വികെപി ഹാപ്പിയാണ്

ഇരിങ്ങാലക്കുട കാറളത്ത് ‘മരുഭൂമിയിലെ ആന’ എന്ന സിനിമയുടെ ലൊക്കേഷനിൽ വികെപി സന്തോഷവാനാണ്. വൈകിയാണെങ്കിലും അർഹിക്കുന്ന അംഗീകാരം ലഭിച്ചതിന്റെ സന്തോഷം. തന്റെ ‘നിർണായകം’ എന്ന സിനിമ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്ത മികച്ച സിനിമയായി ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ ആഹ്ലാദം.

മികച്ച സ്വഭാവ നടനും മികച്ച മേക്ക്അപ്‌മാനുമുള്ള അവാർഡുകൾ മാത്രമാണു സംസ്ഥാന തലത്തിൽ നിർണായകത്തിനു ലഭിച്ചിരുന്നത്. ദേശീയ തലത്തിൽ ചിത്രത്തിന്റെ സാമൂഹിക പ്രതിബദ്ധത കൂടി അംഗീകരിക്കപ്പെട്ടു. സംസ്ഥാന സർക്കാർ ‘നിർണായക’ത്തെ അവഗണിച്ചതിൽ തെല്ലും പരിഭവമില്ലായിരുന്നു വികെപിക്ക്. കാരണം ജൂറി അംഗങ്ങൾക്കെല്ലാം തന്റെ ചിത്രം ഇഷ്ടപ്പെടണമെന്ന വാശി തനിക്കില്ലെന്നു വികെപി പറയുന്നു. തൃശൂരിൽ ജില്ലയിലെ ഷൂട്ടിങ് തിരക്കിനിടെ വികെപി മനോരമയോടു സംസാരിക്കുന്നു.

നിർണായകത്തെ സംസ്ഥാന ജൂറി വേണ്ട രീതിയിൽ പരിഗണിച്ചില്ല എന്ന പരാതിയുണ്ടോ?

ഒരിക്കലുമില്ല. കിട്ടാത്തതിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. കിട്ടിയതിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. മികച്ച സ്വഭാവ നടനുള്ള അവാർഡ് പ്രേം പ്രകാശിനും മേയ്ക്ക്‌അപ് മാനുള്ള അവാർഡും സംസ്ഥാന തലത്തിൽ ലഭിച്ചിരുന്നു. സിനിമ വിലയിരുത്തുന്ന ജൂറിയിലെ മുഴുവൻ അംഗങ്ങൾക്കും എന്റെ സിനിമ ഇഷ്ടപ്പെടണം എന്ന വാശി ഇല്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ സിനിമ ചെയ്യുന്നത്. നിർണായകം അങ്ങനെ എനിക്ക് സന്തോഷം നൽകിയ സിനിമയാണ്. നിർണായകം മാത്രമല്ല പുനരധിവാസവും അംഗീകരിക്കപ്പെട്ടത് ദേശീയ തലത്തിലാണ്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ മെലോ ഡ്രാമ എന്ന് പറഞ്ഞ് മാറ്റി നിർത്താനുള്ള ഒരു സാധ്യതയുണ്ടായിരുന്നു. പക്ഷേ നിർണായകത്തിന് അതുണ്ടായില്ല.?

കേരളത്തിലെ പ്രശ്നങ്ങൾ വച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹം നേരത്തെ മുതൽ ഉണ്ടായിരുന്നു. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയാണ്. ബോബി –സഞ്ജയുടെതാണ് തിരക്കഥ. അവർ ജീവിതത്തിൽ കണ്ടതോ, കേട്ടതോ, അനുഭവിച്ചറിഞ്ഞതോ ആയ കാര്യങ്ങളാണ് സിനിമയിൽ ഉള്ളത്. മെലോഡ്രാമയില്ലാതെ സിനിമാറ്റിക് ബ്രില്യൻസ് ഇല്ലാതെ സിനിമ ചെയ്യണം എന്നതായിരുന്നു ആഗ്രഹം. നിർണായകം അങ്ങനെ ചെയ്ത സിനിമയാണ്. സിനിമ കണ്ട് ഒരുപാട് ആളുകൾ വിളിച്ചിരുന്നു. പൊതുവഴിയിൽ എത്ര വലിയ പരിപാടികൾ നടന്നാലും ഓരോ പത്തു മിനിറ്റു കൂടുമ്പോഴും ജനങ്ങൾക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കോടതി വിധിയുണ്ട്. ഇത് അറിയാത്തവരെ അറിയിക്കണം എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു സിനിമ ചെയ്തപ്പോൾ.

∙സാമൂഹിക വിഷയം കൈകാര്യം ചെയ്യുമ്പോൾ മനുഷ്യബന്ധങ്ങളുടെ തീവ്രത പാരലൽ ആയി കൊണ്ടുപോവാൻ സാധിച്ചതെങ്ങനെ?

മനുഷ്യബന്ധങ്ങളുടെ കഥ പറയാതെ സിനിമ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. തീരുമാനം എടുക്കാനുള്ള ഒരു അവസ്ഥയുണ്ടല്ലോ, അതാണ് നിർണായകം എന്ന സിനിമ. ജീവിതത്തിൽ തീരുമാനമെടുക്കുന്ന നിർണായക നിമിഷം എന്നതാണ് സിനിമയുടെ കേന്ദ്രം.

∙നിർണായകവും പുനരധിവാസവും ചെയ്ത സംവിധായകനിൽ നിന്നും ഗുലുമാൽ പോലുള്ള ചിത്രം?

എല്ലാത്തരത്തിലുമുള്ള ചിത്രങ്ങളും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ചെയ്യും. ത്രീ കിങ്സ്, മൂന്നാമതൊരാൾ, ട്രിവാൻ‌ഡ്രം ലോഡ്ജ്, മുല്ലവള്ളിയും തേൻമാവും, പോപ്പിൻസ് ഇവയെല്ലാം വ്യത്യസ്തങ്ങളായ സിനിമയാണ്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ അഞ്ച് നാടകങ്ങൾ വച്ച് കന്നഡത്തിൽ ചെയ്ത ചിത്രത്തിന്റെ മലയാളം പതിപ്പാണ് പോപ്പിൻസ്. പോപ്പിൻസിനെ വിമർശിച്ചവരിലധികവും ആ സിനിമ കാണാത്തവരാണ്. ഹാംലെറ്റ് ആധാരമാക്കി എടുത്ത ചിത്രമാണ് കർമയോഗി.

∙രാജ്യാന്തര അവാർഡുകൾ വരെ നേടിയ ഒട്ടേറെ പരസ്യ ചിത്രങ്ങൾ ചെയ്തു. ഇരുപതോളം സിനിമകളും. സിനിമയാണോ പരസ്യമാണോ കൂടുതൽ സംതൃപ്തി തന്നത്?

30 സെക്കന്റുകളാണ് ഒരു പരസ്യത്തിന്റെ പരമാവധി സമയം. പക്ഷേ ആ പരസ്യങ്ങൾ ഒരു കഥ പറയുന്നുണ്ടാകും. ഞാൻ ചെയ്ത പരസ്യ ചിത്രങ്ങളെല്ലാം ഇത്തരത്തിൽ സ്റ്റോറി ടെല്ലിങ് ഉണ്ടായിരുന്നു. പരസ്യങ്ങൾ നിരന്തരം പഠിക്കാനുള്ള അവസരം തരും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും വിദഗ്ധരുമാണ് പരസ്യ രംഗത്തുള്ളത്.

മരുഭൂമിയിലെ ആന എങ്ങനെയുള്ള സിനിമയാണ്?

മരുഭൂമിയിലെ ആന നൂറു ശതമാനവും എന്റർടൈനിങ് സിനിമയാണ്. ആദ്യവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ. തിയറ്ററിൽ എത്തുന്ന ആസ്വാദകരെ പൂർണമായും രസിപ്പിക്കുമെന്ന് ഉറപ്പുള്ള സിനിമയാണ് മരുഭൂമിയിലെ ആന.