കലക്ഷൻ ഹീറോ ബിജു; ബോക്സ്ഓഫീസ് റിപ്പോർട്ട്

വർഷം പാതി പിന്നിടുമ്പോൾ മലയാള സിനിമയിൽ കലക‌്ഷൻ ഹീറോ ‘ആക‌്ഷൻ ഹീറോ ബിജു’ ആണ്. തിയറ്ററിലെത്തി ആദ്യ ആഴ്ച സ്റ്റാർട്ടിങ് പിഴച്ച് ഒന്നിരുന്നുപോയ ബിജു പക്ഷേ, പ്രേക്ഷകപ്രീതി നേടി കുതിച്ചോടിയത് 100 ദിവസം. തിയറ്ററുകളിൽനിന്നു വാരിയത് 30 കോടിയോളം രൂപ. ഈ വർഷത്തെ ചിത്രങ്ങളിൽ തിയറ്ററിൽ 100 ദിവസം. ബിജുവിനൊപ്പം മൽസരിച്ച് ഇപ്പോഴും ഓട്ടം തുടരുന്നതും ഒരു നിവിൻ പോളി ചിത്രമാണ്; ജേക്കബിന്റെ സ്വർഗരാജ്യം. തിയറ്ററിൽ 70 ദിവസമായി തുടരുന്ന ജേക്കബിന്റെ സ്വർഗരാജ്യം ഇതിനകം തിയറ്ററിൽനിന്ന് 25 കോടിയോളം രൂപ സ്വന്തമാക്കിക്കഴിഞ്ഞു. 2014നും 2015നും പിന്നാലെ 2016ന്റെ ആദ്യ പകുതിയിലും താരനിരയിലെ കലക‌്ഷൻ ഹീറോ നിവിൻ പോളി തന്നെ.

2016 ആറു മാസം പിന്നിടുമ്പോൾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ലാഭം കൊയ്ത് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചത് ഏഴു ചിത്രങ്ങളാണ്. ആക‌്ഷൻ ഹിറോ ബിജു, ജേക്കബിന്റെ സ്വർഗരാജ്യം, പാവാട, മഹേഷിന്റെ പ്രതികാരം, കിങ് ലെയർ, കലി എന്നീ താര ചിത്രങ്ങൾക്കൊപ്പം വലിയ താരത്തിളക്കങ്ങളൊന്നുമില്ലാതെ എത്തിയ കുഞ്ഞുചിത്രമായ ‘ഹാപ്പി വെഡ്ഡിങ്’ ആണ് സമീപകാലത്തെ അദ്ഭുത ഹിറ്റ്. താരതമ്യേന ചെറിയ ബജറ്റിൽ തീർത്ത ചിത്രമെന്ന നിലയിലാണ് ഇപ്പോഴും മികച്ച കലക‌്ഷൻ നേടുന്ന ഹാപ്പി വെഡ്ഡിങ് അതിവേഗം ലാഭത്തിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചത്. ഇതിനൊപ്പം തന്നെ റിലീസ് ചെയ്ത കമ്മട്ടിപ്പാടം, സ്കൂൾ ബസ്, ആടുപുലിയാട്ടം എന്നീ താര ചിത്രങ്ങളും ഇപ്പോഴും തിയറ്ററിലുണ്ട്.

ഈ വർഷം ഇതുവരെ 58 മലയാള സിനിമകളാണ് തിയറ്ററുകളിലെത്തിയത്. പതിവുപോലെ ഇതിലേറേയും മുടക്കുമുതൽ തിരിച്ചുപിടിക്കാനാവാതെ നഷ്ടക്കച്ചവടമായവ തന്നെ. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും ചിത്രങ്ങളിൽ പലതും നഷ്ടക്കണക്കായപ്പോൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ഏഴു സിനിമകളിൽ രണ്ടെണ്ണം ഒരുക്കിയത് പുതുമുഖ സംവിധായകരാണെന്ന പ്രത്യേതകയുമുണ്ട്. നടൻ കൂടിയായ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും ഒമറിന്റെ ഹാപ്പി വെഡ്ഡിങ്ങുമാണിവ.

കഴിഞ്ഞ വർഷം അവസാനം റിലീസായ ടു കൺട്രീസ്, ചാർളി എന്നിവ ഈ വർഷത്തിന്റെ തുടക്കത്തിലും നിറഞ്ഞോടിയാണു തിയറ്റർ വിട്ടത്. അതുകൂടി പരിഗണിച്ചാൽ കലക‌്ഷനിൽ ഒന്നാം സ്ഥാനം കാനഡയിൽ ചിത്രീകരിച്ച ദിലീപ്-ഷാഫി ചിത്രമായ ടു കൺട്രീസിനാണ്.

ഈ വർഷം ലാൽ ജോസ് സിനിമകളൊന്നും ഇതുവരെ തിയറ്ററിലെത്തിയില്ലെങ്കിലും വിതരണക്കാർ എന്ന നിലയിൽ മികച്ച നേട്ടം കൊയ്തത് ലാൽജോസിന്റെ കമ്പനിയായ എൽജെ ഫിലിംസാണ്. ഏറ്റവും കൂടുതൽ പണം വാരിയ ആക‌്ഷൻ ഹീറോ ബിജുവും ജേക്കബിന്റെ സ്വർഗരാജ്യവും വിതരണം ചെയ്തത് ഈ കമ്പനിയാണ്.

ന്യൂ ജനറേഷൻ തരംഗം മലയാള സിനിമയുടെ പ്രമേയങ്ങളെയും അവതരണ രീതിയെയുമെല്ലാം പുതിയ ദിശയിലേക്കു നയിച്ചെങ്കിലും സിനിമാ വ്യവസായത്തിലെ പ്രതിസന്ധി തുടരുകയാണെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു. സിനിമ നിർമാണത്തെക്കുറിച്ച് വേണ്ടവിധം മനസിലാക്കാതെ പണം മുടക്കാനെത്തി ഒറ്റ സിനിമകൊണ്ടു കൈപൊള്ളി കളം വിടുന്നു നിർമാതാക്കളാണ് ഏറെയെന്ന് അസോസിയേഷൻ സെക്രട്ടറി കൂടിയായ പ്രമുഖ നിർമാതാവ് എം.രഞ്ജിത് പറയുന്നു.

സിനിമ നിർമിക്കുന്നതിനു മുൻപ് വിശദമായ പ്രോജക്ട് റിപ്പോർട്ടും ബജറ്റും അസോസിയേഷനിൽ സമർപ്പിക്കണമെന്ന് നിർമാതാക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്. 90% സിനിമകളും നിർമാണം പൂർത്തിയാവുമ്പോൾ ആദ്യം തരുന്ന ബജറ്റ് കടന്നിട്ടുണ്ടാവും. സിനിമ തിയറ്ററിലെത്തിക്കഴിഞ്ഞ ശേഷമുള്ള വരുമാനത്തിന്റെ കാര്യത്തിൽ കൃത്യമായ കണക്ക് ലഭിക്കാറുമില്ല’- രഞ്ജിത് പറഞ്ഞു.

സിനിമകളുടെ വരുമാനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ടിവി സംപ്രേഷണാവകാശത്തിലും (സാറ്റലൈറ്റ് റൈറ്റ്) പ്രതിസന്ധിയാണെന്നാണ് സിനിമാക്കാരുടെ പക്ഷം. മുൻപ് 50% സിനിമകളുടെ റൈറ്റ് വിറ്റുപോയിരുന്നെങ്കിൽ ഇപ്പോഴത് 10 ശതമാനത്തോളം മാത്രമാണ്. പ്രമുഖ താരങ്ങളുടെയോ സംവിധായകരുടെയോ ചിത്രങ്ങളൊഴികെ ഭൂരിഭാഗം സിനിമകളും ഇറങ്ങിയ ശേഷം മാത്രമാണ് ടിവി റൈറ്റ് വിറ്റുപോകുന്നത്. സിനിമ തിയറ്ററിൽ പൊളിഞ്ഞാൽ ടിവി കച്ചവടവും ഇടിയുമെന്നു ചുരുക്കം.