ജോയ് താക്കോൽക്കാരൻ വീണ്ടും; പുണ്യാളൻ 2 വരുന്നു

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു. രഞ്ജിത് ശങ്കർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങാനാണ് പദ്ധതി.

പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങി കഴിഞ്ഞ നാല് വര്‍ഷമായി ഈ ഒരു പ്രോജ്ക്ടിനെക്കുറിച്ച് നിരന്തരം ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറയുന്നു. ആളുകളുടെ എല്ലാ പ്രതീക്ഷകളും നിലനിർത്തുന്ന തിരക്കഥയാണ് പുതിയ പ്രോജട്കിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര് തന്നെയായിരിക്കും പ്രധാനലൊക്കേഷൻ. മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല.

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ ചിത്രമാണ് പുണ്യാളൻ അഗർബത്തീസ്. ജയസൂര്യ, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു. പുണ്യാളൻ, സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങള്‍ക്ക് േശഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.