വൈരാഗ്യമുള്ളത് ആ സ്ത്രീകളുടെ മനസ്സിൽ; ദിലീപിന്റെ ജാമ്യാപേക്ഷയുടെ പകർപ്പ്

പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അ‌ഭിഭാഷകനായ രാംകുമാര്‍ മുഖേന ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയുടെ പകര്‍പ്പ് പുറത്ത്. പത്താം നമ്പറായി നല്‍കിയിട്ടുള്ള സംഭവത്തെ ആദ്യ കുറ്റപത്രം നല്‍കിയതിന് ശേഷമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

ഒന്നാം നമ്പറായി പറഞ്ഞിട്ടുള്ള സംഭവം രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അസ്വാഭാവികമായ ബന്ധത്തെക്കുറിച്ചുള്ളതാണ്. നടിക്കെതിരെ വൈരാഗ്യമുള്ളത് ഈ സ്ത്രീകളുടെ മനസ്സിലാണ്, അല്ലാതെ കുറ്റാരോപിതനില്ല എന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യമില്ല. തെളിവുകള്‍ കെട്ടിച്ചമച്ചതും കൃത്രിമവുമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് കസ്റ്റഡി കാലാവധി തീരുന്നതുവരെ മാറ്റിവയ്ക്കുകയാണെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി അറിയിച്ചു. ദിലീപിനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഇന്നുതന്നെ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കുമെന്നാണു വിവരം. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.

20 വർഷം വരെ ശിക്ഷ കിട്ടാം; ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ:

∙ ഇന്ത്യൻ ശിക്ഷാ നിയമം

376 (ഡി) - കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം)

120 (ബി) - ഗൂഢാലോചന* (പീഡനത്തിനുള്ള അതേ ശിക്ഷ)

366 - തട്ടിക്കൊണ്ടുപോകൽ (10 വർഷം വരെ)

201 - തെളിവു നശിപ്പിക്കൽ (മൂന്നു മുതൽ ഏഴു വർഷം വരെ)

212 - പ്രതിയെ സംരക്ഷിക്കൽ (മൂന്നു വർഷം വരെ)

411- തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നു വർഷം)

506 - ഭീഷണി (രണ്ടു വർഷം വരെ)

342 - അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷം വരെ)

∙ ഐടി ആക്ട്

66 (ഇ) - സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും)

67 (എ)- ലൈംഗിക ചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)

(*ഗൂഢാലോചനക്കുറ്റം വിചാരണയിൽ തെളിയിക്കാൻ കഴിഞ്ഞാലേ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ)

ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അവതരിപ്പിച്ച ന്യായങ്ങൾ

നടി ആക്രമിക്കപ്പെട്ടതിന്‍റെ ഗൂഢാലോചന നടന്നതു കൊച്ചിയിലെയും തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ചു തെളിവെടുപ്പു നടത്തണമെന്ന നിലപാടിലാണു പൊലീസ്. കേസിനു പിന്നിലെ ഗൂഡാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.

അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യാപേക്ഷ. എന്നാൽ, ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയ പൊലീസ്, ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകളും കോടതിയിൽ ഹാജരാക്കി.

ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. ജനപ്രിയ നായകനെ വലിയ രീതിയിൽ പരിഹസിക്കുന്ന തരത്തിലാണ് തടിച്ചുകൂടിയ ജനങ്ങൾ മറുപടി നൽകിയത്. അതേസമയം, കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല.