എന്നെ വെളിപ്പിച്ചു തരാൻ ദൈവത്തോട് പ്രാർഥിക്കുമായിരുന്നു: ഷോൺ റോമി

ചെറുതായിരുന്നപ്പോൾ ഞാൻ ദൈവത്തോട് പ്രാർഥിക്കുമായിരുന്നു എന്നെ വെളിപ്പിച്ചു തരാൻ. കമ്മട്ടിപ്പാടത്തിൽ അനിതയായി തകർത്തഭിനയിച്ച ഷോൺ റോമി നിർത്താതെ പൊട്ടിച്ചിരിച്ചു. ഭാവിയിൽ ഈ നിറം നിന്നെ സ്റ്റാറാക്കുമെന്ന് ദൈവം അന്ന് മറുപടി പറഞ്ഞു കാണും. കമ്മട്ടിപ്പാടം കണ്ടിറങ്ങിയ ആളുകൾ ഷോൺ കൊച്ചിക്കാരിയല്ലെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. 15 കൊല്ലമായി ബെംഗളുരുവിലാണ് ജീവിക്കുന്നതെന്നു പറഞ്ഞാൽ അവിശ്വാസത്തിന്റെ ഇന്റൻസിറ്റി കൂടിയെന്നുമിരിക്കും.

എന്റെ ഫ്രണ്ട് പേളി മാണി വഴിയാണ് ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’യിൽ അഭിനയിച്ചത്. നായികയുടെ കൂടെ നടക്കുന്ന കുട്ടി. ഡയലോഗൊന്നുമില്ല. എനിക്കത് അഭിനയമായിട്ടൊന്നും തോന്നിയില്ല. പിന്നീട് അഭിനയിക്കും എന്നു അന്നൊന്നും ചിന്തിച്ചിട്ടുമില്ല. അന്ന് ആ സിനിമയ്ക്കായി വന്നപ്പോ പേളിയുടെ വീട്ടിലിരുന്ന് രാജീവ് രവി സാറിന്റെ അന്നയും റസൂലും കണ്ടു. റിയലിസ്റ്റാക്കായ സിനിമ. സെറ്റിൽ വച്ച് സാർ പറയും നിങ്ങൾ അഭിനയിക്കേണ്ട ആ കഥാപാത്രത്തെ മനസിലാക്കി അവരെ പോലെ പെരുമാറിയാൽ മതി. He makes things look more simple & i think he can make anyone act.

കമ്മട്ടിപ്പാടത്തിലേക്ക് കറുത്ത് ഉയരമുള്ള കുട്ടിയെ നോക്കുന്നു എന്നറിഞ്ഞ് ഞാൻ രാജീവ് രവിയുടെ ഭാര്യ ഗീതു ചേച്ചിയെ വിളിച്ചു. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ് അയച്ചു കൊടുത്തു. ലുക്ക് ടെസ്റ്റ്, സ്ക്രീൻ ടെസ്റ്റ്, എന്നോടു കരയാനൊക്കെ പറഞ്ഞു ആൻഡ് ഫൈനലി ഐ വാസ് ഇൻ!!

1990 ലെ കഥാപാത്രം എന്നു പറഞ്ഞപ്പോ അന്നത്തെ സ്റ്റൈൽ മേക്കപ്പ് ആർട്ടിസ്റ്റിനു കാണിച്ചു കൊടുത്ത് ഇതുപോലെ ചെയ്യുവോ ചേട്ടാ എന്നു ചോദിച്ചു. വീട്ടിൽ ഭക്ഷണം പോലും കഴിക്കാനില്ലാത്ത റോളിന് എങ്ങനെ ഇങ്ങനെ മേക്കപ്പ് ചെയ്യുമെന്ന് തിരിച്ച് ചോദ്യം. എണ്ണമയം തോന്നിക്കുന്ന ഡാർക്ക് മേക്കപ്പായിരുന്നു ചെയ്തത്. ചുറ്റും നോക്കുമ്പോൾ എല്ലാവരും കറുത്തിരിക്കും അപ്പോ കുറച്ച് സമാധാനം. പൊട്ടിയ പട്ടം പോലെ കൂസലില്ലാത്ത ചിരി.

ദുൽഖറിനു എന്നെ ഓർമയുണ്ടായിരുന്നു ഹെയ്..യൂ എന്നു പറഞ്ഞ് സംസാരിച്ചു. വിനായകൻ ചേട്ടനും മണികണ്ഠൻ ചേട്ടനും അഭിനയം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. എനിക്ക് അഭിനയത്തിന്റെ പാഠങ്ങൾ പറഞ്ഞു തന്നത് ഗീതുചേച്ചിയാണ്. കൊച്ചിഭാഷയിൽ സംസാരിക്കാനായി ആ സ്ലാങ് സംസാരിക്കുന്നവരോട് ഒക്കെ മിണ്ടി. ആളുകളെ നേരിട്ടു കണ്ട് അവരുടെ ജീവിതരീതികൾ പഠിച്ചു. എല്ലാത്തിനും സമയം തരുന്ന ജോലിയാണ് എനിക്കുള്ളത്. ബയോടെക് എൻജിനിയറിങ് കഴിഞ്ഞ് അതിനോടനുബന്ധിച്ചുള്ള യു എസ് ബേസ്ഡ് കമ്പനിയിൽ. ഇടയ്ക്ക് ബെംഗളുരുവിലുള്ള കമ്പനി ഔട്ട്‌ലെറ്റിൽ പോകണം. അല്ലാത്തപ്പോൾ ജോലി ഓൺലൈൻ വഴി ചെയ്യാം.

തിരുവനന്തപുരമാണ് സ്വന്തം നാട് അച്ഛൻ റോമി കൺസ്ട്രക്ഷൻ ഫീൽഡിലാണ്. അമ്മ മേരി. സഹോദരൻ റോഹൻ ബെംഗളുരുവിൽ തന്നെ ജോലി ചെയ്യുന്നു. അമ്മയാണ് എന്റെ കാര്യത്തിൽ ഏറ്റവും ഹാപ്പി. അമ്മയുടെ ഭയങ്കര സ്മാർട്ടായ ഒരു ഫ്രണ്ടുണ്ടായിരുന്നു. അവരുടെ പേരാണ് എനിക്ക് ഇട്ടത്. അവരെ എല്ലാവർക്കും നല്ല ഇഷ്ടമായിരുന്നു. ഞാനും എക്സ്ട്രാ സ്മാർട്ടല്ലേ?