നടി അക്രമിക്കപ്പെട്ട സംഭവം ശക്തമായി ഉന്നയിക്കും: രമ്യ നമ്പീശൻ

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താരസംഘടന 'അമ്മ'യുടെ നിർണായക വാർഷികയോഗം കൊച്ചിയിൽ. മുൻ നിലപാടിൽനിന്നു വ്യത്യസ്തമായി, നടി അക്രമിക്കപ്പെട്ട സംഭവം വാർ‌ഷിക യോഗത്തിൽ ചർച്ച ചെയ്യുമെന്നു അമ്മ ഭാരവാഹികൾ അറിയിച്ചു. നടൻ ദിലീപും യോഗത്തിൽ പങ്കെടുക്കും.

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പതിമൂന്നു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിനുശേഷം പുറത്തിറങ്ങിയ ദിലീപ് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബുധനാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിലും വിഷയം ചർച്ചയായെന്ന് ഇടവേള ബാബു പറഞ്ഞു. കൊച്ചിയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം മൂന്നു മണിക്കൂർ നീണ്ടു. എക്സിക്യൂട്ടീവ് അംഗമായ രമ്യ നമ്പീശന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ചെന്നൈയിലായതിനാല്‍ യോഗത്തിന് എത്തില്ലെന്നു രമ്യ അറിയിച്ചിരുന്നു. ആലുവയിൽ പൊലീസിനു മൊഴി നൽകുന്നതിനാൽ ദിലീപിനും പങ്കെടുക്കാനായില്ല. അതേസമയം, നടി അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി രമ്യ നമ്പീശൻ. നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ 'അമ്മ' യോഗത്തിൽ ശക്തമായി ചർച്ച ചെയ്യുമെന്നു രമ്യ പറഞ്ഞു. 

മമ്മൂട്ടി, മോഹ‍ൻലാൽ, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം എക്സിക്യുട്ടീവിൽ പങ്കെടുത്തു. നടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, താരങ്ങള്‍ക്കു പരസ്യമായി അഭിപ്രായം പറയുന്നതിനു വിലക്കില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ആരുടെയും വായ അടപ്പിക്കാനില്ല. നടി ആക്രമിക്കപ്പെട്ട സംഭവം അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ച ചെയ്യും. താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം ചര്‍ച്ച ചെയ്യുന്നില്ല. എക്സിക്യുട്ടീവ് യോഗം തുടങ്ങാന്‍ ദിലീപിനായി കാത്തിരിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞിരുന്നു.

∙ രമ്യ നമ്പീശൻ

നടി അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടി രമ്യ നമ്പീശൻ രംഗത്തെത്തി. നടി അക്രമിക്കപ്പെട്ട സംഭവം ഇന്നത്തെ 'അമ്മ' യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നു രമ്യ പറഞ്ഞു. വിമൻ ഇൻ സിനിമ കലക്ടീവ് രൂപീകരിക്കപ്പെട്ട ശേഷമുള്ള ആദ്യ അമ്മ യോഗമാണിത്. നടി അക്രമിക്കപ്പെട്ട സംഭവം സംഘടന ശക്തമായി ഉന്നയിക്കും. അമ്മയുടെ ഭാഗമാണു വിമൻ ഇൻ സിനിമ കലക്ടീവും. അമ്മ അംഗമായാണ് താൻ എത്തിയിട്ടുള്ളത്. വിമൻ ഇൻ സിനിമ കലക്ടീവ് ബദൽ സംഘടനയല്ല. സ്ത്രീനീതിക്കുവേണ്ടിയുള്ള കൂട്ടായ്മയാണ്. അമ്മയിൽ എല്ലാവരും ഒരുമിച്ചു വിഷയം ചർച്ച ചെയ്യും. നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യകരമായ ചർച്ച നടത്തി തീരുമാനമുണ്ടാകുമെന്നും രമ്യ പറഞ്ഞു.

ഗണേഷ് കുമാർ

ദിലീപ് അങ്ങനെ ചെയ്യില്ലെന്ന് ഞാൻ ആവർത്തിച്ച് പറയുന്നു. അമ്മയിലെ അംഗങ്ങളാണ് ഇരുവരും. അമ്മ സംഘടനയ്ക്ക് ഒരു കളങ്കവുമില്ല. പുതിയ വനിതാസംഘടന ഉണ്ടായതിലും സന്തോഷം. ഞാൻ ഇപ്പോഴും ആക്രമണത്തിന് ഇരയായ കുട്ടിയുടെ പക്ഷത്താണ്. ആ കുട്ടിയെ ഇനിയും മാധ്യമങ്ങളുടെ മുന്നിലേക്ക് വഴിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. ആ കുട്ടിക്ക് നീതി കിട്ടും.

നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ എഴുതിയ സലിം കുമാർ ഉൾപ്പടെയുള്ളവർ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യം അമ്മ ചർച്ചയിൽ ഉണ്ട്. ആ കുട്ടിയെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ ശാസിക്കും. അത് അമ്മയുടെ നിയമത്തിലും പറയുന്നുണ്ട്.

∙ ഇന്നസെന്റ്

കോടതിയിലിരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടു കാര്യമില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നും ഇന്നസെന്റ് നേരത്തെ പറഞ്ഞു. സിനിമയിൽ ക്രിമിനലുകള്‍ ഉള്ളതായി അറിയില്ല. നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവർക്കെതിരെ പറയാനില്ല. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം. അവർക്കൊപ്പം നിൽക്കില്ല. ആ കേസ് മര്യാദയ്ക്കു നടക്കുന്നതുകൊണ്ടാണല്ലോ ഒന്നിലേറെ പ്രതികളെ പിടിച്ച് അകത്തിട്ടിരിക്കുന്നത്. അന്വേഷണം ഭംഗിയായി നടക്കുന്നുണ്ട്. ആരൊക്കെയാണ് പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും തീരുമാനിക്കേണ്ടത് കോടതിയും പൊലീസുമാണ്. അന്വേഷണം നടക്കട്ടെ. കുറ്റം ചെയ്തത് ആരായാലും പിടിക്കപ്പെടണം. താൻ കുറ്റം ചെയ്തവരുടെ കൂടെ നിൽക്കുന്ന ഒരാളല്ല. സംഭവത്തിനു പിന്നിൽ ‍ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടത്തേണ്ടത് പൊലീസാണെന്നും ഇന്നസെന്റ് പറഞ്ഞു.