സെന്‍സര്‍ ബോര്‍ഡില്‍ ബുദ്ധിവൈകല്യമുള്ളവർ: രാജീവ് രവി

സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. തന്റെ പുതിയ ചിത്രം കമ്മട്ടിപാടത്തെ ഇല്ലാതാക്കാന്‍ തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡുകാര്‍ ശ്രമിച്ചുവെന്ന് രാജീവ് രവി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു.

സെന്‍സര്‍ ബോര്‍ഡിനെതിരെ പലവിധ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്താണ് താങ്കളെ പ്രകോപിപ്പിച്ചത്.?

സിനിമയെകുറിച്ചോ രാഷ്ട്രീയത്തെകുറിച്ചോ ബോധമില്ലാത്തവരാണ് സെന്‍സര്‍ ബോര്‍ഡിലുള്ളത്. ഏറെയും ബുദ്ധിവൈകല്യമുള്ളവരാണ്. കമ്മട്ടിപാടം ഇല്ലാതാക്കുന്ന രീതിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ വന്നത്. സാമാന്യബോധത്തിന് നിരക്കുന്നതായിരുന്നില്ല അവയില്‍പലതും.

എന്തായിരുന്നു അത് ?

പലതുണ്ട്. ഏറ്റവും പ്രധാനം സിനിമയുടെ രണ്ടാംഭാഗത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന് പശ്ചാത്തലമായി ഉപയോഗിച്ച ഒരുപാട്ടുണ്ട്. അത് ട്രഡീഷണലായി നമ്മള്‍ പലയിടത്തും കേട്ടതാണ്. അതില്‍ പുലയന്‍ എന്ന ഭാഗം വെട്ടണം എന്നാണ് സെന്‍സര്‍ ബോര്‍ഡുകരുടെ ആവശ്യം. ആ പാട്ടിന്റെ അര്‍ഥമോ ആവശ്യമോ അവര്‍ക്ക് മനസ്സിലായില്ല. ആ പാട്ടുതന്നെ എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതുപോലെ പല സംഭാഷണങ്ങളും ഒഴിവാക്കേണ്ടിവന്നു. ഇത് സിനിമയെ ബാധിക്കുമെന്ന ചിന്ത പോലും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് ഖേദകരം. മറ്റിടങ്ങളിലിറങ്ങുന്ന സിനിമകളെകുറിച്ചുള്ള ധാരണക്കുറവിന്റേതുകൂടിയാണ് പ്രശ്്നം.

കമ്മട്ടിപാടത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത് ?

അതെ. അതെനിക്ക് ഇതുവരെ മനസ്സിലായില്ല. സിനിമ കണ്ടവരോട് നിങ്ങള്‍ ചോദിക്കൂ. വയലന്‍സിന്റെ പേരിലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെതെന്നാണ് പറയുന്നത്. കമ്മട്ടിപാടത്തില്‍ അവര്‍ ഉദ്ദേശിക്കുന്ന വയലന്‍സ് എന്താണ് ? അത് വിശദീകരിക്കാന്‍ അവര്‍ക്കറിയുകയുമില്ല. കൊച്ചിയിലെ ഒരു മാളുകാര്‍ സിനിമ കാണാന്‍ വരുന്ന കുട്ടികളടങ്ങുന്ന കുടുംബത്തെ മടക്കി അയച്ചതായി അറിഞ്ഞു. ഇതാരുടെ കുഴപ്പമാണ് ?

സിനിമ സെന്‍സറിങിനുവേണ്ടിയുള്ള ശ്യാംബെനഗല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെകുറിച്ച് ?

വ്യക്തമായ കാഴ്ചപ്പാടുകളോടെയുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം തയ്യാറാക്കിയത്. അത് സമര്‍പ്പിച്ചിട്ട് ഒന്നുതിരിഞ്ഞുനോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. പഴകിപ്പോളിഞ്ഞ നിയമങ്ങള്‍ കെട്ടിപ്പിടിച്ചിരിക്കാനാണ് പലര്‍ക്കും താല്‍പര്യം. സിനിമയുടെ ഗുണപരമായ മാറ്റമല്ല ലക്ഷ്യം.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കമ്മട്ടിപാടം ചര്‍ച്ചചെയ്യപ്പെടില്ലേ ?

കമ്മട്ടിപ്പാടം മുന്നോട്ടുവയ്ക്കുന്ന വികസനത്തെകുറിച്ചുള്ള ഭീതി വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നമ്മുടെ ഭൂമിയും പുഴയും ഇല്ലാതാകുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും പ്രതീക്ഷയുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. തോമസ് ഐസകിനപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം. പെരിയാര്‍ സംരക്ഷിക്കാനും അതിരപ്പിള്ളി വിഷയത്തിലുമൊക്കെ ചെറുപ്പക്കാര്‍ ഇറങ്ങുന്നത് പ്രതീക്ഷയാണ്. ഇനിയും വൈകിക്കൂടാ എന്ന് ഓര്‍മിപ്പിക്കാനാണ് കമ്മട്ടിപ്പാടത്തിലൂടെ ശ്രമിച്ചത്.