ദിലീപിന്റെയും കാവ്യയുടെയും സുഹൃത്തായ യുവതിയെ ചോദ്യം ചെയ്യും

യുവനടിയെ ഉപദ്രവിച്ച കേസിൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യത്തിനു വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ജയിലിൽ അഭിഭാഷകർ ദിലീപുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. ദിലീപ്, ഭാര്യ കാവ്യ മാധവൻ എന്നിവരുടെ അടുത്ത സുഹൃത്തും ചലച്ചിത്ര പ്രവർത്തകയും ടിവി അവതാരകയുമായ യുവതിയെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. 

നടി ഉപദ്രവിക്കപ്പെട്ട ദിവസങ്ങളിൽ ഇവരുടെ നീക്കങ്ങളിൽ ആദ്യം മുതൽ പൊലീസിനു സംശയമുണ്ടായിരുന്നു. എന്നാൽ ദിലീപിനെയും കാവ്യയെയും ചോദ്യം ചെയ്യാതെ ഇവരെ ചോദ്യം ചെയ്തിട്ടു കാര്യമില്ലാത്ത സാഹചര്യത്തിലാണു ഇവരുടെ ചോദ്യം ചെയ്യലും വൈകിപ്പിച്ചത്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് രഹസ്യമായി പരിശോധിച്ചിരുന്നു.

ഇന്നലെ രാവിലെ പതിനൊന്നോടെ സബ് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ അഭിഭാഷകർ ദിലീപുമായി കൂടിക്കാഴ്ച നടത്തി. സംസാരം 20 മിനിറ്റ് നീണ്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുമെന്നു വാർത്ത വന്നിരുന്നു. 

എന്നാൽ, ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും ജാമ്യാപേക്ഷ നിരസിച്ചാൽ പുറത്തിറങ്ങൽ നീളുമെന്ന് അഭിപ്രായം ഉയർന്നു. അതുകൊണ്ടാണു ഹൈക്കോടതിയെ തന്നെ ഒരുവട്ടം കൂടി സമീപിക്കാൻ തീരുമാനിച്ചത്. അവിടെ ജാമ്യാപേക്ഷ തള്ളിയാൽ മാത്രമേ സുപ്രീ കോടതിയിൽ പോകൂ.  

ഹൈക്കോടതി ഉത്തരവുണ്ടായ തിങ്കളാഴ്ച ദിലീപിന്റെ സഹോദരൻ അനൂപും ഹോട്ടലുടമയായ സുഹൃത്തും ജയിലിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണു ദിലീപും അഭിഭാഷകരും തമ്മിൽ നേരിട്ടു കാണാൻ തീരുമാനിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെയും ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിർദേശത്തിനു വിരുദ്ധമായി ദിലീപിനെ കാണാൻ സുഹൃത്തിനു സബ് ജയിൽ അധികൃതർ അനുമതി നൽകിയതു വിവാദമായിട്ടുണ്ട്.