റിമയ്ക്കെതിരെ കേസെടുത്തേക്കും?

യുവനടി കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേര് പരസ്യമായി വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുത്തേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശി അബ്ദുള്ള പൊലീസിൽ പരാതി നല്‍കിയെങ്കിലും റിമയ്ക്കെതിരെ പരാതിയില്ലെന്ന് ആക്രമിക്കപ്പെട്ട നടി കത്ത് നല്‍കിയതിനാൽ പൊലീസ് കേസെടുത്തിരുന്നില്ല. 

ഇതേ കുറ്റത്തിന് കേസിൽപ്പെട്ട നടൻ അജു വർഗീസ്, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങളാണു പൊലീസിനെ വെട്ടിലാക്കിയത്. ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം കുറ്റമല്ലാതാവില്ലെന്നായിരുന്നു കോടതിയുടെ പരാമർശം. അജു വർഗീസിനെതിരായ എഫ്ഐആറിനു സ്റ്റേ നൽകാൻ വിസമ്മതിച്ചുള്ള ഉത്തരവിലാണ് ഇരയ്ക്ക് പരാതിയില്ലെങ്കില്‍ കുറ്റം ഇല്ലാതാവില്ലെന്ന ഹൈക്കോടതിയുടെ പരാമർശം. ഇതോടെ, അതിക്രമത്തിന് ഇരയായ നടി കത്തു നൽകിയതിന്റെ പേരിൽ റിമയ്ക്കെതിരെ കേസെടുക്കാതിരുന്ന പൊലീസാണ് കുടുങ്ങിയത്. റിമ കല്ലിങ്കലിന്റെ കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നതിൽ പൊലീസ് നിയമോപദേശം തേടിയെന്നാണു വിവരം. 

ഈ വിഷയം രണ്ട് വ്യക്തികള്‍ തമ്മിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയച്ചു. കേസ് റദ്ദാക്കുന്നത് സംബന്ധിച്ച് പരാതിക്കാരോട് നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.ആക്രമണത്തിനിരയായ നടി പേരുവച്ചു പുറത്തിറക്കിയ വാർത്താക്കുറിപ്പ് അതേപടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ റിമ പങ്കുവച്ചിരുന്നു. നടിയുടെ പേര് ആ കുറിപ്പിന്റെ അവസാനം ഉണ്ടെന്നത് മറ്റുള്ളവര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നു റിമ പിന്നീടു നീക്കം ചെയ്തു.  സിനിമാമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന അംഗമാണ് റിമ.

അതിനിടെ  കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് െഹെക്കോടതിയിൽ ഹർജി നൽകി. എഫ്ഐആർ റദ്ദാക്കുന്നതിൽ തടസ്സമില്ലെന്ന നടിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പമുണ്ട്. എന്നാൽ, സാമൂഹിക പ്രസക്തി മാനിച്ചു കേസ് റദ്ദാക്കരുതെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 

വ്യക്തിക്കെതിരായ കേസ് എന്ന മട്ടിലല്ല, സമൂഹത്തിനെതിരായ കേസ് എന്ന നിലയ്ക്ക് അതു പരിഗണിക്കണമെന്നും റദ്ദാക്കിയാൽ സമൂഹത്തിലതു തെറ്റായ സന്ദേശം പകരുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. കേസ് പിന്നീടു പരിഗണിക്കാൻ മാറ്റി. നടിയെ പിന്തുണച്ചും സത്യം പുറത്തുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുമാണു താൻ പോസ്റ്റ് ഇട്ടതെന്ന് അജു വർഗീസിന്റെ ഹർജിയിൽ പറയുന്നു. പേരു വെളിപ്പെടുത്തരുതെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ നീക്കം ചെയ്തു ഖേദം പ്രകടിപ്പിച്ചെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

തങ്ങൾ ദീർഘകാല സുഹൃത്തുക്കളാണെന്നും അജു വർഗീസിന്റെ നടപടി ദുരുദ്ദേശ്യപരമല്ലെന്നും നടിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

നടിയുടെ പേര് പറഞ്ഞതിനെതിരെ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ കമല്‍ഹാസനെതിരെ കേന്ദ്ര വനിത കമ്മിഷൻ രംഗത്തു വന്നിരുന്നു. കമൽഹാസനെതിരെയും പൊലീസിൽ പരാതി കിട്ടിയിട്ടുണ്ട്. നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ സലിംകുമാർ, അജു വർഗീസ്, സജി നന്ത്യാട്ട്, ദിലീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.