മേക്ക്ഓവറിൽ പ്രേക്ഷകരെ ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് അഭിനേതാവിന്റെ രൂപമാറ്റം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. അതൊരു വലിയ വെല്ലുവിളിയുമാണ്. അത് ഏറ്റെടുക്കാൻ തയ്യാറാകുന്നതും പരിപൂർണതയോടെ വേഷപ്പകർച്ചയ്ക്കു കഴിയുന്നതും ഒരു അഭിനേതാവിന്റെ വിജയമാണ്. കഥാപാത്രത്തിനായി ഏതറ്റം വരെയെും പോകാൻ തയ്യാറാണെന്ന് ഒരു താരം തെളിയിക്കുന്നതും അങ്ങനെ തന്നെ. ഇവിടെ ദാ ഉണ്ണി മുകുന്ദൻ നമുക്ക് കാണിച്ചു തരുന്നതും അങ്ങനെയൊരു അത്ഭുതമാണ്. 

ക്ലിന്റ് എന്ന ചിത്രത്തിനായി എഴുപതുകാരനായി മാറിയ ഉണ്ണി അക്ഷരാർഥത്തിൽ അമ്പരപ്പിക്കുകയാണ്. ചമയങ്ങളെങ്ങനെ ഒരു സിനിമയുടെ കാതലായ ഭാഗമാകുന്നുവെന്ന് ഉണ്ണി മുകുന്ദന്റെ ആ ഒരൊറ്റ നോട്ടത്തിൽ നമുക്ക് മനസിലാകും. 

സിനിമയ്ക്കായി ഗംഭീരമേക്ക്ഓവറാണ് താരം നടത്തിയിരിക്കുന്നതും. രൂപത്തിലും ഭാവത്തിലുമൊക്കെ തനി എഴുപതുകാരൻ. ജീവിതത്തിലെ രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ഉണ്ണി അവതരിപ്പിക്കുന്ന കഥാപാത്രം കടന്നുപോകുന്നത്. സിനിമയില്‍ മുപ്പത്തിയഞ്ചുകാരനായും അദ്ദേഹം എത്തുന്നു. 

ഏഴു വയസ്സിനുള്ളിൽ മുപ്പതിനായിരത്തോളം ചിത്രങ്ങൾ വരച്ച് അകാലത്തിൽ പൊലിഞ്ഞ ‌വിസ്മയ ബാലന്റെ കഥയാണ് ‘ക്ലിന്റ്’. സിനിമയുടെ സംവിധായകൻ ഹരികുമാറാണ്. ക്ലിന്റ് ആയി വെള്ളിത്തിരയിലെത്തുന്നതു തൃശൂർ സ്വദേശി മാസ്റ്റർ അലോക്. ക്ലിന്റിന്റെ അച്ഛനായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. റിമയാണ് ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മൂന്നു വർഷത്തോളം നീണ്ട അണിയറ ജോലികൾക്കൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി മാസം സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിനു ഹരികുമാറും കഥാകൃത്തും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ കെ.വി. മോഹന‍കുമാറും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

സലിം കുമാർ, കെപിഎസി ലളിത, ജോയ് മാത്യു, രഞ്ജി പണിക്കർ, വിനയ് ഫോർട്ട് എന്നിവർക്കൊപ്പം ബാലതാരങ്ങളായ അക്ഷര, രുദ്ര, നക്ഷത്ര, ദ്രുപത്, അമിത്, അമർ എന്നിവരും അഭിനയിക്കുന്നു. യഥാർഥ ക്ലിന്റിന്റെ മാതാപിതാക്കളായ മുല്ലപ്പറമ്പിൽ തോമസ് ജോസഫും ചിന്നമ്മയും സിനിമയുടെ ഒരു ഭാഗത്ത് അവരായി തന്നെ അഭിനയിക്കുണ്ട്. 

മധു അമ്പാട്ട്(ഛായാഗ്രഹണം), ഇളയരാജ(സംഗീതം), നേമം പുഷ്പരാജ്(കലാ സംവിധാനം), പ്രഭാവർമ(ഗാനരചന), പട്ടണം റഷീദ്(ചമയം), സമീറ സനീഷ് (വസ്ത്രാലങ്കാരം) എന്നിങ്ങനെ മലയാള സിനിമയിലെ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിരതന്നെ അണിനിരക്കുന്നു. ആഗസ്റ്റ് നാലിന് ചിത്രം തിയറ്ററുകളിലെത്തും.