കാവ്യയുമായി വഴക്ക്; ചുട്ടമറുപടിയുമായി നമിത

അധികം ദൈർഘ്യമില്ലാത്ത ഇടവേളകളിട്ടു കൃത്യമായി ബിഗ്സ്ക്രീനിലെത്തിയിരുന്നു നമിത പ്രമോദ്. എന്നാൽ, ‘അടി കപ്യാരേ കൂട്ടമണി’കഴിഞ്ഞ് ആളെക്കുറിച്ചു വിവരമൊന്നുമില്ല. 

എന്തേ ഇത്ര നീണ്ടൊരു ഇടവേള?

സ്ക്രീനിൽ വന്നില്ലെന്നേയുള്ളൂ, സിനിമയിൽ നിന്നു മാറിനിന്നിട്ടില്ല കേട്ടോ. ഷൂട്ടിങ് തിരക്കുകളിലായിരുന്നു ഇത്രനാളും. അടി കപ്യാരേ കൂട്ടമണി കഴിഞ്ഞ് നേരെ പോയത് ഒരു തെലുങ്ക് ചിത്രത്തിലേക്കാണ്. അഞ്ചാറു മാസംകൊണ്ടാണ് അതു പൂർത്തിയായത്. പിന്നെ റോൾ മോഡൽസ്. റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എന്റർടെയ്നർ മൂവിയാണ്.  രണ്ടു ചിത്രങ്ങളുടെയും റിലീസ് ഈ മാസം ഉണ്ടാകും.

കൊള്ളാമല്ലോ, കുറച്ചുനാള്‍ കണ്ടില്ലെങ്കിലും വരുമ്പോൾ തുടരെ രണ്ടു ചിത്രങ്ങൾ!

രണ്ടല്ലല്ലോ.. പിന്നാലെ രണ്ടെണ്ണംകൂടി വരാനുണ്ട്. രതീഷ് അമ്പാട്ടും മുരളി ഗോപിയും ഒന്നിക്കുന്ന കുമാരസംഭവം ചരിത്രകഥയാണ്. പിന്നെ ക്യാമറമാൻ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന പ്രഫസർ ഡിങ്കൻ. രണ്ടിലും നായകൻ ദിലീപ് തന്നെ. ത്രീഡി ചിത്രമാണു പ്രഫസർ ഡിങ്കൻ. കുമാരസംഭവത്തിൽ തമിഴ്നടൻ സിദ്ധാർഥും പ്രധാനവേഷം ചെയ്യുന്നു. ഇതിനൊപ്പം മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പും പുരോഗമിക്കുന്നുണ്ട്. പ്രിയദർശൻ ആണു സംവിധായകൻ.

നിലവിൽ കാത്തിരിപ്പ് റോൾ മോഡൽസിന് വേണ്ടിത്തന്നെ...

നല്ല കഥയാണ്. ഒരാളുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളെ സ്പർശിച്ചു പോകുന്ന സിനിമ. ഗോവയിലും ഉത്തർ പ്രദേശിലെ അലിഗഡിലുമായാണ് ഏറിയ പങ്കും ചിത്രീകരിച്ചത്. 

ഇതിനിടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ടു  വിവാദങ്ങളുമുണ്ടായല്ലോ?

സോഷ്യൽ മീഡിയ വഴിയാണു ഞാനും അതേക്കുറിച്ചറിഞ്ഞത്. ദിലീപ് ഷോ 2017നു വേണ്ടി യുഎസിൽ പോയപ്പോൾ കാവ്യാ മാധവനുമായി തല്ലുകൂടിയെന്നൊക്കെയാണു കഥ. ഓൺലൈനിൽ കണ്ട വാർത്തയുടെ സ്ക്രീൻഷോട്ടെടുത്തു ഞാൻ കാവ്യച്ചേച്ചിക്ക് അയച്ചു ചോദിച്ചു - ഇതു വല്ലതും അറിയുന്നുണ്ടോ? ‘ഓഹോ, നമ്മൾ തമ്മിൽ ഇതിനിടയ്ക്കു തല്ലുകൂടിയിരുന്നല്ലേ’ എന്നു ചോദിച്ചു ചേച്ചി ചിരിച്ചു. വളരെ ആസ്വദിച്ച യാത്രയായിരുന്നു. കൂടെയുള്ളവരെല്ലാം കുടുംബവുമൊന്നിച്ചാണു വന്നത്. ആ യാത്രയുടെ രസങ്ങൾ മനസ്സിൽനിന്നു മായുംമുൻപേ ഉണ്ടായ കുപ്രചാരണങ്ങൾ അവഗണിക്കുകയാണു നല്ലതെന്നു തോന്നി. ഇതിനോടൊന്നും പ്രതികരിക്കാൻ പോവുകയേ വേണ്ടെന്നു കാവ്യച്ചേച്ചിയും പറഞ്ഞു.