ദിലീപിനൊപ്പം സിനിമ ചെയ്യണമെന്ന് ഗൗതം മേനോന്‍

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനൊപ്പം സിനിമ െചയ്യാൻ ആഗ്രഹമുണ്ടെന്ന് സൂപ്പർസംവിധായകൻ ഗൗതം വാസുദേവ് മേനോൻ. ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം രാമലീലയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ഗൗതം മേനോന്റെ പ്രതികരണം. പോസ്റ്റർ നന്നായിട്ടുണ്ടെന്നും അരുൺ ഗോപിക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും ഗൗതം കുറിച്ചു. ദിലീപിനൊപ്പം ഒരു സിനിമ ചെയ്യാൻ കാത്തിരിക്കുകയാണെന്നും ഗൗതം മേനോൻ പറഞ്ഞു.

പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡഹിറ്റിന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമ നവാഗതനായ അരുൺഗോപിയാണ് സംവിധാനം ചെയ്യുന്നത്. ലയൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ശക്തനായ രാഷ്ട്രീയ നേതാവായി ദിലീപ് എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഏറെക്കാലമായി ദിലീപ് ആരാധകർ കാത്തിരിക്കുന്ന ഒരു വേഷം കൂടിയായിരിക്കും ഈ സിനിമയിലേത്. ചിത്രത്തിന്റെ പോസ്റ്ററും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

പ്രയാഗ മാർട്ടിൻ ആണ് നായിക. സിനിമയിൽ രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ അഭിനയിക്കുന്നത്. സഖാവ് രാഗിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല. ദിലീപ് എംഎൽഎ ആയി എത്തുന്നു.

സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം.