ബീഫ് നിരോധനം; പ്രതികരണവുമായി താരങ്ങൾ

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ആളുകൾക്കിടയിൽ വലിയ പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകൾ എത്തിക്കഴിഞ്ഞു. സോഷ്യൽമീഡിയയിലും ഇന്നലെ മുതൽ ചർച്ച ബീഫ് നിരോധനം തന്നെ.

വിഷയത്തിൽ താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. 

ആലപ്പി അഷ്റഫ്

കേരളത്തിലെ മൃഗശാലകളിൽ പുലി, കടുവ ,സിംഹം എന്നിവയ്ക്ക് എല്ലാ ദിവസവും മസാലദോശയും ചമ്മന്തിയും ഓരോ ഉഴുന്നുവടയും വിതരണം ചെയ്യുന്നതിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചിരിക്കുന്നു .

വിപിൻ ദാസ് (സംവിധായകൻ)

കിട്ടാത്ത മുന്തിരി പുളിക്കും !!

അലർജി കാരണം ബീഫ് കഴിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ കൂടെയുള്ളവർ കഴിക്കുന്ന ബീഫിന്റെ മണത്തിന്റെ കൂടെ മിനിമം മൂന്ന് പൊറോട്ട അകത്താക്കിയിരുന്ന എനിക്ക് ബീഫ് നിരോധനം മനസ്സിൽ ഇച്ചിരി ആശ്വാസവും സന്തോഷവും തന്നിരുന്നു.. പക്ഷെ ഇതറിഞ്ഞത് മുതൽ fbയിലെ തെണ്ടികൾ ബീഫിന്റെ ഫോട്ടോയിട്ടു എന്റെ സന്തോഷത്തിൽ തീ വാരിയിട്ടു. അല്ലെങ്കിലും ഈ ബീഫു കഴിക്കുന്നവരൊക്കെ വെറും പോത്തുകളാ.. ബീഫു കഴിക്കാൻ പറ്റാത്തവർ പലവിധമാണെന്നു മനസ്സിലാക്കാത്ത ദ്രോഹികൾ.. നീയൊക്കെ ബീഫ് കിട്ടാതെ ഇവിടെ കിടന്നു നെട്ടോട്ടം ഓടുന്നത് എന്റെ ഈ രണ്ടു കണ്ണ് കൊണ്ട് കാണും നോക്കിക്കോ.. ജയ് "ഗോ" മാതാ !!

രൂപേഷ് പീതാംബരൻ

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത നിയമപ്രകാരമാണ് ബീഫ് നിരോധിച്ചതെങ്കിൽ കോഴിയും ആടും മത്സ്യവുമെല്ലാം ഈ നിയമത്തിൽ ഉൾപ്പെടുന്നതാണ്. അതിനെയും നിരോധിക്കണം. അതിനുള്ള ഉറപ്പ് ഗവൺമെന്റിനുണ്ടോ?

അജു വർഗീസ് 

കോഴിക്കോട് റഹ്മത് ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രമാണ് അജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ആക്ഷേപഹാസ്യ രീതിയിലായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം

‘ഈ രാജ്യത്ത് അറസ്റ്റ് ചെയ്യാതെ കഴിക്കാൻ പറ്റുന്ന എന്താണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കഴിക്കാൻ പറ്റുന്നത് എന്താണ്? താലൂക്കുകളിലും പഞ്ചായത്തിലുമുള്ള മൃഗങ്ങളുടെ പേരൊന്ന് പറയാമോ? ഇതിന്റെയെല്ലാം ഒരു ലിസ്റ്റ് ആരെങ്കിലും തരൂ?’

മാലാ പാർവതി

വടക്കേ ഇന്ത്യ അല്ല കേരളം. ഞങ്ങൾ തീരുമാനിക്കും ഞങ്ങളുടെ ഭക്ഷണം.