സല്ലാപത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ ?

20 വർഷം മുൻപാണു സുന്ദർദാസും ലോഹിതദാസും കൂടി ഷൊർണൂരിലെ ഒരു തിയറ്ററിൽ ഫസ്റ്റ്ഷോ കാണാൻ പോയത്. കരിം സംവിധാനം ചെയ്ത ഏഴരക്കൂട്ടമാണു സിനിമ. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ നിഷ്പ്രഭരാക്കി ഏഴരയിലെ ‘അര’എന്ന കഥാപാത്രം തകർക്കുന്നതു കണ്ടു ലോഹിതദാസ് സുന്ദർദാസിന്റെ ചെവിയിൽ പറഞ്ഞു. ‘ഇവനാണു നമ്മുടെ സിനിമയിലെ നായകൻ’. സല്ലാപത്തിലെ ജൂനിയർ യേശുദാസ് എന്ന ശശികുമാർ പിറവിയെടുക്കുന്നത് അങ്ങനെയാണ്. ദിലീപിന്റെ വിജയയാത്രകളുടെ തുടക്കം.

വർഷങ്ങൾക്കിപ്പുറം ‘സൗണ്ട് തോമ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ സുന്ദർദാസിന്റെ മുൻപിലേക്കു ദിലീപ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തെ വിളിച്ചുവരുത്തിയിട്ടു പറഞ്ഞു. ‘ബെന്നി ഭായ്, ഇതാണു നമ്മുടെ അടുത്ത സിനിമയുടെ സംവിധായകൻ’. വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ ആലോചന തുടങ്ങുന്നത് അവിടെ നിന്നാണ്. സുന്ദർദാസ് എന്ന സംവിധായകന്റെ തിരിച്ചുവരവിന്റെ കഥ.

എവിടെയായിരുന്നു ഇത്രകാലം...?

സിലക്ടീവായതാണ് എന്നു ഗമയ്ക്കുവേണ്ടി പറയാൻ ഞാനില്ല. ഞാനിവിടൊക്കെത്തന്നെയുണ്ടായിരുന്നു എന്നതാണു സത്യം. ഒരു നല്ല സിനിമയ്ക്കുവേണ്ടി–നല്ല കഥയ്ക്കുവേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. ചില കഥകൾ എനിക്കിഷ്ടപ്പെട്ടില്ല. ഇഷ്ടപ്പെട്ട ചിലതു പല കാരണങ്ങളാൽ നടക്കാതെ പോവുകയും ചെയ്തു. ഇപ്പോൾ അതെല്ലാം ഒത്തുവന്നു.

കുബേരൻ പുറത്തിറങ്ങിയിട്ടു 14 വർഷം. ദിലീപുമായി ഒരു സിനിമയുണ്ടാകാൻ എന്താണ് ഇത്ര വൈകിയത്...?

കുബേരനു ശേഷം സല്ലാപത്തിന്റെ രണ്ടാം ഭാഗം ചെയ്യണം എന്നായിരുന്നു ദിലീപിന്റെ ആഗ്രഹം. അക്കാര്യം ഞാൻ ലോഹിയോടു പറയുകയും ചെയ്തു. എന്നാൽ സല്ലാപത്തിന്റെ കഥയ്ക്കു രണ്ടാം ഭാഗം ഉണ്ടാകില്ല എന്നു ലോഹി തീർത്തു പറഞ്ഞു. നായികയെ രക്ഷിക്കാൻ പറ്റാതെ പോയ നായകനാണു ജൂനിയർ യേശുദാസ്. പരാജയപ്പെടുന്ന നായകന്റെ കഥയാണത്. അയാൾക്കു സംഭവിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ പരാജയം സംഭവിച്ചുകഴിഞ്ഞു. ഇനി അതിലും വലിയ പരാജയം സംഭവിക്കാനില്ല. അതുകൊണ്ട് ആ കഥയ്ക്കു തുടർച്ചയില്ല. ആലോചിച്ചപ്പോൾ ലോഹി പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നി. ഇതിനിടയിൽ വേറെ ചില കഥകൾ ഒത്തുവന്നു. ഒന്നുരണ്ടെണ്ണം ദിലീപിനോടു പറയുകയും ചെയ്തു.

എന്തോ ദിലീപിന് അക്കഥകളിൽ പൂർണമായൊരു വിശ്വാസം വന്നില്ലെന്നു തോന്നുന്നു. അങ്ങനെ ഞാൻ വേറെ ചില ചെറിയ പടങ്ങളിലേക്കു പോയി. ഇതിനിടയിൽ സല്ലാപം ടീം വീണ്ടും ഒന്നിക്കാനുള്ള ഒരു പദ്ധതിയുമായി ദിലീപ് തന്നെ മുന്നിട്ടിറങ്ങി. സല്ലാപത്തിലെ നായികയായ മഞ്ജു വാരിയർ നിർമാതാവിന്റെ വേഷത്തിലെത്തി. ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ പോയി തിരക്കഥയ്ക്ക് അഡ്വാൻസ് കൊടുത്തു. ഒന്നുരണ്ടു പടങ്ങൾ കഴിഞ്ഞാൽ ഉടൻ എഴുതിത്തുടങ്ങാം എന്നു ലോഹി ഉറപ്പുതരികയും ചെയ്തു.

പക്ഷേ, പുതിയ സിനിമയ്ക്കുവേണ്ടി പേനയെടുക്കുന്നതിനു മുൻപു ലോഹി പോയി. സല്ലാപത്തിന്റെ കഥയ്ക്കു ബാക്കി ഭാഗം ഇല്ല എന്നു പറഞ്ഞതുപോലെ സല്ലാപം ടീമിന് ഇനി ഒരിക്കലും ഒന്നിക്കാനാവില്ല എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു.

എങ്കിലും ഞാനും ദിലീപും പുതിയ കഥകൾ അന്വേഷിച്ചുകൊണ്ടിരുന്നു. ഒടുവിൽ സൗണ്ട് തോമയുടെ സെറ്റിൽ ഞാൻ ദിലീപിനെ കാണാൻ പോയി. അവിടെവച്ചാണു ദിലീപ് തന്നെ ബെന്നി പി.നായരമ്പലത്തെ വിളിക്കുന്നത്.

കഥയൊന്നും തീരുമാനിച്ചില്ലെങ്കിലും ഞങ്ങൾ മൂന്നുപേരും ചേർന്ന് ഒരു സിനിമ ചെയ്യുന്നു എന്നൊരു തീരുമാനം അന്നെടുത്തു. ഞങ്ങൾ പല കഥകൾ ചർച്ച ചെയ്തു. ഒടുവിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട കഥ എന്ന നിലയിലാണ് ഈ ജയിൽ സബ്ജക്ട് സിലക്ട് ചെയ്യുന്നത്.

സല്ലാപം സംവിധാനം ചെയ്തയാളോടുള്ള ദിലീപിന്റെ കടപ്പാട് എന്നു പറയാമോ...?

അങ്ങനെ പറയണമോ എന്നറിയില്ല. ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കളായിരുന്നു. വ്യക്തിപരമായ കാര്യങ്ങളൊക്കെ സംസാരിക്കുന്ന സുഹൃത്തുക്കൾ. ഒരുമിച്ചു സിനിമകൾ ചെയ്തില്ലെന്നേയുള്ളു. എന്നാൽ അതിനുള്ള ശ്രമം തുടങ്ങിയിട്ടു വർഷങ്ങളായി. ഇനി ഒന്നിക്കുമ്പോൾ, അതു സുന്ദർദാസ് എന്ന സംവിധായകന്റെ മടങ്ങിവരവ് ആകണം എന്നു ദിലീപ് ആഗ്രഹിച്ചിരുന്നു എന്നു തോന്നുന്നു.
അതുകൊണ്ടാണല്ലോ അദ്ദേഹത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഹിറ്റുകൾ എഴുതിയിട്ടുള്ള ബെന്നിയെത്തന്നെ ഈ പ്രോജക്ടിലേക്ക് എത്തിക്കുന്നത്.

സല്ലാപത്തിന്റെ ക്രെഡിറ്റ് ലോഹിതദാസ് കൊണ്ടുപോയി എന്നു തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. ഏതെങ്കിലും ഒരു വേദിയിൽ എനിക്കൊരു കസേര കിട്ടുന്നുണ്ടെങ്കിൽ അതു സല്ലാപത്തിന്റെ സംവിധായകൻ എന്ന നിലയിൽത്തന്നെയാണ്. ദിലീപ് എനിക്കൊരു പരിഗണന തരുന്നു എന്നു നിങ്ങൾ തന്നെ പറഞ്ഞില്ലേ, അതും സല്ലാപത്തിന്റെ പേരിലല്ലേ. അപ്പോൾ ലോഹിക്കു കിട്ടിയ ക്രെഡിറ്റ് ലോഹിക്ക് അർഹതപ്പെട്ടതു മാത്രമായിരുന്നു. അതിൽ എനിക്കു പരിഭവമില്ല.

ഈ കഥയിൽ സംവിധായകനെ ആകർഷിച്ച ഘടകം ​എന്താണ്?

ജയിലിന്റെ പശ്ചാത്തലത്തിൽ നമ്മൾ കേട്ടിട്ടുള്ള കഥകൾ കൂടുതലും ഡാർക്ക് ഷേഡ് ഉള്ളവയാണ്. ഇന്നാൽ ഇതു വളരെ തെളിച്ചമുള്ള ഒരു സിനിമയായിരിക്കും. തമാശയുടെ അകമ്പടിയോടെ ഒരു ജയിൽചിത്രം എന്നുവേണമെങ്കിൽ പറയാം.

ദിലീപിന്റെ ഫെസ്റ്റിവൽ പടങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒരു റിയലിസ്റ്റിക് സിനിമ. ഞാനും ബെന്നിയും പലവട്ടം പൂജപ്പുര സെൻട്രൽ ജയിൽ സന്ദർശിച്ചു. അപ്പോൾ ഞങ്ങൾക്കു മനസ്സിലായ ഒരു കാര്യമുണ്ട്, ശിക്ഷിക്കപ്പെട്ടു എന്നു കരുതി ഇതിനുള്ളിൽ എല്ലാവരും തടവുകാലം മുഴുവൻ കരഞ്ഞുകൊണ്ടിരിക്കുകയല്ല.

അവരെല്ലാം മെല്ലെ മെല്ലെ ഈ ലോകവുമായി പൊരുത്തപ്പെടുന്നു. അവരുടെ ജീവിതത്തിൽ കൊച്ചുകൊച്ചു തമാശകളും സന്തോഷങ്ങളും ഉണ്ടാവുന്നു. അവിടെ പാട്ടുപാടുന്നവരെ ഞങ്ങൾ കണ്ടു. വാശിയോടെ നിര കളിക്കുന്നവരെ കണ്ടു. അവിടെ ആരാധനാലയങ്ങളുണ്ട്, ലൈബ്രറിയുണ്ട്, കന്റീനുണ്ട്. ചിലർ പുറത്തിറങ്ങാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നിരപരാധികളാണു പലരും.കയ്യബദ്ധം പറ്റിപ്പോയത് ഏറ്റുപറയുന്നവർ ഉണ്ട്. ഇവർക്കൊക്കെ ഒട്ടേറെ കഥകളുമുണ്ട്. ഇത്തരം കാര്യങ്ങൾ കാണാനാണു ഞങ്ങൾ പ്രേക്ഷകരെ സെൻട്രൽ ജയിലിലേക്കു ക്ഷണിക്കുന്നത്.