ആദ്യം സ്വന്തമാക്കിയത് സ‌ുസുക്കി ബൈക്ക്; പിന്നീട് കോടീശ്വരനായ ബിസിനസ്സ് താരരാജാവ്

പതിനാറു വർഷം പഴക്കമുള്ള കാർ യാത്ര. കൊച്ചിയിൽ നിന്നു ചങ്ങനാശേരിയിലേക്കു പായുന്ന അംബാസഡർ കാറിനുള്ളിൽ സഹയാത്രികരായി ലോഹിതദാസും ദില‌ീപും. സംഭാഷണപ്രിയനായ ലോഹി ഒരുനിമിഷം പോലും കളയാതെ കാറിനേക്കാൾ വേഗത്തിൽ കഥ പറയുകയാണ്. 

ദിലീപ് ആകട്ടെ, നിശ്ശബ്ദന‌ാണ്. പക്ഷേ, അമ്പലങ്ങൾക്കും പള്ളികൾക്കും സമീപം കാർ എത്തുമ്പോൾ തലകുനിച്ചു വണങ്ങുന്നു.

‘ഒരു ദേവനെയും വെറുതെ വിടുന്നില്ലല്ലോ?’

ദിലീപ് തലകുനിച്ച് വണങ്ങ‌ിക്കൊണ്ട്: ‘നമ്മളായിട്ട് ആരെയും വേർതിരിച്ചു നിർത്തുന്നില്ല. നമുക്ക് എല്ലാവരും വേണം’

കാറിലാകെ പുഞ്ചിരി പടർന്നു. ചിരിവെളിച്ചത്തിൽ ലോഹിയോടൊരു ചോദ്യം: ‘എന്ത‌ുകൊണ്ടാണു ദില‌ീപിനെ, ‘സല്ലാപ’ത്തിൻ നായകനാക്കിയത്?’

‘നിങ്ങൾ ദില‌ീപ‌ിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിക്കേ, ഒരു മരപ്പണിക്കാരന്റെ ഛായയില്ലേ? വീണ്ട‌ും ചിരിയുടെ ലൈറ്റ് കത്തി.

‘ജോക്കറിൽ മറ്റൊരു നടനെയായിരുന്നു ലോഹി ഉദ്ദേശിച്ചതെന്നും അയാളെ വെട്ടി, നായകനാകാൻ ദില‌ീപ് ചില കളികൾ കളിച്ചെന്നും അതാണു ജോക്കറിലെ യഥാർഥ സർക്കസ് എന്നും കേട്ടല്ലോ?’

ചിരിയുടെ ബൾബ് അടിച്ചു പോയി. ദില‌ീപിന്റെ മുഖം മങ്ങി. നേർത്ത പുഞ്ചിരിയോടെ ലോഹി കുറച്ചുനേരം നിശബ്ദനായിരുന്നു.

‘അതേ, പരിഗണിച്ചിരുന്നു. പിന്നെ ദിലീപ് മതിയെന്നുവച്ചു.’

വലിയ വിശദീകരണങ്ങളില്ല, കഥയില്ല.

അപ്പോൾ, കാറിനുള്ളിൽ രണ്ടു ദിലീപ് ഉണ്ടെന്നു തോന്നി–സൗമ്യനായ പയ്യനും കൗശലക്കാരനായ കളിക്കാരനും.

‘ജോക്കർ’ ദിലീപ‌ിന്റെ സിനിമാവാഴ്ചയുടെ ആരംഭച‌ിത്രമായി പിന്നീട് നിരൂപകർ വിലയിരുത്തി.

സാഫല്യം

പേര്– ഗോപാലകൃഷ്ണൻ

ജന്മദിനം– 1968 ഒക്ടോബർ 27

നക്ഷത്രം– ഉത്രം

സ്വദേശം– ആലുവ, ദേശം

വിദ്യാഭ്യാസം– എംഎ–ചരിത്രം

എസ്എൻവി സദനത്തിലും, ആലുവ വിദ്യ‌ാധിരാജ വിദ്യാഭവനിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശരാശരി വിദ്യാർഥിയായിരുന്നു. (പക്ഷേ പിന്നീട്, ആലുവ വിദ്യാഭ്യാസ ഉപജില്ലയിൽ എട്ടാം ക്ലാസ് അർധ വാർഷിക ഇംഗ്ലിഷ് പരീക്ഷയ്ക്കു കുഞ്ഞിക്കൂനൻ, മീശ മാധവൻ എന്നീ ചിത്രങ്ങളിലെ ദിലീപിന്റെ പ്രകടനം വിലയിരുത്തുക എന്നൊരു ചോദ്യം ‌വന്നു. അതു വിവാദമാവുകയും കേസാവുകയും ചെയ്തു)

ആലുവ യുസി കോളജിലും എറണാകുളം മഹാരാജാസിലുമായിരുന്നു കോളജ് പഠനം. അവിടെയും സാധാരണ വിദ്യാർഥി. ജൂബയിട്ടു പുസ്തകം കയ്യിൽ പിടിച്ച്, സിനിമയിലെ ജേണലിസ്റ്റിന്റെ വേഷത്തിലായിരുന്നു ക്യാംപസിൽ വന്നിരുന്നത് – സഹപാഠികളിൽ ചിലർ ഒ‌ാർക്കുന്നത് ഈ വേഷത്തിന്റെ പേരിലാണ്.

‌യുസിയിൽ പഠിക്കുമ്പോൾ മിമിക്രി ഹരമായി. മിമിക്രി ഒരു കലാരൂപം പോലുമല്ല എന്നു കരുതുന്നവർ ഏറെയുള്ള കാലമായിരുന്നു അത്. സ്വന്തമായി സ്കിറ്റ് ചെയ്യാൻ മോഹിച്ചു – അതത്ര എളുപ്പമല്ലായിരുന്നു. അതിനാൽ കലാഭവന്റെ മിമിക്സ് പരേഡിൽ നിന്നു ചിലത് അടിച്ചുമാറ്റി അവതരിപ്പിച്ചു കയ്യടിവാങ്ങി. 

എറണാകുളത്തെ എല്ലാ റിലീസ് സിനിമകളും വിടാതെ കാണുമായിരുന്നു. പിന്നെ കൂട്ടുകാരുമായി സിനിമാ ചർച്ച. സിനിമയിൽ കയറണം എന്നായിരുന്നു മോഹം. ഇതിനുപറ്റിയ ഒരു ചവിട്ടുപടി അന്ന് ഉണ്ടായിരുന്നു – മ‌ിമിക്രി. അതാകട്ടെ ഗോപാലകൃഷ്ണനു വശമായിരുന്നു.

ആദ്യം കലാഭവൻ, പിന്നെ ഹരിശ്രീ, കൊച്ചിൻ സാഗർ. ദിവസം മൂന്നു പ്രോഗ്രാമുകൾ വരെയുള്ള തിരക്ക്. ക്ലാസ‌ിൽ കയറുന്നതു വല്ലപ്പോഴും. പക്ഷേ, സിനിമ പ‌ിടികൊടുക്കാതെ ന‌ിന്നു. ജയറാമിനെ പരിചയപ്പെട്ടതോടെ പിടിവള്ളിയായി. നടനാകാൻ ആഗ്രഹിച്ചപ്പോൾ, സംവിധായകനാകൂ എന്ന് ഉപദേശിച്ചു സംവിധായകൻ കമലിനെ ജയറാം പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ കമലിന്റെ അസിസ്റ്റന്റ് ആയി. പിന്നെ ഒരു സ‌ുസുക്കി ബൈക്കിന‌് ഉടമയായി.

ആഗ്രഹിച്ചതു പോലെ പിന്നെ നടനായി. ആദ്യചിത്രം –‘എന്നോ‍ട‌ിഷ്ടം കൂടാമോ’ ചെറിയ റോളായിരുന്നു. ‘ആ സിനിമ നാലഞ്ചു തവണ കണ്ടാലേ എന്നെ കാണാനാകൂ’ എന്ന് ദിലീപ് തന്നെ പറയുന്നത്ര ചെറുത്. സൈന്യം, മാനത്തെക്കൊട്ടാരം, സുദിനം, സാഗരം സാക്ഷി, സിന്ദൂരരേഖ – തുടങ്ങി 18 സിനിമകൾ. 1996ൽ നായകനായി സല്ലാപം വന്നു.

പിന്നെ, ഈ പുഴയും കടന്ന്, പഞ്ചാബി ഹൗസ്, ഉദയപുരം സുൽത്താൻ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, തെങ്കാശിപ്പട്ടണം, ഈ പറക്ക‌ുംതളിക, ഇഷ്ടം, കല്യാണരാമൻ, മീശമാധവൻ, കുഞ്ഞിക്കൂനൻ, വെള്ളരിപ്രാവിന്റെ ചങ്ങാതി.....

വിചിത്രമായി തോന്നാം, ജയറാമിന്റെ അതേ ഇടത്തിലാണു ദിലീപും മൽസരിച്ചത്. ഒരേ പ്രേക്ഷക സമൂഹം – സ്ത്രീകളും കുട്ടികളുമായിരുന്നു മുഖ്യ പ്രേക്ഷകർ. അവർക്കു മുൻപിൽ കുട്ടിക്കളികളും കുസ‌ൃതികളും കൊണ്ട് ഇരുവരും പേക്ഷകരെ ഇളക്കി മറിച്ചു. പിന്നെ പതുക്കെ ജയറാമിന്റെ ഇടം കൂടി ദിലീപിന്റെതായിത്തുടങ്ങി.

സ്വരൂപം

എണ്ണയാട്ട‌ായിര‌ുന്നു ദിലീപിന്റെ കുടുംബ ബിസിനസ്.അതത്ര മെച്ചമല്ലായിരുന്നു.പക്ഷേ, നാട്ടിൽ നല്ല പേരുള്ള കുടുംബമായിരുന്നു– അച്ഛൻ പത്മനാഭപിള്ള ആദരണീയനായ സ‌ാത്വീകനായിരുന്നു.അക്കാലത്തു നാട്ടുകാരുടെ പതിവു ഗോസിപ്പുകളിലൊന്നും കടന്നു വന്നില്ല ഈ കുടുംബം. 

പക്ഷേ ദിലീപ് സിനിമയിലെത്തിയതോടെ,അവരുടെ വാർത്തയും വർത്തമാനമായി.സുഖകരമല്ലാത്ത വാർത്തകള‌ിലും പിന്നെ ദിലീപ് നായകനായി– ഇതിലാദ്യം ഒരു കല്യാണക്കാര്യമായിരുന്നത്രേ. ഏതാണ്ടു ധാരണയായ വിവാഹത്തിൽ നിന്നു നായകൻ പിന്മാറ‌ിയതായിരുന്നു അത്.

കുടുംബത്ത‌ിനു മാത്രമല്ല നാട്ടുകാർക്കും ദിലീപ് നല്ല മേൽവിലാസമായിരുന്നു.വിജയക്കുതിപ്പിന്റെ തുടക്കത്തിൽ തന്നെ സിനിമയുടെ ബിസിനസ് ദിലീപ് ത‌ിരിച്ചറിഞ്ഞു.ഗ്രാൻഡ് പ്രൊഡക്ഷൻസിനു രൂപം നൽകി– സിഐഡി മൂസ നിർമിച്ചു,പിന്നെ കഥാവശേഷനും. 2008 ൽ ‘അമ്മ’യുടെ ട്വന്റി 20 നിർമിച്ചതും ഗ്രാൻഡാണ്. വിതരണം സ്വന്തം വിതരണക്കമ്പനിയായ മഞ്ചുനാഥയും.

ട്വന്റി 20 –കലക്‌ഷനിൽ റെക്കോർഡിട്ടു,പക്ഷേ അതിനേക്കാൾ പ്രധാനമായി മറ്റൊന്നു സ‌ംഭവിച്ചു–ദിലീപ് ഒരു സംഭവമാണെന്ന് അദ്ദേഹത്തിന്റെ അച്ഛനാകാൻ പ്രായമുള്ള സിനിമാപ്രവർത്തകരും സമ്മതിച്ചു.മലയാളവാണിജ്യസിനിമയിൽ ദിലീപിന്റെ അരിയിട്ടു വാഴ്ചയായിരുന്നു ഇത്.

ദിലീപ‌ിന്റെ വ്യക്തിപരമായ ബിസിനസ് ബുദ്ധിമാത്രമായിരുന്നില്ല ഇതിനു കാരണം. സിനിമാ നിർമാണ രംഗത്തു നിന്നു പരമ്പരാഗത നിർമാതാക്കളുടെ പിന്മാറ്റവും ഒന്നുരണ്ടു പടം നിർമിച്ചു മടങ്ങുന്ന ഭാഗ്യാന്വേഷികളുടെ സാന്നിധ്യവും സൃഷ്ടിച്ച അവസ്ഥയുടെ കാലമായിരുന്നു അത്. സിനിമാ വ്യവസ്യ‌ായം പ്രതിസന്ധിയിലേക്കു നീങ്ങുന്നുവെന്ന ബോധ്യം പരന്നു തുടങ്ങിയിരുന്നു

മുബൈയിൽ നിന്ന‌് അ‍ജ്ഞാതരായവർകൊണ്ടു വരുന്ന കള്ളപ്പണത്തിൽ കണ്ണെറിഞ്ഞു സിനിമയുക്കാൻ നഗരങ്ങളിലെ ലോഡ്ജ് മുറികളിൽ തമ്പടിച്ച ചെറുപ്പക്കാരുടെ കാലമായിരുന്നു. അതിനിടയിൽ ഏറ്റവും കരുത്തൻ ദിലീപാണെന്നു സിനിമലോകത്തെ പലരും കരുതി.

കര‌ുത്തനായിരുന്നു ദിലീപ്– അത്ര മികച്ച നടനല്ല, നായകന്റെ അഴകളവുകൾ ഇല്ല, സിനിമാകുടുംബത്തിൽ നിന്നു വന്നത‌ുമല്ല,എന്നിട്ടും ദിലീപ് പിടിച്ചു നിന്നത് ഏതാണ്ട് കാൽന‌ൂറ്റാണ്ടാണ്!

മറ്റൊരു നടനും കഴിയാത്ത അത്ഭുതം–

ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞു:

‘ എനിക്കു ഞാനൊരു അത്ഭുതമാണ്. എന്നെ നേരിട്ടുകാണുന്നതിൽ നിന്നു വളരെ വ്യത്യസ്തമായാണു സ്ക്രീനിൽ കാണുന്നത്’

–അതു തന്നെയാണ് ഇപ്പോൾ ചർച്ചയാകുന്നതും: സ്ക്രീനിൽ നായകൻ,ജീവിതത്തിൽ വില്ലനും.