പ്രേക്ഷകർ, ഫാൻസ്, ട്രോൾസ്; ട്രെയിലറൊരുക്കുമ്പോൾ പേടിക്കേണ്ടത്, പഠിക്കേണ്ടതും!!

പുലിമുരുക’ന്റെ 150–ാം ദിനാഘോഷത്തിൽ ട്രെയിലർ എഡിറ്റിങ്ങിനുള്ള ഉപഹാരം ജിത്തിന്(ഇടത്) സമ്മാനിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടി.

ഒരു തരത്തിലും മനുഷ്യനു മനസിലാകാത്ത കാഴ്ചകൾ ആദ്യമേ തന്നെ, അല്ലെങ്കിലൊരു പൊട്ടിത്തെറി, അതുമല്ലെങ്കില്‍ കട്ടസൈലൻസ്, പുറകെ തീയും പുകയും വെടിയൊച്ചകളും, ഒട്ടും വിചാരിക്കാത്ത നേരങ്ങളിൽ ഒന്നോ രണ്ടോ അട്ടഹാസങ്ങൾ, മേമ്പൊടിക്ക് ചറപറ വെടിയുണ്ടകൾ, ‘എന്നെ ഉപേക്ഷിക്കരുത്’ എന്ന മട്ടിൽ ഡയലോഗടിക്കുന്ന നായിക, തൊട്ടടുത്ത നിമിഷം നായിക തെറിച്ചു പോകുന്നു, നായകന്റെ അസാധാരണമായ കരച്ചിൽ, നായികയുടെ നിസ്സഹായമായ കണ്ണുകൾ, ‘റൺ, റൺ...’ എന്ന് ഇടയ്ക്കിടെ കൂട്ടുകാരുടെ വക കിതയ്ക്കൽ, കനത്ത മഴ, ഒടുക്കത്തെ രാത്രി, പേടിപ്പിക്കുന്ന ചോരപ്പാടുകൾ, ഇറ്റുവീഴുന്ന വെള്ളം, തിളങ്ങുന്ന വാൾ, കറങ്ങുന്ന ഫാൻ, ഇടയ്ക്കിടെ കൊടും ഇരുട്ട്... എല്ലാറ്റിനുമൊപ്പം അതിഭീകരമായ ബാക്ക്ഗ്രൗണ്ട് സ്കോറും കൂടി ചേർത്ത് രണ്ടു–രണ്ടരമിനിറ്റിലേക്ക് ചുരുക്കിയെടുത്താൽ ഇതാ നിങ്ങളുടെ മുന്നിൽ ഏറ്റവും പുതിയ ചിത്രത്തിന്റെ കിടുകിടിലൻ ട്രെയിലർ റെഡി. 

ചൂടോടെ ഷെയറുകയോ ലൈക്കും കമന്റുമടിക്കുകയോ എന്തിനേറെപ്പറയണം ട്രോളുക വരെ ചെയ്യാം. മേൽപ്പറഞ്ഞത് ഒരു ശരാശരി ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലറിനെപ്പറ്റിയാണ്. അതിപ്പോൾ സ്പൈഡർമാനോ ജാക്ക് സ്പാരോയോ കോൻജുറിങ്ങോ കിങ് കോങ്ങോ ആയാലും ഇതാണവസ്ഥ. പക്ഷേ മലയാളത്തിൽ സ്ഥിതി മാറി; സിനിമയെ ‘ന്യൂജെൻ’ പിള്ളേർ റാഞ്ചിയതു പോലെ ട്രെയിലറുകളിലും ഇപ്പോൾ വെറൈറ്റിയുടെ 

പൊടിപൂരമാണ്. ചിലതെല്ലാമാകട്ടെ കണ്ടാലും കണ്ടാലും കൊതി തീരാത്തവ. സിനിമയെക്കാൾ ട്രെയിലറുകൾ സൂപ്പർഹിറ്റാകുന്ന, യൂട്യൂബിൽ എത്ര പേർ ട്രെയിലർ കണ്ടു എന്നത് സൂപ്പർസ്റ്റാറുകളുടെ വരെ അഭിമാനപ്രശ്നമാകുന്ന ഇക്കാലത്തെ ചില കാഴ്ചകൾ ‘കട്ട്’ ചെയ്ത് ചൂടോടെ...വെട്ടിക്കൂട്ടിയൊട്ടിക്കാനുമുണ്ടൊരാൾ

‘ചുമ്മാ ഒരു സുപ്രഭാതത്തിൽ കയറി വന്ന് എന്നാലൊരു ട്രെയിലറങ്ങു ചെയ്തു കളയാം എന്നു കരുതിയാൽ പണി പാളും. എക്സ്പീര്യൻസ്ഉ ള്ളൊരു എഡിറ്റർക്കേ നല്ലൊരു ട്രെയിലറും തയാറാക്കാനാകൂ...– പറയുന്നത് ‘പുലിമുരുകന്റെ’ ട്രെയിലർ ഒരുക്കിയ കോട്ടയം നാട്ടകം സ്വദേശി ജിത്ത്ജോഷി. കൃത്യമായിപ്പറഞ്ഞാൽ പുലിമുരുകന്റെ ‘ട്രെയിലർ എഡിറ്റർ’. അതെ, അങ്ങനെയൊരു ജോലിയും എത്തിയിരിക്കുന്നു മലയാള സിനിമയിൽ. എന്തിനേറെപ്പറയണം ട്രെയിലറുകൾ തയാറാക്കി നൽകാൻ പ്രത്യേക സ്റ്റുഡിയോകൾ  വരെ റെഡിയാണിന്ന്. 

സ്വകാര്യ ചാനലുകൾ മുളപൊട്ടിയതിനൊപ്പം 20 വർഷം മുൻപേയുണ്ട് മലയാളത്തില്‍ ട്രെയിലറുകള്‍. അന്നുപക്ഷേ ചിത്രത്തിന്റെ എഡിറ്റർ തന്നെയാണ് ട്രെയിലറും ഒരുക്കിയിരുന്നത്. ഇന്നാണെങ്കിൽ എഡിറ്റർമാർ തന്നെ സംവിധായകരോട് പറയും– ‘എന്റെ പരിചയത്തിലൊരാളുണ്ട്, കക്ഷിയെക്കൊണ്ട് ചെയ്യിക്കാമെന്ന്...’ ട്രെയിലറുകളിൽ പുതുതലമുറയുടെ ആശയങ്ങൾ തെളിയാനാണിത്. പുലിമുരുകന്റെ എഡിറ്റർ ജോൺകുട്ടിയാണ് ജിത്തിനെ സംവിധായകൻ വൈശാഖിന് നിർദേശിക്കുന്നത്. 

‘പുലിമുരുകന്റെ ട്രെയിലർ ഒരുക്കുമ്പോൾ മമ്മൂക്ക ഫാൻസിനെയും ലാലേട്ടൻ ഫാൻസിനെയും സാധാരണ പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരുന്നു വേണ്ടിയിരുന്നത്. ട്രെയിലറിനെ ആരും ട്രോളരുതെന്ന പ്രാർഥനയുമുണ്ടായിരുന്നു. ലാലേട്ടനും കടുവയും ഒരുപോലെ പ്രധാനപ്പെട്ടതാണ് സിനിമയിൽ. അവർ തമ്മിലുള്ള സംഘട്ടനത്തിന്റെ സൂചനകൾ കൊടുക്കണം. അതോടൊപ്പം തന്നെ ഫാൻസുകാരുടെ ഫൈറ്റ് ഒഴിവാക്കുകയും വേണം. എന്തായാലും ട്രെയിലര്‍ യൂട്യൂബിൽ 36 ലക്ഷത്തിലേറെ പേർ കണ്ട് ഹിറ്റായി....’ ജിത്ത് പറയുന്നു. ഒന്നരക്കോടിയിലേറെപ്പേർ ഇതിനോടകം കണ്ട ‘പൂമര’ത്തിലെ ‘ഞാനും ഞാനുമെന്റാളും’ പാട്ട് എഡിറ്റ് ചെയ്തതും ജിത്താണ്. ട്രെയിലർ എഡിറ്ററാകാനുള്ള റെക്കമൻഡേഷനുകൾക്കു പിന്നിലുമുണ്ട് ചില മാനദണ്ഡങ്ങൾ.

1) പണിയറിഞ്ഞേ പറ്റൂ...!

ആക്‌ഷൻ ഹീറോ ബിജു, 1983, സ്വർണക്കടുവ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈലാഞ്ചിമൊഞ്ചുള്ള വീട്, മറിയംമുക്ക് തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങൾക്ക് ട്രെയിലറൊരുക്കിയ പരിചയമാണ് ജിത്തിന് പുലിമുരുകനിലേക്ക് വഴിയൊരുക്കിയത്. മോഹൻലാലിന്റെ ‘ഒപ്പം’ സിനിമയുടെ ട്രെയിലർ തയാറാക്കിയത് ‘പ്രേമ’ത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനാണ്. അതായത്, സിനിമയിൽ എത്രത്തോളം പ്രവൃത്തിപരിചയം കൂടുന്നോ അത്രയും ഗുണം ചെയ്യും ട്രെയിലറിൽ.

2) ചോർത്തരുത്, പിന്നെ സീൻ കോൺട്ര! 

ജനത്തിനു മുന്നിലേക്ക് സിനിമയെത്തും മുൻപുതന്നെ അത് കാണാനുള്ള ഭാഗ്യം ലഭിക്കും ട്രെയിലർ എഡിറ്റർക്ക്. പക്ഷേ വിശ്വാസ്യതയില്ലാത്ത വ്യക്തിയാണെങ്കിൽ പടം പുറത്തിറങ്ങും മുൻപേ നാട്ടുകാർ സിനിമയുടെ ക്ലൈമാക്സറിയും. അതിനാൽത്തന്നെ സിനിമ ‘ലീക്കാ’വാതെ സംരക്ഷിക്കേണ്ട ചുമതലയും ട്രെയിലർ എഡിറ്റർക്കുണ്ട്. 

3) മനസ്സറിയും മനുഷ്യനാകണം!

സംവിധായകന്റെ മനസിലൊരു ട്രെയിലറുണ്ടാകും. കക്ഷി മനസ്സിൽ കാണുന്നത് മാനത്തു കാണാൻ സാധിക്കുന്ന ഒരാളെയേ അദ്ദേഹം ട്രെയിലർ തയാറാക്കാൻ വിളിക്കുകയുള്ളൂ. സംവിധായകൻ സ്വപ്നം കാണുന്ന ട്രെയിലർ കിട്ടുന്നതു വരെ ക്ഷമയോടെ ജോലിയെടുക്കാനും കഴിവുണ്ടാകണം.

ഒന്നോ രണ്ടോ ദിവസം കൊണ്ടും ഒരാഴ്ച കൊണ്ടും ട്രെയിലർ തയാറാക്കുന്നവരുണ്ട്. രണ്ടാണെങ്കിലും സിനിമയിൽ നിന്നു ട്രെയിലറിലേക്കുള്ള യാത്ര അൽപം രസകരമാണ്.

∙ എഡിറ്റിങ് പൂർത്തിയാകുന്നു, ഇനി സിനിമ നേരെ ട്രെയിലർ എഡിറ്റർക്കു മുന്നിലേക്ക് (സിനിമയുടെ ചിത്രീകരണസമയത്തു തന്നെ അതിനൊപ്പം നിന്ന് ട്രെയിലറൊരുക്കുന്നവരും ഉണ്ട്) സിനിമ കോമഡിയാണോ ട്രാജഡിയാണോ ആക്‌ഷനാണോ എന്നെല്ലാം ആദ്യം തിരിച്ചറിയും. ഏത് ‘മൂഡി’ലാണ് ട്രെയിലർ ഒരുക്കേണ്ടതെന്നും ചോദിക്കും.

∙ പലതവണ തലങ്ങും വിലങ്ങും ‘ഓടിച്ചും സ്‌ലോ ചെയ്തും’ കുത്തിയിരുന്നു സിനിമ കാണുന്ന എഡിറ്റർ. ഉഗ്രനൊരു ട്രെയിലർതീം തരണമേയെന്നാണു പ്രാർഥന. അതിനിടെ സിനിമയുടെ ഗംഭീര ഷോട്ടുകൾ തിരഞ്ഞുപിടിച്ചെടുക്കുന്നു. തിയേറ്ററിൽ കാണുമ്പോൾ ‘അയ്യേ ഇത് ട്രെയിലറിൽ കണ്ടതല്ലേ’ എന്ന് ആരും പറയാത്ത വിധമാണ് തിരഞ്ഞെടുപ്പ്. അതേസമയം തന്നെ തിയേറ്ററിലേക്ക് ആളെ കൈപിടിച്ചു കയറ്റുന്ന തരം കാഴ്ചകളെ കണ്ടെത്തുകയും വേണം.

∙ ഐഡിയ കിട്ടി. ആവശ്യത്തിന് ഷോട്ടുകളും റെഡി. ട്രെയിലറിനു വേണ്ടി ചില പ്രത്യേക ഷോട്ടുകൾ എടുത്തുതരാമോയെന്ന് സംവിധായകനോട് ചോദിച്ചു, തരാമെന്ന് അദ്ദേഹത്തിന്റെ ഉറപ്പ്. (സിനിമയിൽ ഇല്ലാത്ത രംഗങ്ങൾ കൂട്ടിച്ചേർക്കുന്ന പതിവ് പൊതുവെ ട്രെയിലറുകൾക്കില്ല. പക്ഷേ സിനിമയിൽ നിന്നൊഴിവാക്കിപ്പോയ രംഗങ്ങൾ ട്രെയിലറിൽ കയറിവന്ന അവസരങ്ങളുണ്ട്)

∙ ഒരു ഡമ്മി ബാക്ക് ഗ്രൗണ്ട് സ്കോർ കണ്ടെത്തി; വിഷ്വലുകളോരോന്നായി കൂട്ടിച്ചേർക്കുന്നു. പലഘട്ടങ്ങളിലായി ‘വെട്ടി’യാണ് രണ്ടര മണിക്കൂർ സിനിമയെ രണ്ടു മിനിറ്റിലേക്കു ചുരുക്കുന്നത്. ഇടയ്ക്ക് സംവിധായകനോടും എഡിറ്ററോടും അഭിപ്രായം തേടും. ‌അവർ പറയുന്ന കറക്‌ഷനുകളെല്ലാം വരുത്തും. 

∙ വെട്ടലും തിരുത്തലും തുടരുന്നു; ഒടുവിലതാ സംവിധായകനും നിർമാതാവിനും ഏറെയിഷ്ടപ്പെട്ട ട്രെയിലർ ‘കുഞ്ഞു’പിറക്കുന്നു.

∙ ട്രെയിലറിന്റെ യാത്രയിനി ബാക്ക്ഗ്രൗണ്ട് സ്കോറും സ്പെഷൽ എഫക്ട്സുമെല്ലാം ചേർക്കുന്നിടത്തേക്കാണ്. അവിടെയും ട്രെയിലർ എഡിറ്റർ സ്റ്റുഡിയോയിൽ ഫുൾ ടൈം ഒപ്പമിരിക്കും. 

അപ്പോൾ കാശോ?

ട്രെയിലറിനു വേണ്ടി ബോളിവുഡിലേതു പോലെ പ്രത്യേക ബജറ്റൊന്നുമില്ല മലയാളത്തിൽ. എന്തിനേറെപ്പറയണം, തമിഴിൽ ട്രെയിലറിന് അനുവദിക്കുന്ന തുക പോലും ഇവിടെ കിട്ടാറില്ല. പക്ഷേ ഇപ്പോൾ പല സിനിമകളിലും സീൻ മാറി. എഡിറ്റർക്ക് മാന്യമായ ശമ്പളവും ‘ട്രെയിലർ എഡിറ്റർ’ എന്ന് ക്രെഡിറ്റും കൊടുക്കുന്നത് പതിവാണ്. അപ്പോഴും ചില സിനിമകൾക്കെങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫ്രീയായി ട്രെയിലർ ചെയ്ത് കൊടുക്കുന്നുവരുമുണ്ട്. അതിനുമുണ്ട് എഡിറ്റർക്ക് മറുപടി– ‘ട്രെയിലർ ഇന്നുവരും, നാളെ സിനിമ വരുമ്പോൾ അതിനെ എല്ലാവരും മറക്കും. പക്ഷേ സൗഹൃദം അങ്ങനല്ലല്ലോ...’