എന്റെയും ഖൽബാണ് ആ ഗാനം; വിനീത് ശ്രീനിവാസൻ

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ... എന്നു വിനീത് ശ്രീനിവാസൻ പാടിയിട്ട് പത്ത് വർഷങ്ങൾ കഴിയുന്നു. മലയാളികളുടെ ഖൽബ് കീഴടക്കിയ നല്ല പാട്ടുകാർക്കിടയിൽ വിനീതിന് സ്ഥാനമുറപ്പിച്ചു കൊടുത്ത ഇൗ ഗാനവും ക്ലാസ്മേറ്റ്സ് എന്ന സിനിമയും മലയാള സിനിമയിൽ സാന്നിധ്യമുറപ്പിച്ചത് ക്യത്യം പത്ത് വർഷങ്ങൾക്ക് മുമ്പാണ്. തന്റെ ജീവിതത്തിൽ വഴിത്തിരിവായ ഗാനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിനീത് മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

‘സിനിമയിൽ ഞാൻ ആദ്യമായി പാടുന്നത് കിളിച്ചുണ്ടൻ മാമ്പഴത്തിലാണ്. കസവിന്റെ തട്ടമിട്ട് എന്ന ഗാനം. പിന്നീട് ഉദയനാണു താരത്തിലെ കരളേ കരളിന്റെ കരളേ എന്ന ഗാനം. ഈ പാട്ടാണ് ആദ്യം ജനങ്ങൾക്കിടയിൽ ശ്രദ്ധേയമാകുന്നത്. പക്ഷേ ഞാൻ‌ പിന്നണി ഗാനരംഗത്തു സജീവമാകുന്നതിനു ക്ലാസ്മേറ്റ്സിലെ എന്റെ ഖൽബിലേ എന്ന പാട്ടിനു ശേഷമാണ്. പത്തു വർഷങ്ങൾക്കു മുൻപാണീ പാട്ടു കേട്ടത്. ആദ്യം കേട്ടപ്പോൾ തോന്നിയ കൗതുകവും ഇഷ്ടവും ഇന്നും ആളുകൾക്ക് ആ ഗാനത്തോടുണ്ട്. പല വേദികളിലും ഈ പാട്ട് പാടുമ്പോൾ എനിക്കത് അനുഭവിച്ചറിയുവനായിട്ടുണ്ട്. ഒപ്പം പാടിയും കൈകൊട്ടിയും ചിരിച്ചും എന്തൊക്കെയോ ഓർത്തും അവരത് ആസ്വദിച്ചു കേൾക്കുന്നതെനിക്കു കാണുവാനായിട്ടുണ്ട്. പാട്ടിന്റെ തുടക്കത്തിലെ ആ ഗിത്താർ താളം തുടങ്ങുമ്പോഴേ അതുവരെയുള്ളൊരു മൂഡ് മാറും. അതുകാണുവാൻ ഒരുപാട് രസകരമാണ്.

അലക്സ് പോൾ ചേട്ടനാണു ക്ലാസ്മേറ്റ്സിലേക്കു പാടുവാൻ വിളിക്കുന്നത്. റെക്കോർഡിങിനു മുൻ‌പ് ഒരു സിഡിയിൽ പാട്ടിന്റെ ട്രാക്ക് അയച്ചു തന്നിരുന്നു. അതു കേട്ടു പഠിച്ചിട്ടാണ് പാടുവാൻ പോകുന്നത്. മൂന്നര മണിക്കൂറെടുത്താണ് റെക്കോർഡിങ് പൂർത്തിയാക്കിയത്.

ചില പാട്ടുകൾ പാടുന്ന നേരത്തു തന്നെ നമുക്കു തോന്നും പാട്ട് ഹിറ്റ് ആകും. ജനശ്രദ്ധ നേടുമെന്നൊക്കെ പക്ഷേ എന്റെ ഖൽബിലേ പാടുന്ന നേരത്തോ പാടിക്കഴിഞ്ഞോ അങ്ങനെ ചിന്തിച്ചിരുന്നേയില്ല. പക്ഷേ പത്തു വർഷം പിന്നിട്ടിട്ടും പാട്ടിന്നും ജനങ്ങൾക്കിടയിലുണ്ട് മറക്കപ്പെടാതെ. അത് ഒത്തിരി സന്തോഷം നൽകുന്നു.’

ക്ലാസ്മേറ്റ്സിലെ സ്നേഹബന്ധങ്ങൾ

ഒരു മറവത്തൂർ‌ കനവ് എന്ന സിനിമയുടെ ചർച്ചകൾക്കിടെയാണ് ലാലു ചേട്ടനെ (ലാൽ ജോസ്) കാണുന്നത്. അച്ഛനാണല്ലോ അതിന്റെ തിരക്കഥ എഴുതിയത്. ലാലു ചേട്ടൻ അന്ന് അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ ചർച്ചകൾക്കായി ലാലു ചേട്ടൻ അന്ന് തലശേരിയിലെ ‍ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. അന്നു ഞാൻ ഏഴാം ക്ലാസിലോ മറ്റോ പഠിക്കുകയാണ്.

അന്നേ തുടങ്ങിയ ബന്ധമാണത്. ഇന്നും തുടരുന്നു. സിനിമയിലെത്തിയപ്പോൾ വിളി ലാലു ചേട്ടൻ എന്നായി എന്നു മാത്രം. ഞാൻ സംവിധാനം ചെയ്തതും അഭിനയിച്ചതുമായ ഒരുപാട് സിനിമകൾ ലാലു ചേട്ടന്റെ വിതരണ കമ്പനിയായ എൽജെ ഫിലിംസ് ഏറ്റെടുത്തു.

അതുപോല ഒരു വടക്കൻ സെൽ‌ഫി നിർമിച്ച വിനോദ് ഷൊർണൂർ അന്നു ക്ലാസ്മേറ്റ്സിന്റെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. വിനോദ് ഏട്ടൻ എനിക്കെന്റെ സ്വന്തം ചേട്ടനെ പോലെയാണ്. ക്ലാസ്മേറ്റ്സിലെ പാട്ടുപോലെ അതുവഴി കിട്ടിയ ബന്ധങ്ങളും ഇന്നും ഒപ്പമുണ്ട്.

ക്ലാസ്മേറ്റ്സിന്റെ തിരക്കഥ എഴുതിയ ജയിംസ് ആൽബർട്ട് ചേട്ടൻ തിരക്കഥ എഴുതിയ രണ്ടാമത്തെ ചിത്രം സൈക്കിളിലും പ്രധാനവേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടി.

ക്ലാസ്മേറ്റ്സിനു തുല്യം അതുമാത്രം

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിനു ശേഷം മലയാളത്തിൽ ശക്തമായൊരു ക്യാംപസ് ചിത്രം ഇറങ്ങിയിട്ടില്ലെന്നു തന്നെ പറയാം. രാഷ്ട്രീയവും പ്രണയവും സ്നേഹവും ജീവിതവും എല്ലാമുള്ള ചിത്രം. അതിന്റെ ഓരോ ഘടകങ്ങളും ശ്രദ്ധിക്കപ്പെട്ടു.

ആദ്യ നിർമാണ സംരംഭത്തിലും ഒപ്പം ലാലു ചേട്ടൻ

ജീവിതത്തിലെ മറ്റൊരു ചുവടുവെപ്പിലും ലാലു ചേട്ടന്‍ ഒപ്പമുണ്ട്. ഞാൻ ആദ്യമായി നിർമിക്കുന്ന ആനന്ദം എന്ന സിനിമയും എൽജെ ഫിലിംസ് ആണ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത്. വിനോദ് ഏട്ടനും ഈ സംരംഭത്തിൽ താങ്ങും തണലുമായി എനിക്കൊപ്പമുണ്ട്.

ആനന്ദത്തിന്റെ സംവിധായകനായ ഗണേഷ് രാജ് എന്റെ അടുത്ത കൂട്ടുകാരനാണ്. തട്ടത്തിൻ മറയത്ത് തൊട്ടുള്ള ചിത്രങ്ങളിലെല്ലാം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. തട്ടത്തിൻ മറയത്തിന്റെ സമയത്താണ് ആനന്ദത്തിന്റെ കഥയെ കുറിച്ച് അവൻ പറയുന്നത്. നല്ല കഥ. അതുമായി അവൻ മുന്നോട്ടുപോയി. പിന്നെ അവൻ സ്ക്രിപ്റ്റ് ഒക്കെ തയ്യാറാക്കി സിനിമ ചെയ്യുവാനുള്ള തയ്യാറെടുപ്പിലെത്തിയപ്പോഴാണ് ആരു നിർമ്മിക്കും എന്നൊരു ചോദ്യമുയർന്നത്.

നല്ലൊരു ചിത്രം കൂടിയാണിത്. എന്നോട് വിനോദ് ചേട്ടനാണു പറഞ്ഞത് സിനിമ ഏറ്റെടുക്കണമെന്ന്. നമുക്ക് അങ്ങനെയൊക്കയെയല്ലേ നല്ല സിനിമാ പ്രവർത്തനങ്ങളെ സഹായിക്കാനാകൂ എന്ന്. അങ്ങനെ ചെയ്യുന്ന ചിത്രമാണിത്. ഇക്കാര്യത്തിൽ ലാലു ചേട്ടനൊക്കെ ഒരു പ്രചോദനമാണ്.

ആനന്ദവും ക്ലാസ്മേറ്റ്സും തമ്മിൽ

രണ്ടും ക്യാംപസ് ചിത്രങ്ങളാണ് എന്നേയുള്ളൂ. രണ്ടും തമ്മിൽ മറ്റൊരു ബന്ധവുമില്ല. കാരണം ക്ലാസ്മേറ്റ്സ് ഒരു ആർട്സ് കോളജിന്റെ കഥയാണ്. നേരത്തേ പറഞ്ഞതു പോലെ അതിൽ ശക്തമായ രാഷ്ട്രീയവും പ്രണയവും ഒക്കെയുണ്ട്. പക്ഷേ ആനന്ദം സമകാലീന ക്യാംപസിനെ കുറിച്ചാണു പറയുന്നത്. എഞ്ചിനീയറിങ് കോളെജിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവിടത്തെ സൗഹൃദങ്ങളേയും മറ്റു കാര്യങ്ങളേയും കുറിച്ച്...

പുതിയ ചിത്രങ്ങള്‍?

പ്രിയദർശനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതാണു പുതിയ പ്രോജക്ട്. സന്തോഷ് ഏച്ചിക്കാനമാണ് സിനിമയുടെ തിരക്കഥ.