പ്രഭാസ് കണ്ടെത്തി, തന്റെ ജീവിതസഖിയെ

തെലുങ്കിൽ മാത്രമല്ല ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സൂപ്പർതാരമായി പ്രഭാസ് മാറിക്കഴിഞ്ഞു. ബാഹുബലി സീരിസിലൂടെ മറ്റൊരു താരത്തിനും കിട്ടാത്ത ആരാധകവൃന്ദവും സ്വീകാര്യതയുമാണ് പ്രഭാസിനെ തേടിയെത്തിയത്. താരജാഡയില്ലാതെ എല്ലാവരോടും ഒരേരീതിയിൽ പെരുമാറുന്ന വ്യക്തിത്വമാണ് പ്രഭാസിന്റേത്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ എല്ലാ പ്രേക്ഷകരും ഈ നടനെ നെഞ്ചിലേറ്റിക്കഴിഞ്ഞു.

പ്രഭാസിന്റെ വിവാഹമാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രായം 37 പിന്നിട്ടിട്ടും പ്രഭാസ് വിവാഹം കഴിക്കാത്തതിൽ ഇവർക്ക് സങ്കടവും ഉണ്ട്. എന്നാൽ ആരാധികമാരെ അൽപം വിഷമിപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രഭാസിന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാർ കണ്ടെത്തിയിരിക്കുന്നത്.

റാസി സിമന്റ്സിന്റെ ചെയർമാൻ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചർച്ചയിലാണെന്ന് െതലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാർത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വർഷം മാർച്ചിൽ വിവാഹമുണ്ടാകുെമന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരിൽ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാർത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂർത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. 

അതിന് ശേഷം ബാഹുബലി നായിക അനുഷ്കയുമായി ചേർത്തും ഗോസിപ്പുകൾ പടർന്നു. എന്നാൽ അനുഷ്കയും ഇത് നിഷേധിച്ച് രംഗത്തെത്തി. 

2013 ജൂലൈയിൽ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ലായിരുന്നു. ഇക്കാലയളവിൽ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ല.വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു എന്നത് സത്യമാണ്. 

ബാഹുബലി ദ് ബിഗിനിങ് മുതല്‍ ഇതുവരെ പ്രഭാസിന് ആറായിരത്തോളം വിവാഹാലോചനകള്‍ വന്നിട്ടുണ്ടത്രെ. തെലുങ്ക് മാധ്യമമാണ് ഈ കണക്ക് പുറത്ത് വിട്ടത്. എന്നാല്‍ പൂര്‍ണമായും ബാഹുബലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു.‌‌‌ ഇതുകൂടാതെ 10 കോടിയുടെ പരസ്യ ഓഫറും നടൻ സിനിമയ്ക്കായി വേണ്ടെന്നുവച്ചു. എന്തായാലും ബാഹുബലി കഴിഞ്ഞതോടെ പ്രഭാസിനെ കയ്യോടെ വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാരുടെ തീരുമാനം.