ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞ് അനുഷ്ക ഷെട്ടി

ബാഹുബലിയുടെ വലിയ വിജയത്തോടെ അനുഷ്ക ഷെട്ടിയുടെ ആരാധകരും കൂടി. ഗ്ലാമർ കൊണ്ടു മാത്രമല്ല തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും അഭിനയപ്രകടനവും അനുഷ്കയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. ബാഹുബലി 2 വിന് ശേഷം അനുഷ്ക നായികയാകുന്ന പുതിയ ചിത്രം ഭാഗ്മതിയാണ്. ഒരു ത്രില്ലറായി ഒരുങ്ങുന്ന ചിത്രം അശോക് ജി സംവിധാനം ചെയ്യുന്നു.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. സിനിമയില്‍ അനുഷ്കയുടെ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. സിനിമയിൽ തന്റെ ഷൂട്ടിങ് പൂർത്തിയായത് ഫെയ്സ്ബുക്കിലൂടെ ആരാധകരോട് ഉണ്ണി പങ്കുവച്ചിരുന്നു. അനുഷ്കയുമൊത്തുള്ള ചിത്രീകരണാനുഭവത്തെക്കുറിച്ചും അവരുടെ ലാളിത്യത്തെക്കുറിച്ചും ഉണ്ണി കുറിപ്പിലൂടെ പറയുകയുണ്ടായി.

ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് അനുഷ്ക. നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്ന് അനുഷ്ക പറഞ്ഞു.

നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും നിങ്ങളെ എടുത്തുനിര്‍ത്തുമെന്ന് അനുഷ്‌ക ഉണ്ണി മുകുന്ദനെക്കുറിച്ച് പറയുന്നു. കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നുവെന്നും കൂടുതല്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അനുഷ്ക വ്യക്തമാക്കി.

മോഹന്‍ലാലിനും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിച്ച ജനതാ ഗ്യാരേജിന് ശേഷം ഉണ്ണി പ്രധാനവേഷത്തിലെത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഭാഗ്മതി. ഉണ്ണിയ്ക്ക് പുറമെ ജയറാം, ആശ ശരത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.