ലേഖനങ്ങളും പത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ജീവിതകഥ സിനിമയാക്കണം എന്നായിരുന്നു ആഗ്രഹം. ഏകദേശം അഞ്ചു വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമ. സത്യനെക്കുറിച്ച് ഒരുപാട് അറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അനിതയും സൃഹൃത്തുക്കളുമെല്ലാം ഒരുപാട് സഹായിച്ചിട്ടുണ്ട്്. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നട്ടെല്ലായിരുന്നു സത്യൻ. അദ്ദേഹത്തെക്കുറിച്ച് ആളുകള്‍ക്കു കൂടുതല്‍ അറിയാന്‍ ഈ ചിത്രം സഹായിക്കുമെന്നാണു കരുതുന്നത്.

ബയോപിക്ക് വലിയൊരു പരീക്ഷണമല്ലേ

ബോളിവുഡില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. നിരവധി ജീവചരിത്രചിത്രങ്ങളാണ് വന്നിരിക്കുന്നത്. അതില്‍ കായിക താരങ്ങളെക്കുറിച്ചു പറഞ്ഞ്് സൂപ്പര്‍ ഹിറ്റായ ചിത്രങ്ങള്‍ നിരവധിയുണ്ട്. പാന്‍ സിങ് തോമര്‍, മേരി കോം, ഭാഗ് മില്‍ഖ ഭാഗ്, മേരി കോം, എം എസ് ധോണി തുടങ്ങി ധാരാളം ചിത്രങ്ങള്‍. എന്നാല്‍ മലയാളത്തില്‍ ബയോപിക്കുകള്‍ കുറവാണ്. ഒരു കായിക താരത്തിന്റെ ജീവിതം സിനിമയാക്കുന്നത് ആദ്യമായാണ്. അതുകൊണ്ടുതന്നെ വലിയൊരു റിസ്‌കാണ് എടുക്കുന്നതെന്നറിയാം.

ജയസൂര്യ, അര്‍പ്പണ മനോഭാവമുള്ള നടന്‍

വി.പി. സത്യനെക്കുറിച്ചു സിനിമ ചെയ്യണം എന്നു വിചാരിച്ചപ്പോള്‍തന്നെ ജയസൂര്യയെയാണ് ഓര്‍മ വന്നത്. കാരണം ഫുട്‌ബോള്‍ കളിക്കാരനെ അവതരിപ്പിക്കുമ്പോള്‍  ഒരുപാടു മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. മാനസികമായും ശാരീരികമായും അതിനായി തയാറെടുക്കണം. ജയസൂര്യ അതിനെല്ലാം തയാറായിരുന്നു. കഥാപാത്രത്തിനു വേണ്ടി എന്തു റിസ്‌കും എടുക്കുന്ന നടനാണ് ജയസൂര്യ. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിനു ശേഷം മൂന്നു മാസം ക്യാപ്റ്റന്റെ ട്രെയിനിങ്ങിനായി മാറ്റിവയ്ക്കുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്്.

വി.പി സത്യൻ, ജയസൂര്യ

വലിയ ബജറ്റ്

ബിഗ് ബജറ്റ് ചിത്രമാണ് ക്യാപ്റ്റന്‍. ഏകദേശം 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ബജറ്റ്. ഫുട്‌ബോള്‍ കളിയുടെ ആവേശം പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കില്‍ ധാരാളം ടെക്‌നീഷ്യന്‍സിന്റെ ആവശ്യമുണ്ട് അതുകൊണ്ടുതന്നെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരെയാണ് ചിത്രത്തിലേക്കു പരിഗണിക്കുന്നത്.

നിര്‍മാതാക്കളുടെ പൂര്‍ണ പിന്തുണ

നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റർടെയ്ൻമെന്റ്സിന്റെയും ടി.എല്‍. ജോര്‍ജിന്റെയും പൂര്‍ണ പിന്തുണയുണ്ട്. അവരില്ലെങ്കില്‍ ഈ ചിത്രം സാധ്യമാവില്ലായിരുന്നു. ചിത്രത്തിന്റെ കഥ കേട്ടപ്പോഴേ പൂര്‍ണ മനസ്സോടെ അവര്‍ ചിത്രം ചെയ്യാം എന്നു പറഞ്ഞു. അതിനു ശേഷമാണ് ജയസൂര്യയുമായി സംസാരിക്കുന്നത്.

നൂറു ശതമാനം വാണിജ്യ ചിത്രം

ഒരു വാണിജ്യ ചിത്രമാണ് ക്യാപ്റ്റന്‍. സാധാരണ ജനങ്ങള്‍ക്കു രസിക്കുന്ന ഭാഷയില്‍ ഒരുക്കാനാണ് ശ്രമം. അതില്‍ വിജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ. ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര പുരുഷന്റെ ജീവിതം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നുതന്നെയാണു കരുതുന്നത്.