Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വാർത്ത എന്നെ ഞെട്ടിച്ചില്ല; പക്ഷെ ഡ്രൈവറെ വലച്ചു: വിജയരാഘവന്‍

Vijayaraghavan

സമൂഹമാധ്യമങ്ങൾ താരങ്ങളെ പിന്തുടരുന്ന കാലമാണിത്. ആരാധന കൊണ്ട് പിന്തുടർന്നാൽ സഹിക്കാം, എന്നാൽ വ്യാജ മരണവാർത്ത പ്രചരിപ്പിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും.  അങ്ങനെയൊരു വാർത്തയ്ക്ക് ഇന്നലെ ഇരയായത് നടൻ വിജയ രാഘവനാണ്. വിജയരാഘവന്റെ പടം പതിപ്പിച്ച ആംബുലൻസിന്റെ ചിത്രം സഹിതമായിരുന്നു പ്രചാരണം. 

തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞ് മനസിലാക്കേണ്ട അവസ്ഥയിലാണ് വിജയരാഘവൻ. ഇന്നലെ വൈകുവന്നേരത്തോടെയാണ് വിജയരാഘവന്റെ പേരിൽ വ്യാജ മരണ വാർത്ത പ്രചരിച്ചത്.  ഫേസ്ബുക്ക് , വാട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്.

ഇതിനെക്കുറിച്ച് അദ്ദഹം പറയുന്നതിങ്ങനെ, ഞ‍ാൻ ഇന്നലെ അങ്കമാലിയിൽ ഷാഫി ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കോട്ടയത്തെ വീട്ടിലേക്ക് മടങ്ങും വഴി കൊച്ചിയിൽ എന്റെ സഹോദരിയുടെ മകളുടെ വീട്ടിൽ കയറി. അവിടെ വച്ച് മകനാണ് എന്നെ വിളിച്ചു പറയുന്നത്. ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്നുണ്ടെന്ന്. അതിന് ഒരു മിനിറ്റ് മുമ്പ് അവൻ എന്നോട് സംസാരിച്ചതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവൻ പേടിച്ചില്ല. എനിക്കും പലരും വാട്സാപ്പ് വഴി വാർത്ത അയച്ചു തന്നു. 

എന്നെ വാർത്ത ഞെട്ടിച്ചൊന്നുമില്ല, ഞാൻ ഇതിനെ തമാശയായേ കാണുന്നുന്നുള്ളൂ. പരാതി നൽകിയിട്ടില്ല. പരാതി നൽകിയാലും പിടിക്കുമെന്ന് ഉറപ്പില്ല, ഇതിനുമുമ്പും ഇത്തരം കേസുകൾ ഉണ്ടായിട്ട് ആരെയും പിടികൂടിയില്ലല്ലോ? ഇത് രാമലീല എന്ന പുതിയ സിനിമയിലെ ഒരു സീനിന്റെ ചിത്രമാണ്. അതിൽ ഞാൻ മരിച്ചിട്ട് ആംബുലൻസിൽ വിലാപയാത്രയായി ബോഡി കൊണ്ടുപോകുന്ന രംഗമുണ്ട്. സഖാവായിട്ടാണ് അതിൽ അഭിനയിക്കുന്നത്. 

എന്റെ ഡ്രൈവർക്കും ബന്ധുക്കൾക്കുമാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടായത്. സംഭവം സത്യമാണോ എന്നറിയാൻ അവരെയാണ് എല്ലാവരും വിളിച്ചിരുന്നത്. വാർത്ത വ്യാജമാണെന്നറിഞ്ഞതോടെ എല്ലാവരും എന്നെ വിളിക്കാൻ തുടങ്ങി. ഇന്നലെ രാത്രി ഒരു മണി വരെ കോളുകൾ വന്നുകൊണ്ടിരുന്നു. പിന്നീട് ഫോൺ സ്വിച്ചോഫ് ചെയ്യുകയായിരുന്നു, വിജയരാഘവൻ മനോരമ ഒാൺലൈനോട് പറ‍ഞ്ഞു.

ഇതിനു മുമ്പ് നടൻ സലിം കുമാർ, മാമുക്കോയ, നടി സനുഷ, തുടങ്ങിയ താരങ്ങളും ഇത്തരത്തിൽ വ്യാജവാർത്തയ്ക്കിരയായിട്ടുണ്ട്.