പരസ്പരം സഹായിക്കുന്നവരാണു യുവതാരങ്ങളെല്ലാം: ടൊവീനോ

ഗപ്പി ഒരു ചെറിയ മൽസ്യമാണ്. ചെറുതാണെങ്കിലും കൊതുകുകളെ തുരത്തും. വലിയ ശബ്ദകോലാഹലങ്ങളില്ലാതെയാണു ഗപ്പി എന്ന സിനിമ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിലൂടെ നായക വേഷത്തിലേക്ക് ഉയരുകയാണു ടൊവീനോ തോമസ്. എബിസിഡി, എന്ന് നിന്റെ മൊയ്തീൻ, പ്രഭുവിന്റെ മക്കൾ, സ്റ്റൈൽ, യൂ ടൂ ബ്രൂട്ടസ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ ടൊവീനോ പുതിയ ഇന്നിങ്സിനെക്കുറിച്ചു പറയുന്നു.

വില്ലനിൽ നിന്നു നായകനിലേക്ക്

ചെയ്ത കഥാപാത്രങ്ങൾക്ക് അങ്ങനെ ഒരു വ്യത്യാസം നോക്കിയിട്ടില്ല. കിട്ടിയ വേഷങ്ങൾ നന്നാക്കാനാണു ശ്രമിച്ചത്. പ്രഭുവിന്റെ മക്കളിൽ സഹനടനായിരുന്നു. എബിസിഡിയിൽ സാധാരണ രാഷ്ട്രീയക്കാർ ചെയ്യുന്നതിന്റെ നൂറിലൊരംശം മാത്രമുള്ള കഥാപാത്രമാണ്. അഭിനയ സാധ്യതയാണു വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം. ഇനി വരുന്ന ചിത്രങ്ങളിലും കോമഡിയും വില്ലനും നായകനുമൊക്കെയുണ്ട്.

ഗപ്പി

ചേതൻ എന്ന 14 വയസ്സുകാരനാണു ഗപ്പിയിലെ പ്രധാന കഥാപാത്രം. ഇവരുടെ ഗ്രാമത്തിലേക്കു റെയിൽവേ മേൽപ്പാലം നിർമിക്കാൻ എത്തുന്ന റോഡ്സ് ആൻഡ് ബ്രിജസ് എൻജിനീയറായ തേജസ് വർക്കിയെയാണു ഞാൻ അവതരിപ്പിക്കുന്നത്. 40 വയസ്സുള്ള എന്റെ കഥാപാത്രവും 14 വയസ്സുകാരനും തമ്മിലുള്ള സംഘർഷമാണു ചിത്രം പറയുന്നത്. ഗപ്പി മൽസ്യങ്ങളെ വളർത്തി പഞ്ചായത്തിൽ വിൽപന നടത്തുന്ന ചേതനെ നാട്ടുകാർ ഗപ്പിയെന്നാണു വിളിക്കുന്നത്.

നവാഗത സംവിധായകൻ

ജോൺപോൾ ജോർജാണു ചിത്രം സംവിധാനം ചെയ്യുന്നത്. സമീർ താഹിറിന്റെയും രാജേഷ് പിള്ളയുടെയും ഒപ്പം ജോലി ചെയ്തിട്ടുണ്ട്്. ഞാൻ ചെയ്ത സിനിമകളുടെ സംവിധായകരെല്ലാം ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്തവരാണ്. സീനിയേഴ്സിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ജോൺപോൾ ഒരു ഫോർമുല സിനിമ ചെയ്യുന്നതിനു പകരം ആദ്യ സിനിമ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നുവെന്നതാണു പ്രധാന കാര്യം. ശ്രീനിവാസൻ, അലൻസിയർ, സുധീർ കരമന, ദിലീഷ് പോത്തൻ തുടങ്ങിയ ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.

പുതിയ ചിത്രങ്ങൾ?

പൃഥ്വിരാജ് നായകനാകുന്ന എസ്ര, ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ, മെക്സിക്കൻ അപാരത എന്നിവയാണു പുതിയ ചിത്രങ്ങൾ

യുവനിരയിലെ മൽസരം ?

ആരോഗ്യകരമായ മൽസരമാണു മലയാളത്തിലുള്ളത്. ഗപ്പിയുടെ പോസ്റ്റർ ആദ്യം ഷെയർ ചെയ്തതു ദുൽഖർ സൽമാനാണ്. തൊട്ടുപിന്നാലെ ഫഹദ് ഫാസിലും വിനീത് ശ്രീനിവാസനും ആഷിഖ് അബുവും അവരുടെ പേജുകളിൽ പോസ്റ്റർ ഷെയർ ചെയ്തു. പൃഥ്വിരാജാണു ട്രെയ്‌ലർ പുറത്തിറക്കിയത്. പരസ്പരം സഹായിക്കുന്നവരാണു യുവതാരങ്ങളെല്ലാം. മലയാളത്തിൽ നല്ല സിനിമകളുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സിനിമയിൽ മുഖം കാണിക്കുക എന്നതായിരുന്നു ആദ്യ ആഗ്രഹം. അതു സാധിച്ചപ്പോൾ ബ്രേക്ക് നേടുകയെന്നതായി ലക്ഷ്യം. എന്ന് നിന്റെ മൊയ്തീൻ ബ്രേക്കായി. വർഷം 140 മുതൽ 150 സിനിമകളാണു മലയാളത്തിൽ റിലീസാകുന്നത്. എല്ലാവർക്കും ചെയ്യാനുള്ള വേഷങ്ങൾ ഇവിടെയുണ്ട്.