അമ്മ യോഗത്തിൽ നിർണായകമാകുക രമ്യ നമ്പീശന്റെ തീരുമാനം

മലയാളസിനിമയിലെ ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ക്കിടെ താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ജൂൺ 29 വ്യാഴാഴ്ച നടക്കും. അമ്മ സംഘടനയുടെ 23ാമത് വാർഷിക പൊതുയോഗമാണിത്. നിലവിലെ വിവാദം അമ്മ യോഗത്തിൽ ചർച്ച ചെയ്യില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതാ അംഗവും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തും കൂടിയായ രമ്യ നമ്പീശന്‍ യോഗത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്’ രൂപീകരിച്ച ശേഷം താരങ്ങൾ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണത്തിലും രമ്യ മുന്‍പന്തിയിലുണ്ടായിരുന്നു. ആക്രമണം നേരിട്ട ശേഷമുള്ള നിരവധി ദിവസങ്ങള്‍ നടി കഴിഞ്ഞത് രമ്യ നമ്പീശന്റെ വീട്ടിലായിരുന്നു. അജുവിന്റെയും സലിം കുമാറിന്റെയും നിലപാടുകളിൽ അതൃപ്തി അറിയിച്ച്  വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മലയാളസിനിമ രണ്ടുതട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അമ്മ യോഗം ചേരുന്നത്. വ്യാഴാഴ്ച രാവിലെ പത്ത് മുപ്പത് മുതല്‍ എറണാകുളം ക്രൗണ്‍ പ്ലാസയിലാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം. പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റുമാരായ മോഹന്‍ലാല്‍, ഗണേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. ദിലീപ് ആണ് ട്രഷറർ. എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ്–ആസിഫ് അലി, പൃഥ്വിരാജ്, നിവിന്‍ പോളി, രമ്യ നമ്പീശൻ, സിദ്ദിഖ്, ദേവൻ, കലാഭവൻ ഷാജോൺ, മണിയൻപിള്ളരാജു, കുക്കൂ പരമേശ്വരൻ, മുകേഷ്, നെടുമുടി വേണു.