Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നുമണിക്കൂറിൽ പത്ത് ലക്ഷം; റെക്കോർഡുകൾ ഭേദിച്ച് വില്ലൻ ടീസർ

villain-teaser

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന വില്ലൻ സിനിമയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു ഫെയ്സ്ബുക്കിലൂടെ പുറത്തിറങ്ങിയ ടീസർ മൂന്നു മണിക്കൂറുകൾകൊണ്ട് കണ്ടത് 10 ലക്ഷം ആളുകൾ. 

ക്രോസ് പോസ്റ്റിങിലൂടെ രാവിലെ പന്ത്രണ്ട് മണിക്കാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. സിനിമ പോലെ തന്നെ നിഗൂഡത നിലർത്തുന്നതാണ് ടീസറും. നാളെ റിലീസ് ചെയ്യുന്ന ബാഹുബലി 2നൊപ്പം കേരളത്തിലെ തിയറ്ററുകളിലും ഈ ടീസറെത്തും.

8 കെ റെസല്യൂഷനിലാണ് ചിത്രം ഒരുങ്ങുന്നത്. ഒരു സിനിമ പൂര്‍ണമായും 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാകും. വിണ്ണൈ താണ്ടി വരുവായാ, നൻപൻ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം. റെഡിന്റെ വെപ്പണ്‍ സീരീസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്.

സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ബജറ്റ് 25–30 കോടിയാണ്. വിഎഫ്എക്സിനും സ്പെഷൽ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രം പെർഫെക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവർത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്സ് കൈകാര്യം ചെയ്യുക. 

സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മോഹൻലാൽ എത്തുന്നത്. 'ഗുഡ് ഈസ് ബാഡ്' എന്നാണ് സിനിമയുടെ ടാഗ്‍‌ലൈൻ. മഞ്ജു വാര്യർ ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി വേഷമിടുന്നു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലാണ് അവസാനം ഇവർ ഒരുമിച്ചത്. 

സിനിമയിൽ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ പറയുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹൻലാൽ എത്തുക. തമിഴ് നടൻ വിശാൽ ആണ് മറ്റൊരു താരം. കൂടാതെ ഹൻസിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ‍ആണ് ഈ സിനിമയുടെയും സംഘട്ടനം‍. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടർമാരിൽ ഒരാളാണ്. 

ചിത്രം നിർമിക്കുന്നത് ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ ബ്രഹ്മാണ്ഡചിത്രങ്ങൾ നിർമിച്ച റോക്‌ലൈൻ വെങ്കിടേഷ് ആണ്. കലാസംവിധാനം ഗോകുൽ ദാസ്. സംഗീതം ഫോര്‍ മ്യൂസിക് ( ഒപ്പം ഫെയിം ). വസ്ത്രാലങ്കാരം–പ്രവീൺ വർമ. മിസ്റ്റർ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.