‘താങ്കളുടെ മകൾക്കിത് സംഭവിച്ചിരുന്നെങ്കിൽ ?’ ജോർജിനോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി.ജോർജ് എംഎൽഎ നടത്തിയ പ്രസ്താവനകളെല്ലാം വൻ വിവാദത്തിലാണ് ചെന്നെത്തിയത്. ആക്രമിക്കപ്പെട്ട നടിക്ക് എങ്ങനെയാണ് പിറ്റേ ദിവസം തന്നെ ഷൂട്ടിങിന് പോകാനായത് എന്ന പി.സി.ജോർജിന്റെ ചോദ്യം വലിയ വിമർശനമാണ് നേരിടുന്നത്. പ്രമുഖ ഡബ്ബിങ് ആർടിസ്റ്റായ ഭാഗ്യ ലക്ഷ്മി ചുട്ട മറുപടിയാണ് പി.സി.ജോർജിന് നൽകുന്നത്. തോക്കും ചൂണ്ടി നടക്കുന്ന റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്ന പി.സി.ജോർജിന് സ്ത്രീകളുടെ മാനത്തേയും അപമാനത്തേയും സംബന്ധിച്ച്  മനസിലാവില്ല. ഭാഗ്യ ലക്ഷ്മി കുറിച്ചു. ആക്രമിക്കപ്പെട്ട നടി തങ്ങളുടെ മകളാണെന്ന് പറഞ്ഞ അമ്മ സംഘടന മകളെ അപമാനിച്ച വ്യക്തിയ്ക്കെതിരെ നടപടിയെടുക്കുമോയെന്നും അവർ‌ ചോദിച്ചു. 

പി.സി ജോർജ് ആർക്കു വേണ്ടിയാണ് ഈ നാടകമൊക്കെ നടത്തുന്നതെന്ന് വ്യക്തമാക്കണം. ക്രൂരമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. സ്വന്തം പെൺമക്കൾക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ അവരെ പൂട്ടിയിടുമോ അതോ അതെല്ലാം നുണയാണെന്ന് പറയുമോ? സ്വന്തം നിലയ്ക്കു വന്നാലെ വേദനയെന്തെന്നറിയൂ. എന്നിങ്ങനെ തുടങ്ങി കുറിക്കുകൊള്ളുന്ന ഭാഷയിലാണ് ഭാഗ്യ ലക്ഷ്മി ഫെയ്സ്ബുക്കിൽ എഴുതിയത്.