നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവ്: അറസ്റ്റ് ഉടനെന്ന് സൂചന

ആലുവ പൊലീസ് ക്ലബ്ബില്‍ മൊഴിനല്‍കിയതിനുശേഷം നടന്‍ ദിലീപും നാദിര്‍ഷായും പുറത്തിറങ്ങിയപ്പോള്‍

കൊച്ചി∙ യുവനടിയെ ഓടുന്ന വാഹനത്തിൽ അതിക്രമത്തിന് ഇരയാക്കിയ കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി (സുനിൽകുമാർ), നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുൻപ് നിരന്തരം വിളിച്ചിരുന്ന നാലു ഫോൺനമ്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിനു തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍നിന്നു ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്കു കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നവംബർ 23 മുതൽ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം.

അതേസമയം, വിളിച്ചതു താനല്ലെന്നും ദിലീപ് ആണെന്നും അപ്പുണ്ണി മൊഴി നൽകിയിട്ടുണ്ടെന്നാണു വിവരം. 26 ഫോൺ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതിൽനിന്നാണ് നാലു നമ്പറുകൾ കണ്ടെത്തിയത്. ഗൂഢാലോചനക്കാലത്ത് സുനി നിരന്തരം ബന്ധപ്പെട്ടത് അപ്പുണ്ണിയുടെ അടുപ്പക്കാരായവരുടെ നമ്പറുകളിലേക്കാണെന്നാണു കണ്ടെത്തൽ.

പൾസർ സുനി നേരിട്ട് ദിലീപിനെ ഫോൺ ചെയ്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്നത്. എന്നാൽ ദിലീപിനെ വിളിക്കാനായി മറ്റു നമ്പർ വഴി ശ്രമിക്കുകയായിരുന്നെന്നാണു സംശയം. അതേസമയം, ഈ നാലു നമ്പറുകൾ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നൽകിയിരിക്കുന്നത്. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട്, ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നവരുടെ മൊഴിയും എടുത്തേക്കും. പൾസർ സുനി, ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ എത്തിയതിന് തെളിവ് ലഭിച്ചതിനെ തുടർന്നാണിത്. ദിലീപിനൊപ്പം നിന്ന് ചിലർ പകർത്തിയ ‘സെൽഫി’കളിൽ പൾസർ സുനിയും യാദൃച്ഛികമായി ഉൾപ്പെട്ടിട്ടുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സെല്‍ഫിയിലുള്‍പ്പെട്ട ക്ലബ് ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

പള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സൗണ്ട് തോമ മുതലുള്ള സിനിമകളുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലഭിക്കുമോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സന്റെ രഹസ്യമൊഴിക്കായി പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ജിന്‍സന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയത്.

തൃശൂരിലെ കിണറ്റിങ്കൽ അക്കാദമിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ദിലീപിനൊപ്പം ജീവനക്കാർ എടുത്ത സെൽഫിയിലാണ് സുനിയുടെ സാന്നിധ്യം വ്യക്തമായത്. ചിത്രങ്ങൾ പുറത്തായതോടെ, സെൽഫിയിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരിൽനിന്ന് പൊലീസ് മൊഴിയെടുത്തതായി സൂചനയുണ്ട്. സെൽഫിയിൽ ദൂരെ മാറി നിൽക്കുന്ന സുനിയുടെ ചിത്രമാണ് പതിഞ്ഞത്.

ജോർജേട്ടൻസ് പൂരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി ഉണ്ടായിരുന്നുവെന്ന് നേരത്തെതന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം അന്വേഷണസംഘം ക്ലബിലെത്തി ജീവനക്കാരിൽനിന്ന് ഈ ചിത്രങ്ങൾ ശേഖരിച്ചത്. ജീവനക്കാരുടെ പ്രാഥമിക മൊഴിയും അങ്കമാലി പൊലീസ് രേഖപ്പെടുത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പൾസർ സുനി സിനിമാപ്രവർ‌ത്തകരുടെ സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നത്. എന്നാൽ, പൾസർ സുനിയെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ നിലപാട്.

അതേസമയം, നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ കൊച്ചി കാക്കനാട്ടുള്ള ഓഫിസിൽനിന്നും പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. നടി ആക്രമിക്കപ്പെടുന്നതിന് മുൻപുള്ള 10 ദിവസങ്ങളിലും, ശേഷമുള്ള 10 ദിവസങ്ങളിലെയും സിസിടിവി ദൃശ്യങ്ങളാണ് പരിശോധനയ്ക്കു വിധേയമാക്കുക. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ഈ സ്ഥാപനത്തിൽ ഏൽപ്പിച്ചതായി മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. ഇയാൾ ഇവിടെയെത്തിയിരുന്നോ എന്ന കാര്യം ഉറപ്പാക്കുന്നതിനാണ് പരിശോധന. 

കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്നാണ് പൊലീസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.  ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ നിർണായക യോഗം ചേർന്ന ശേഷമാണ് ഈ നീക്കം. ഇതുവരെ ലഭിച്ച തെളിവുകൾ കോർത്തിണക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞതോടെയാണു പൊലീസിന്റെ ഈ നടപടി. അന്വേഷണത്തിന് നേതൃത്വം നൽകുന്ന െഎജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കാൻ തീരുമാനിച്ചത്.

നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടർന്ന് അന്വേഷണത്തിനു നേതൃത്വം നൽകണമെന്നും ഡിജിപി നിർദേശം നൽകി. അന്വേഷണത്തിൽ ഏകോപനമില്ലെന്ന മുൻ ഡിജിപി ടി.പി.സെൻകുമാറിന്റെ വിമർശനം ശരിവച്ചാണു ബെഹ്റയുടെ നിർദേശം. അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.