Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവൾക്കൊപ്പം’ ജനങ്ങൾ ഏറ്റെടുക്കണമെന്ന് വനിതാ സംഘടന

wcc-dileep

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'അവള്‍ക്കൊപ്പം 'എന്ന ക്യാംപയിന്‍ പൊതു സമൂഹത്തോട് ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വിമൻ ഇന്‍ കലക്ടീവ്. ആക്രമണത്തിന് ഇരയായ ജനങ്ങൾ നൽകുന്ന അചഞ്ചലമായ പിന്തുണയാണ് ഈ ദുർഘട സന്ധിയിൽ തങ്ങളുടെ ഊർജമെന്നും ഇവർ പറയുന്നു.

വിമൻ ഇന്‍ കലക്ടീവിന്റെ കുറിപ്പ് വായിക്കാം–

തലശ്ശേരിയിൽ വെച്ചു നടന്ന അതി ഗംഭീരമായ ചടങ്ങിൽ മലയാള സിനിമയിലെ പ്രതിഭകൾ അവാർഡുകൾ സ്വീകരിച്ചു. അവാർഡ് വിതരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ എന്നും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങൾക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കി.

ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്ത ഈ ചടങ്ങിൽ, കുറച്ചു മാസങ്ങൾക്കു മുമ്പ് ആക്രമണത്തിനു വിധേയയായ ഞങ്ങളുടെ സഹപ്രവർത്തകയുടെ നീതിക്കായി കൂടെ നിൽക്കണമെന്ന് WCC ജനങ്ങളോട് അഭ്യർത്ഥിച്ചു.

അവാർഡ് വിതരണ ചടങ്ങു നടക്കുന്ന സ്റ്റേഡിയ കവാടത്തിൽ ഞങ്ങൾ പതിപ്പിച്ച ബോർഡിൽ അവൾക്കൊപ്പം ഉണ്ടെന്ന് അറിയിച്ചു കൊണ്ട് അവർ കയ്യൊപ്പുവെച്ചു! നാലു കവാടത്തിലെയും ബോർഡുകൾ നിമിഷങ്ങൾക്കകം കയ്യൊപ്പുകൾ കൊണ്ട് നിറഞ്ഞു .

നിലമ്പൂർ ആയിഷയാണ് അവൾക്കൊപ്പമെന്ന ക്യാംപയിൻ ഉദ്ഘാടനം ചെയ്തത്. ഈ വർഷത്തെ മികച്ച സംവിധാനത്തിനുള്ള അവാർഡ് ലഭിച്ച WCC അംഗം വിധു വിൻസെന്റ് തന്റെ മറുപടി പ്രസംഗത്തിൽ പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയുടെ പോരാട്ടത്തിനൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. തുടർന്ന് മറ്റൊരു WCC അംഗം നല്ല നടിക്കുള്ള 2013 ലെ അവാർഡ് ജേതാവായ റീമ കല്ലിങ്കൽ പ്രസ്തുത ചടങ്ങിൽ അവതരിപ്പിച്ച കലാപരിപാടിക്കൊടുവിൽ "അവൾക്കൊപ്പം " എന്ന പ്ലേക്കാർഡ് ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

അങ്ങിനെ വേദിക്കകവും പുറവും" അവൾക്കൊപ്പം " എന്ന ക്യാംപയിനിങ്ങിന് WCC വേദിയാക്കി. ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് ജനങ്ങൾ നൽകുന്ന അചഞ്ചലമായ, നിർലോഭമായ പിന്തുണയാണ് ഈ ദുർഘട സന്ധിയിൽ ഞങ്ങളുടെ ഊർജം. ഇരയുടെ നീതിക്കായി 'അവൾക്കൊപ്പം " എന്ന ക്യാംപയിൻ നിങ്ങൾ ഏറ്റെടുക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യണമെന്ന് WCC അഭ്യർത്ഥിക്കുന്നു.