Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌എന്തുകൊണ്ട് അജു വർഗീസ്; കിഷോര്‍ സത്യ ചോദിക്കുന്നു

kishore-dileep-2

ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസില്‍ നടന്‍ അജു വര്‍ഗീസ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ സംഭവത്തിൽ അജുവിന് പിന്തുണയുമായി നടൻ കിഷോർ സത്യ രംഗത്തെത്തി.

നടിയുടെ പേര് പരാമർശിച്ച സംഭവത്തില്‍ എന്തുകൊണ്ടാണ് അജുവിനെതിരെ മാത്രം കേസ് നല്‍കിയതെന്ന് മനസ്സിലാവുന്നില്ലെന്നും മറ്റുള്ളവര്‍ പേര് പരമാര്‍ശിച്ചത് താങ്കള്‍ മനഃപൂര്‍വ്വം മറന്നതാണോ അതോ അറിയാതെ പോവുകയാണോയെന്നും കിഷോര്‍ സത്യ ചോദിക്കുന്നു.

കിഷോര്‍ സത്യയുടെ കുറിപ്പ് വായിക്കാം–

ശ്രീ. ഗിരീഷ് ബാബു,

താങ്കളെ നേരിട്ട് പരിചയമില്ലാത്തതുകൊണ്ടും അജു വർഗീസുമായി പരിചയമുള്ളതുകൊണ്ടുമാണ് ഈ കുറിപ്പ്. താങ്കൾ കൊടുത്ത പരാതിയിലാണ് അജു വർഗീസിനെതിരെ കളമശേരി പൊലീസ് കേസ് എടുത്തത് എന്നാണ് മാധ്യമങ്ങൾ വഴി അറിഞ്ഞത്.

അജു വർഗീസ് എന്ന ചെറുപ്പക്കാരൻ ദുഷ്ടലാക്കോടെ ആ സഹോദരിയെ അപമാനിക്കാൻ വേണ്ടി മനഃപൂർവം അവരുടെ പേര് എഴുതി എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി എനിക്കില്ല . പ്രത്യുത ആ പെൺകുട്ടിക്ക് നീതി കിട്ടണം എന്ന് നിങ്ങളെയും എന്നെയും പോലെ ചിന്തിക്കുന്ന ഒരാൾ ആയി മാത്രമേ അജുവിനെ പറ്റി എനിക്ക് കരുതാനാവു.. തനിക്ക് പറ്റിയ തെറ്റ് മനസിലാക്കി അദ്ദേഹം അത് വൈകാതെ തിരുത്തുകയും ചെയ്തു. അതിലെ ആത്മാർത്ഥതയിൽ ആ സഹോദരിക്ക് പോലും സംശയം ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.

ആക്രമണ വാർത്ത വന്നപ്പോൾ തന്നെ കേരളത്തിലെ പല ചാനലുകളും ആ കുട്ടിയുടെ പേര് പറഞ്ഞു വാർത്തകൾ കൊടുത്തിരുന്നു. പിന്നീടാണ് അത് ഒഴിവാക്കിയത്. അതുപോലെ ചില സഹപ്രവർത്തകർ പിന്തുണ പ്രഖ്യാപിച്ചു ഇട്ട ഫേസ്ബുക് പോസ്റ്റുകളിലും പേര് പറയുകയും അജുവിനെ പോലെ തെറ്റ് മനസിലാക്കി തിരുത്തുകയും ചെയ്തു. 

ഇപ്പോൾ നടക്കുന്ന മാധ്യമ ചർച്ചകളിൽ പലരും അറിയാതെ പേര് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.അതൊന്നും ആ പെൺകുട്ടിയെ മനഃപൂർവം ദ്രോഹിക്കാൻ അല്ലെന്നും അബദ്ധത്തിൽ പറഞ്ഞു പോയത് ആണെന്നും തന്നെയാണ് എന്റെയും വിശ്വാസം. ചില മുൻനിര വാർത്താ അവതാരകർ, ഒരു മുതിർന്ന പത്രപ്രവർത്തകൻ, ഒരു വക്കീൽ, രണ്ട് ചലച്ചിത്ര സംവിധായകർ, ഒരു മുൻ കെ എസ് എഫ് ഡി സി ചെയർമാൻ തുടങ്ങിയവർ ആ സഹോദരിയുടെ പേര് പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ കാണാത്ത , കേൾക്കാത്ത നിരവധി ആളുകൾ ഇനിയുണ്ടാവാം.

പക്ഷെ എന്തുകൊണ്ടാണ് താങ്കൾ ഒരു അജു വർഗീസിനെതിരെ മാത്രം,കേസ് കൊടുത്തത് എന്ന് എനിക്ക് മനസിലാവുന്നില്ല. ഒന്നുകിൽ താങ്കൾ മറ്റുള്ളവർ പേര് പരാമർശിച്ചത് കാണാത്തതു കൊണ്ടാ അല്ലെങ്കിൽ മനഃപൂർവം കാണാതിരുന്നത് കൊണ്ടോ ആവാം. താങ്കൾ അത് കാണാഞ്ഞത് ആണെങ്കിൽ ഒരു പൊതു വിഷയത്തിൽ ഇടപെട്ടു കേസ് കൊടുത്ത ഒരു വ്യക്തി എന്ന നിലയിൽ അത് താങ്കളുടെ ഒരു വലിയ വീഴ്ചയാണ്.

ഈ വിഷയത്തിൽ താങ്കൾ സത്യസന്ധമായ ഒരു ഇടപെടൽ ആണ് നടത്തിയതെങ്കിൽ കുറേക്കൂടെ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അല്ലാത്തപക്ഷം അജു വർഗീസിനോടുള്ള എന്തെങ്കിലും കാരണത്താലുള്ള താങ്കളുടെ വ്യക്തി വിരോധമോ അഥവാ മറ്റെന്തെങ്കിലും സ്ഥാപിത താല്പര്യമോ ഇതിന് പിന്നിൽ ഉണ്ടാവാം എന്ന് എന്നെപ്പോലെയൊരാൾ അങ്ങയുടെ ഉദ്ദേശ ശുദ്ധിയിൽ സംശയിച്ചു പോയാൽ അത് തിരുത്താൻ ഉള്ള ബാധ്യതയും താങ്കൾക്കുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.